
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന രാജ്യസഭാംഗം സുകേന്ദു ശേഖർ റോയ് പാർട്ടി അംഗത്വവും എംപി സ്ഥാനവും രാജിവച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ മമതാ ബാനർജിക്കും പാർട്ടിക്കും വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ഈ തീരുമാനം. ബംഗാളിൽ പാർട്ടിയിലെ ഒരു വിഭാഗം എംഎൽഎമാർ ഉയർത്തിയ വിമത നീക്കത്തെത്തുടർന്ന് തൃണമൂൽ കോൺഗ്രസ് കടുത്ത ആഭ്യന്തര പ്രതിസന്ധി നേരിടുന്നതിനിടെയാണ് സുകേന്ദുവിന്റെ അപ്രതീക്ഷിത നീക്കം.
തുടർച്ചയായ 15 വർഷത്തെ ഭരണത്തിന് ശേഷം ബംഗാളിലെ ജനങ്ങൾ തൃണമൂൽ കോൺഗ്രസിനെ കൈവിട്ടിരിക്കുകയാണ് എന്നാണ് സുകേന്ദു ശേഖർ റോയ് രാജിപ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അഴിമതി, സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ക്രമസമാധാന തകർച്ച എന്നിവയ്‌ക്ക് പുറമേ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിലെ ഭരണപരാജയവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ജനവിധി മാനിച്ചുകൊണ്ട് താൻ തൃണമൂൽ കോൺഗ്രസിൽ നിന്നും രാജ്യസഭയിൽ നിന്നും രാജിവയ്‌ക്കുകയാണെന്നും റോയ് വ്യക്തമാക്കി.
രാജിക്ക് ശേഷം അദ്ദേഹം ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. മറ്റൊരു പാർട്ടിയിൽ ചേരുമോ എന്ന ചോദ്യത്തിന്, താൻ 59 വർഷമായി രാഷ്‌ട്രീയത്തിലുണ്ടെന്നും അതുകൊണ്ട് തന്നെ ആത്മപരിശോധനകൾക്ക് ശേഷം ഉചിതമായ സമയത്ത് കൃത്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയതോടെ തൃണമൂൽ കോൺഗ്രസിൽ വലിയ ഭിന്നതയാണ് ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെച്ചൊല്ലിപ്പോലും കടുത്ത തർക്കം നേതാക്കൾക്കിടയിലുണ്ടായി. ബംഗാളിലെ ആഭ്യന്തര കലഹം എംപിമാർക്കിടയിലും വിള്ളലുണ്ടാക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പാർട്ടിയിലെ അഴിമതികൾ ചൂണ്ടിക്കാട്ടിയ മുതിർന്ന എംപി കാക്കോലി ഘോഷ് ദസ്‌തിദാർ നേരത്തേ പദവികളിൽ നിന്ന് ഒഴിഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |