
ന്യൂഡൽഹി: അഞ്ചുവർഷത്തെ നിയമപോരാട്ടങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ ഡൽഹിയിലെ കോടതി അവിചാരിതമായ ഒരു ഒത്തുചേരലിന് സാക്ഷിയായി. കോടതിയിൽ വിവാഹമോചനത്തിനായി എത്തിയതായിരുന്നു ശിഖയും ഭർത്താവ് സൗരവും. അഞ്ച് വർഷമായി ഇരുവരും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചിട്ട്. എന്നാൽ ഇത്തവണ പതിവിൽ നിന്ന് വ്യത്യസ്‌തമായി വിവാഹമോചനത്തിനുള്ള രേഖകൾ കീറിയെറിഞ്ഞ ശേഷം ഭർത്താവിനരികിലേക്ക് ഓടിച്ചെല്ലുകയായിരുന്നു ശിഖ.
2020 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വലിയ ആഘോഷങ്ങളോടെ ആരംഭിച്ച ജീവിതത്തിൽ താമസിയാതെതന്നെ കലഹങ്ങൾ ഉടലെടുത്തു. ഒടുവിൽ വിവാഹബന്ധം അവസാനിപ്പിക്കുന്നതിനായി അവർ കോടതിയെ സമീപിച്ചതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കേസ് വർഷങ്ങളോളം നീണ്ടു.
ഇത് ശിഖയുടെ കുടുംബത്തിന് വലിയ നഷ്ടം വരുത്തിവച്ചു. മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ശിഖയുടെ പിതാവിനെ മാനസികമായും സാമ്പത്തികമായും തളർത്തി. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതോടെ സ്ഥിതി കൂടുതൽ ദുഷ്‌കരമായി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതോടെ കുടുംബം അദ്ദേഹത്തെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ ഘട്ടത്തിലാണ് ശിഖയുടെ ഭർത്താവ് വിഷയത്തിൽ ഇടപെട്ടത്. കോടതിയിൽ ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലും സൗരവ് ശിഖയുടെ കുടുംബത്തെ സഹായിക്കാനായി എത്തി. ഭാര്യാപിതാവിന്റെ അവസ്ഥ അറിഞ്ഞെത്തിയ സൗരഭ് അദ്ദേഹത്തെ ഗുരുഗ്രാമിലെ കൂടുതൽ സൗകര്യങ്ങളുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിച്ചു. അവിടെ അദ്ദേഹത്തിന് സമയബന്ധിതമായ ചികിത്സ ലഭിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്‌തു. നിയമപോരാട്ടങ്ങൾക്കിടയിൽ നടന്ന ഈ സംഭവം ദമ്പതികൾ തമ്മിലുണ്ടായിരുന്ന അകലം കുറച്ചു.
അടുത്ത സിറ്റിംഗിനായി ഇരുവരും കോടതിയിലെത്തി. വിവാഹമോചനം വേണോയെന്ന കോടതിയുടെ ചോദ്യത്തിന് മുന്നിൽ സൗരവ് ശിഖയെനോക്കി പുഞ്ചിരിച്ചു. ഇതോടെ വികാരഭരിതയായ ശിഖ വിവാഹമോചനത്തിന്റെ രേഖകൾ കീറിയെറിഞ്ഞ ശേഷം ഭർത്താവിന്റെ അരികിലേക്ക് ഓടി. അതോടെ ഇരുവരുടെയും വിവാഹമോചനത്തിൽ വിധി വരാനിരുന്ന ദിവസം പുനഃസമാഗമത്തിനുള്ള ദിവസമായി മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |