
മുംബയ്: മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററും ആന്ധ്രാപ്രദേശ് താരവുമായ കെ.എസ്. ഭരത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 32-ാം വയസിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നത്. ഇന്ത്യക്കായി ഏഴ് ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഭരത് വിരമിക്കൽ വാർത്ത അറിയിച്ചത്. ഇനിയുള്ള കാലം യുവതാരങ്ങളെ വാർത്തെടുക്കുന്നതിലും മെന്ററിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് താരം വ്യക്തമാക്കി.
2014-15 രഞ്ജി ട്രോഫി സീസണിൽ ഗോവയ്‌ക്കെതിരെ ഒംഗോളിൽ ആന്ധ്രയ്ക്ക് വേണ്ടി 311 പന്തിൽ 308 റൺസ് അടിച്ചുകൂട്ടിയിരുന്നു. രഞ്ജി ട്രോഫി ചരിത്രത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കാഡ് സ്വന്തമാക്കി. 2023 ഫെബ്രുവരിയിൽ നാഗ്പൂരിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള ബോർഡർഗാവസ്‌കർ- ട്രോഫിയിലൂടെയാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. 2024 ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരമാണ് അവസാനത്തേത്. 2026 ഐപിഎൽ സീസണിലെ താരലേലത്തിൽ ഭരതിനെ ആരും വാങ്ങിയില്ല. ഇതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.
ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു തുടങ്ങിയ ടീമുകളിൽ കളിച്ചിട്ടുണ്ട്. 2023 ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിലും 2024ൽ കെകെആർ ടീമിലും അംഗമായിരുന്നെങ്കിലും പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല.
'അഭിമാനത്തോടെ ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നം വിരമിക്കൽ പ്രഖ്യാപിക്കുന്നു. രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. നാലംഗങ്ങളുള്ള ഞങ്ങളുടെ കുടുംബത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഞങ്ങൾ എല്ലാവരും ഒരേ സ്വപ്നവുമായാണ് ജീവിച്ചത്. എനിക്ക് പിന്തുണ നൽകിയ എന്റെ അമ്മയ്ക്കും അച്ഛനും സഹോദരിക്കും നന്ദി. അവരുടെ സ്‌നേഹത്തിന്റെയും അച്ചടക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഇന്നത്തെ ഞാൻ.'- ഭരത് കുറിച്ചു. തന്റെ കഴിവുകൾ തെളിയിക്കാനും ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെടാനും അവസരം നൽകിയ സൂപ്പർ താരങ്ങളോട് ഭരത് നന്ദി അറിയിച്ചു. വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ, മുൻ പരീശീലകൻ രാഹുൽ ദ്രാവിഡ് എന്നിവരോട് പ്രത്യേകം നന്ദി രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |