
ന്യൂഡൽഹി: ജൂൺ 21ലെ നീറ്റ് യു.ജി പുനഃപരീക്ഷ കണക്കിലെടുത്ത് രാജ്യത്ത് ടെലിഗ്രാം മെസേജിംഗ് ആപ്പിന് 22 വരെ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നേരത്തെ അയച്ച സന്ദേശം ജൂൺ 30 വരെ എഡിറ്റ് ചെയ്യാനാവില്ല.
പരീക്ഷ നടത്തിപ്പുകാരായ ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ശുപാർശയിൽ കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വ്യാജ ചോദ്യപേപ്പർ മാഫിയ വിദ്യാർത്ഥികളെ കബളിപ്പിക്കുന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം.
ആപ്പിൽ സാധാരണ പോലെ സന്ദേശങ്ങൾ അയ്‌ക്കാം. മറ്റുള്ളവവരുടെ സന്ദേശങ്ങൾ വായിക്കാം. ടെലിഗ്രാം ഗ്രൂപ്പുകളും പ്രവർത്തിക്കും. എന്നാൽ പഴയ സന്ദേശങ്ങളോ അറ്റാച്ച്മെന്റുകളോ എഡിറ്റ് ചെയ്യാനാവില്ല. മാറ്റം അനിവാര്യമെങ്കിൽ വീണ്ടും പോസ്റ്റ് ചെയ്യണം.
വാട്ട്‌സ്ആപ്പ് പോലെ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാൽ തട്ടിപ്പുകാർ ടെലഗ്രാം ചാനലാണ് ഉപയോഗിക്കുന്നത്. അവർ പരീക്ഷ കഴിഞ്ഞ ശേഷം ടെലിഗ്രാമിലെ തങ്ങളുടെ പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്‌ത് ചോദ്യങ്ങൾ തിരുകിക്കയറ്റും. ചോദ്യപേപ്പർ ചോർന്നെന്ന പ്രതീതി സൃഷ്‌ടിക്കലാണ് ലക്ഷ്യം. ഈ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കും.
ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തൽ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയ്‌ക്കുള്ള പരിഹാരമല്ലെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പറഞ്ഞു. അതിനിടെ, 22 ലക്ഷം വിദ്യാർത്ഥികൾക്കായി നടത്തുന്ന നീറ്റ് യുജി പുന:പരീക്ഷ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സർവീസസ് ഡോ. മംഗള കോഹ്‌ലി സുപ്രീം കോടതിയെ സമീപിച്ചു. പരീക്ഷാ നടത്തിപ്പുകാരുടെ പിഴവിന് പരീക്ഷാർത്ഥികളെ ബുദ്ധിമുട്ടിക്കരുതെന്ന് ഹർജിയിൽ പറയുന്നു.
ചോദ്യങ്ങൾ
വീണ്ടും വില്പനയ്ക്ക്
പേപ്പർ ലീക്ക്ഡ് നീറ്റ്, പ്രൈവറ്റ് മാഫിയ, റീ-നീറ്റ് 2026, റീ നീറ്റ് മാഫിയ തുടങ്ങിയ ചില ടെലിഗ്രാം ചാനലുകളിൽ 'ചോർന്ന ചോദ്യപേപ്പർ' എന്ന തട്ടിപ്പ് കണ്ടെത്തിയിരുന്നു. രക്ഷിതാക്കളും വിദ്യാർത്ഥികളും ഇവർ ആവശ്യപ്പെടുന്ന 14,000 രൂപ മുതൽ 10ലക്ഷം രൂപവരെ പണം നൽകുന്നുണ്ടെന്നാണ് വിവരം. ചോദ്യപേപ്പർ സുരക്ഷിതമാണെന്നും തട്ടിപ്പ് വാഗ്‌ദാനങ്ങളിൽ വീഴരുതെന്നും എൻ.ടി.എ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |