ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ വില നിയന്ത്രണത്തിന് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ. പത്ത് ലക്ഷം മെട്രിക് ടൺ അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. പരിമിത കാലത്തേക്കാണ് തീരുവ രഹിത ഇറക്കുമതിക്ക് അനുമതി. രണ്ടു മാസത്തിനിടെ രാജ്യത്ത് പഞ്ചസാര വിലയിൽ വൻകുതിപ്പാണ് ഉണ്ടായത്. ഓണക്കാലത്ത് പഞ്ചസാര വില കിലോയ്ക്ക് 59 രൂപ വരെ ഉയർന്നിരുന്നു. കേന്ദ്രസർക്കാരിന്റെ എഥനോൾ നയവും വിലവർദ്ധനവിന് കാരണമായി വിലയിരുത്തുന്നു.
അതിനിടെ പാചകവാതകം ഏറ്റവും കുറഞ്ഞ നിരക്കിൽ ലോകത്ത് മറ്റൊരു രാജ്യവും വിൽക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. യുദ്ധത്തിന് മുമ്പ് നാല് അംഗങ്ങളുള്ള വീട്ടിൽ ഒരു ദിവസം കുറഞ്ഞത് 9 രൂപയുടെ പാചക വാതകമാണ് കത്തിച്ചിരുന്നതെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഇത്രയും കുറഞ്ഞ നിരക്കിൽ മറ്റൊരു ഉത്പന്നവും ലഭിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലയെ ഇന്ധന വില വർദ്ധന ദോഷകരമായി ബാധിച്ചില്ലേ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
വെളിച്ചെണ്ണ വില വർദ്ധിക്കുന്നതിൽ യുദ്ധത്തിനെ പെട്രോളിയം മന്ത്രാലയത്തിനോ പങ്കുണ്ടോ എന്നും സുരേഷ് ഗോപി ചോദിച്ചു. രാജ്യാന്തര വിപണിയിൽ ഏതു വിലയിലാണോ ക്രൂഡോയിൽ വാങ്ങുന്നത് അതിന് ആനുപാതികമായ നിരക്കിലാണ് ഇന്ധന വില നിശ്ചയിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |