SignIn
Kerala Kaumudi Online
Tuesday, 26 May 2026 12.46 AM IST

മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയില്ല; വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

lok-sabha

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേഗദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടാതിരുന്നതോടെയാണ് ബില്‍ ലോക്‌സഭ കടക്കാതെ പരാജയപ്പെട്ടത്. ഭേദഗതി വോട്ടെടുപ്പിനിട്ടപ്പോള്‍ 278 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാല്‍ 211 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ഇതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പരാജയപ്പെട്ടത്.

489 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 326 വോട്ടുകളായിരുന്നു മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. എന്നാല്‍ ഇതില്‍ നിന്ന് 48 വോട്ടുകള്‍ കുറവാണ് അനുകൂലിച്ചവരുടെ എണ്ണമായ 278. ഇന്ത്യ മുന്നണിയിലെ എല്ലാം എംപിമാരും ബില്ലിനെ എതിര്‍ക്കുന്നുവെന്ന് അമിത് ഷാ നേരത്തെ മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും കോണ്‍ഗ്രസ് വനിതാ സംവരണത്തെ എതിര്‍ക്കുന്നുവെന്നും ഷാ കുറ്റപ്പെടുത്തി.


പ്രതിപക്ഷം എതിര്‍ക്കുന്നത് വനിതാ സംവരണത്തെയല്ല, മറിച്ച് അത് നടപ്പിലാക്കുന്നതിനെയാണെന്നും അമിത് ഷാ പറഞ്ഞു. 2029 മുതല്‍ വനിതാ സംവരണം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മണ്ഡല പുനര്‍നിര്‍ണയത്തെ എതിര്‍ക്കുന്നവര്‍ പട്ടികജാതി പട്ടികവര്‍ഗ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനേയും എതിര്‍ക്കുകയാണ്. ലോക്‌സഭ സീറ്റുകള്‍ കൂടുമ്പോള്‍ സംവരണ സീറ്റുകള്‍ കൂടും.


വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയവും ലക്ഷ്യമിടുന്നത് 2029 ഓടെ ജനസംഖ്യയുടെ 50 ശതമാനത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാനാണ്. ഒരു എംപിക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമാണ് ഓരോ മണ്ഡലങ്ങളിലും നിലവിലെ ജനസംഖ്യയെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ക്കണ്ടുള്ളതാണ് ബിജെപിയുടെ നീക്കമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, LOKSABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360