
വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച വജ്രം കൈവശം സൂക്ഷിക്കാൻ താൽപ്പര്യമുണ്ടായിരുന്നുവെന്ന് മുൻ യുഎസ് പ്രഥമ വനിത ഡോ ജിൽ ബൈഡൻ. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ അതിന്റെ വില നിശ്ചയിച്ചത് കൂടുതലായതിനാൽ വജ്രം യുഎസ് സർക്കാരിന് നൽകാൻ നിർബന്ധിതയായെന്ന് ജിൽ ബൈഡൻ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തന്റെ 'വ്യൂ ഫ്രം ദി ഈസ്റ്റ് വിങ്: എ മെമ്മോയർ' എന്ന ഓർമ്മക്കുറിപ്പിലാണ് വൈറ്റ് ഹൗസിലെ ജീവിതത്തെ കുറിച്ചും വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ സംബന്ധിച്ച കർശനമായ നിയമങ്ങളെക്കുറിച്ചും ജിൽ ബൈഡൻ വെളിപ്പെടുത്തിയത്. 2023 ജൂണിൽ
പ്രധാനമന്ത്രി മോദി വാഷിംഗ്ടൺ സന്ദർശിച്ച വേളയിൽ സമ്മാനിച്ച 7.5 കാരറ്റിന്റെ സിന്തറ്റിക് (ലാബ് നിർമ്മിത) വജ്രത്തെക്കുറിച്ച് പുസ്തകത്തിൽ അവർ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
“ പൂക്കളോ വീഞ്ഞോ ഒക്കെയാണ് പൊതുവെ സമ്മാനമായി കിട്ടാറുള്ളത്. ചിലപ്പോൾ വലിയ സമ്മാനങ്ങളും ലഭിക്കും.അത്തരത്തിലൊന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക സന്ദർശനത്തിനിടെ എനിക്ക് തന്ന 7.5 കാരറ്റ് സിന്തറ്റിക് വജ്രം. ലാബ് നിർമ്മിത വജ്രങ്ങളുടെ ഉൽപ്പാദനത്തിൽ ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളുടെ പ്രതീകമായിരുന്നു അത്"- ജിൽ ബൈഡൻ കുറിച്ചു.
വജ്രം വളരെ മനോഹരമായിരുന്നുവെന്ന് പറഞ്ഞ അവർ എന്നാൽ ഈ സമ്മാനം പ്രഥമ വനിത എന്ന പദവിക്ക് ലഭിച്ചതായതിനാൽ അതിന്മേൽ തനിയ്ക്ക് വ്യക്തിപരമായ അവകാശമില്ലായിരുന്നെന്നും വ്യക്തമാക്കി. അത് പൂർണ്ണമായും ഫെഡറൽ ഗവൺമെന്റിന്റെ സ്വത്തായി മാറിയെന്നും ജിൽ ബൈഡൻ വെളിപ്പെടുത്തി.
വെറും 2,500 ഡോളർ (ഏകദേശം 2 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ചെലവിലാണ് ഇത് നിർമ്മിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. അതിന്റെ ബില്ലും അദ്ദേഹം കൈമാറിയിരുന്നു. അതുകൊണ്ട് തന്നെ അത് പണം കൊടുത്ത് വാങ്ങാമെന്ന് കരുതി. എന്നാൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഈ വജ്രം പരിശോധിച്ചപ്പോൾ കഥ മാറി. അവർ ഇതിന്റെ മൂല്യം 20,000 ഡോളർ (ഏകദേശം 16.6 ലക്ഷം രൂപ) ആയി നിശ്ചയിച്ചു. ഇത്രയും വലിയ തുക നൽകേണ്ടി വരുമെന്നതിനാൽ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ജിൽ ബൈഡൻ പറയുന്നു.
അതേസമയം, ഔദ്യോഗിക ചടങ്ങുകളിൽ ഉപയോഗിക്കാനായി ഈ വജ്രം താൽക്കാലികമായി കടം വാങ്ങാൻ അവർക്ക് അനുമതിയുണ്ട്. ജിൽ ഇത് ഒരു മോതിരത്തിൽ പതിപ്പിച്ച് ഔദ്യോഗിക പരിപാടികളിൽ ധരിക്കാറുണ്ടായിരുന്നു. എന്നാൽ വൈറ്റ് ഹൗസിലെ കാലാവധി കഴിഞ്ഞതോടെ ഈ മോതിരം അവർക്ക് തിരികെ നൽകേണ്ടി വന്നു. നിലവിൽ ഇത് മറ്റ് പ്രസിഡൻഷ്യൽ സമ്മാനങ്ങൾക്കൊപ്പം സർക്കാർ വെയർഹൗസിൽ സൂക്ഷിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |