SignIn
Kerala Kaumudi Online
Friday, 05 June 2026 9.54 PM IST

സച്ചിനും ഗാംഗുലിയും ദ്രാവിഡും എത്ര പറഞ്ഞിട്ടും അതിന് തയ്യാറായില്ല; വെളിപ്പെടുത്തലുമായി ലളിത് മോദി

READ ENGLISH VERSION
indian-cricket

ലണ്ടന്‍: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് ത്രയം. മൂവര്‍ സംഘത്തെക്കുറിച്ച് വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ലളിത് മോദി ഇപ്പോള്‍. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ മൂവരേയും സമീപിച്ചുവെങ്കിലും ഒരാള്‍ പോലും വഴങ്ങിയില്ലെന്നാണ് ലളിത് മോദി പറയുന്നത്. ട്വന്റി 20 ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ടില്‍ പര്യടനം നടന്നപ്പോഴാണ് സംഭവമെന്നും ലളിത് പറയുന്നു.

ആ വര്‍ഷം സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കേണ്ട ട്വന്റി 20 ലോകകപ്പില്‍ കളിക്കണമെന്ന് മൂന്ന് സീനിയര്‍ താരങ്ങളോടും ഒരുപോലെ ആവശ്യപ്പെട്ടു. എന്നാല്‍ അവരാരും തന്നെ അതിന് തയ്യാറായില്ല. ദീര്‍ഘമായ ഒരു പരമ്പരയ്ക്ക് ശേഷം പുതിയൊരു പരീക്ഷണമായ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവര്‍ തയ്യാറായില്ല. നിങ്ങള്‍ തമാശ പറയുകയാണോ ലളിത്, ഇതൊരു സ്റ്റുപിഡ് ഫോര്‍മാറ്റ് ആണെന്ന് പോലും താരങ്ങള്‍ അഭിപ്രായപ്പെട്ടുവെന്നും ലളിത് വെളിപ്പെടുത്തി.

തങ്ങള്‍ ദീര്‍ഘമായ പരമ്പര കഴിഞ്ഞ് ക്ഷീണിതരാണെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വിശ്രമിക്കാനും ആഗ്രഹിക്കുന്നു എന്നാണ് സീനിയര്‍ താരങ്ങള്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാം നിര ടീമിനെയാണ് എംഎസ് ധോണിയുടെ കീഴില്‍ ഇന്ത്യ ലോകകപ്പിന് അയച്ചത്. എന്നാല്‍ ഇന്ന് ട്വന്റി 20 ലോകകപ്പില്‍ കളിക്കുന്നില്ല എന്ന് പറയാന്‍ ഏതെങ്കിലും സീനിയര്‍ താരം തയ്യാറാകുമേയെന്നും ലളിത് മോദി ചോദിക്കുന്നു.

മികച്ച പ്രകടനങ്ങള്‍ക്ക് പ്രത്യേക പാരിതോഷികം എന്ന ഓഫര്‍ മുന്നോട്ട് വെച്ചിട്ട് പോലും താരങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറായില്ല. ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗ് ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തിയതിന് ശേഷമാണ് ഇന്ത്യയില്‍ ടൂര്‍ണമെന്റിന് ടി.വി റേറ്റിംഗ് പോലും വര്‍ദ്ധിച്ചതെന്നും ലളിത് മോദി പറയുന്നു. എന്നാല്‍ ട്വന്റി 20 ക്രിക്കറ്റ് സൂപ്പര്‍ ഹിറ്റ് ആയി മാറുമെന്ന് തനിക്ക് അപ്പോള്‍ തന്നെ ഉറപ്പായിരുന്നുവെന്നും ലളിത് മോദി പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360