SignIn
Kerala Kaumudi Online
Saturday, 16 May 2026 12.22 AM IST

ഉര്‍വിലിന്റെ ഉഗ്രന്‍ ഇന്നിംഗ്‌സ് തുണയായി; സിഎസ്‌കെയ്ക്ക് അഞ്ച് വിക്കറ്റ് ജയം

csk-won

ചെന്നൈ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. യുവതാരം ഉര്‍വില്‍ പട്ടേലിന്റെ മിന്നും അര്‍ദ്ധ സെഞ്ച്വറി 65(23) ആണ് ചെന്നൈയുടെ ജയം എളുപ്പമാക്കിയത്. തുടര്‍ച്ചയായി മൂന്നാം ജയത്തോടെ ചെന്നൈയുടെ ആകെ സമ്പാദ്യം 11 കളികളില്‍ നിന്ന് 12 പോയിന്റ് ആയി.

ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍ 28(14), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 42(28) റണ്‍സ് വീതം നേടി. മൂന്നാമനായി എത്തിയ ഉര്‍വില്‍ ഐപിഎല്ലില്‍ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി എന്ന നേട്ടത്തിന് ഒപ്പമെത്തി. 13 പന്തുകളില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട താരം എട്ട് സിക്‌സറുകളും രണ്ട് ബൗണ്ടറിയും നേടിയ ശേഷമാണ് പുറത്തായത്. കാര്‍ത്തിക് ശര്‍മ്മ 20(20), ഡിവാള്‍ഡ് ബ്രെവിസ് 10(12) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സ്‌കോറുകള്‍.

ശിവം ദൂബെ 15*(7), ഇംപാക്ട് സബ് പ്രശാന്ത് വീര്‍ 18*(12) എന്നിവര്‍ പുറത്താകാതെ നിന്നു. ലക്‌നൗവിനായി ദിഗ്‌വേഷ് രാത്തി, ഷാബാസ് അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ആവേശ് ഖാന് ഒരു വിക്കറ്റ് ലഭിച്ചു. ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസ് 85(33) ആണ് ടോപ് സ്‌കോറര്‍. പത്ത് ഫോറും ആറ് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ മുന്‍നിരയിലോ മദ്ധ്യനിരയിലോ ആരും കാര്യമായ പിന്തുണ നല്‍കാനില്ലാത്തത് എല്‍എസ്ജിക്ക് തിരിച്ചടിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, CSK WON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360