
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിൽ നടന്ന വൻക്കൊള്ളയെ തുടർന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും സംഭാവന തട്ടിപ്പിൽ ആരോപണ നിഴലിലായ ട്രസ്റ്ര് അംഗം അനിൽ മിശ്രയും രാജിവച്ചു. ഇരുവരിൽ നിന്നും രാജിക്കത്ത് എഴുതി വാങ്ങിയെന്നാണ് വിവരം.
അറസ്റ്റിലായ എട്ടു ജീവനക്കാരെയും ഇന്നലെ മണിക്കൂറുകൾ ചോദ്യം ചെയ്തു. ചമ്പത് റായ്,അനിൽ മിശ്ര,ക്ഷേത്ര നിർമ്മാണത്തിന്റെ ചുമതല വഹിച്ച ഗോപാൽ റായ് തുടങ്ങിയവരുടെ പങ്കിനെക്കുറിച്ച് പ്രതികൾ വിവരങ്ങൾ നൽകിയെന്നാണ് സൂചന. എട്ട് പേരെയും അയോദ്ധ്യയിലെ പ്രത്യേക കോടതി തിങ്കളാഴ്ച വരെ ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. 79 ലക്ഷത്തിൽപ്പരം രൂപ അന്വേഷണ സംഘം പിടിച്ചെടുത്തുവെന്നാണ് വിവരം. ലവ്കുശ് മിശ്ര, മനീഷ് കുമാർ യാദവ്, അവിനാശ് ശുക്ല എന്നിവരുടെയടക്കം വീടുകളിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ കണ്ടെടുത്തത്. പിടിയിലായവരിൽ ഏറെയും സംഭാവന എണ്ണിത്തിട്ടപ്പെടുത്തിയിരുന്നവരാണ്. പ്രതി രാം ശങ്കർ യാദവാണ് കാണിക്കപ്പെട്ടികളുടെ താക്കോൽ സൂക്ഷിച്ചിരുന്നത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയിഡിൽ വൻ സ്വർണാഭരണശേഖരം കണ്ടെടുത്തിരുന്നു. 2024 -25 കാലത്ത് മാത്രം 327 കോടി രൂപയാണ് ട്രസ്റ്റിലേക്ക് ഒഴുകിയെത്തിയത്. പുറമെ കോടിക്കണക്കിന് രൂപയുടെ സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളടക്കം സംഭാവനയായി ലഭിച്ചിരുന്നു.
വെറുതെ വിടില്ല:
യോഗി ആദിത്യനാഥ്
എസ്.ഐ.ടിയുടെ ഇടക്കാല റിപ്പോർട്ട് ലഭിച്ചയുടൻ കുറ്റക്കാർക്കെതിരെ നടപടിക്ക് തുടക്കമിട്ടിരുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഉത്തരവാദികളെ വെറുതെ വിടില്ലെന്നും ആദ്ദേഹം പറഞ്ഞു.ചമ്പത് റായ് അടക്കം ഉന്നതരെ അറസ്റ്റ് ചെയ്യാത്തതിനെ സമാജ്വാദി പാർട്ടിയും ആംആദ്മി പാർട്ടിയും ചോദ്യം ചെയ്തു. അറസ്റ്റുകൾ കണ്ണിൽ പൊടിയിടാനാണെന്നും പറഞ്ഞു. ബി.ജെ.പിയും ആർ.എസ്.എസും ഭക്തരുടെ കാണിക്കപ്പണം കൊള്ളയടിച്ചെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |