SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.02 AM IST

അയ്യപ്പന്റെ യഥാർത്ഥ സ്ത്രീ ഭക്തർ വീട്ടിലിരിക്കുമെന്ന് ജസ്റ്റിസ് നാഗരത്ന

s

ന്യൂഡൽഹി: അയ്യപ്പനിൽ വിശ്വാസമുള്ള പത്തിനും 50നുമിടയ്‌ക്കു പ്രായമുള്ള യഥാർത്ഥ സ്ത്രീ ഭക്തർ ശബരിമലയിൽ പോകില്ലെന്നും വീട്ടിലിരിക്കുമെന്നും വാക്കാൽ നിരീക്ഷിച്ച് ജസ്റ്റിസ് ബി.വി. നാഗരത്ന. ശബരിമല യുവതീപ്രവേശനം അടക്കം വിശ്വാസ വിഷയങ്ങളിൽ സുപ്രീംകോടതി വാദം കേൾക്കവേയാണ് ബെഞ്ചിലെ ഏക വനിതാ ജ‌ഡ്‌ജിയുടെ അഭിപ്രായപ്രകടനം. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം 9 അംഗ ഭരണഘടനാ ബെഞ്ചിനു മുന്നിൽ ഇന്നലെ ആരംഭിച്ചപ്പോൾ, ബിന്ദു അമ്മിണി, കനക ദുർഗ എന്നിവർക്കു വേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ഹാജരായി. 2018ൽ യുവതീപ്രവേശനം അനുവദിച്ച വിധി വന്നതിനു പിന്നാലെ ശബരിമല ദർശനം നടത്തിയവരാണിവർ. ഇരുവരും അയ്യപ്പ ഭക്തരാണോയെന്ന് ജസ്റ്റിസ് നാഗരത്ന ആരാഞ്ഞു. ഇതിനുമുൻപ് അവിടെ പോയിട്ടുണ്ടോയെന്ന ചോദ്യത്തിന്,​ ബിന്ദു അമ്മിണി 11ാം വയസിൽ മാതാവിനൊപ്പം പോയിട്ടുണ്ടെന്ന് അഭിഭാഷക മറുപടി നൽകി. 40 വയസുള്ളപ്പോഴാണ് ശബരിമല ക്ഷേത്രദർശനം നടത്തിയതെന്നും വ്യക്തമാക്കി. 11നും 40നും ഇടയ്‌ക്ക് എന്തുചെയ്യുകയായിരുന്നുവെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ തിരിച്ചു ചോദിച്ചു. അഭിഭാഷകയായ അവർ വിധി വന്നതിനു പിന്നാലെ അവിടെ പോയെന്ന് മറുപടി. പെട്ടെന്ന് ബോധോദയമുണ്ടായതാണോയെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ ആരാഞ്ഞപ്പോൾ,​സുപ്രീംകോടതി വിധികൾ വരുമ്പോൾ നമ്മൾ എല്ലാവരും ഉണരുമെന്ന് അഭിഭാഷക പ്രതികരിച്ചു. ഭക്തയല്ലാത്തൊരാൾ വിധിയുണ്ടെന്ന പേരിൽ പോകുന്നുവെന്ന് നാഗരത്ന ചൂണ്ടിക്കാട്ടി. സാമൂഹികപരിഷ്‌ക്കരണത്തിന്റെ പേരിൽ ഒരു മതത്തെ പൂർണമായി ഇല്ലാതാക്കാൻ കഴിയില്ല. അവിശ്വാസിക്കും ഭക്തനല്ലാത്ത വ്യക്തിക്കും മതപരമായ വിഷയങ്ങളിൽ ഒന്നും ചെയ്യാനില്ല. ഹിന്ദുസമുദായാംഗങ്ങൾ ജനനമോ മരണമോ നടന്നാൽ ക്ഷേത്രത്തിൽ പോകാറില്ല. ആ സമയത്ത് പോകണമെന്ന് പറഞ്ഞ് ഹ‌ർജി ഫയൽ ചെയ്യാൻ കഴിയുമോയെന്നും ചോദിച്ചു.

തൊട്ടുകൂട്ടായ്‌മയാണ്

ഭരണഘടന നിരോധിച്ച തൊട്ടുകൂടായ്‌മയുടെ രൂപമാണ് ശബരിമലയിലെ ആചാരമെന്ന് ബിന്ദു അമ്മിണിയുടെയും കനക ദുർഗയുടെയും അഭിഭാഷക വാദിച്ചു. ബിന്ദു അമ്മിണി ദർശനം നടത്തിയതിനു പിന്നാലെ ക്ഷേത്രം ശുദ്ധിവരുത്തി. ശബരിമലയിൽ സ്ത്രീകൾക്ക് പൂർണമായ വിലക്കില്ലെന്നും 10 മുതൽ 50 വയസു വരെയുള്ളവർക്കാണ് നിയന്ത്രണമെന്നും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി പറഞ്ഞു. വാദംകേൾക്കൽ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച അഭിഭാഷകനെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശാസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360