SignIn
Kerala Kaumudi Online
Sunday, 06 September 2026 12.40 PM IST

ഷഫാലിക്കെതിരെ പാക്‌ താരത്തിന്റെ വിക്കറ്റാഘോഷം; രൂക്ഷമായി വിമർശിച്ച് ആരാധകർ

fatima-sana
ഫാത്തിമ സന, ഷഫാലി വർമ്മ

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ വനിതാ ഏഷ്യാ കപ്പ് പോരാട്ടത്തിനിടയിലെ പാക് ക്യാപ്‌റ്റൻ ഫാത്തിമ സനയുടെ വിക്കറ്റാഘോഷത്തിന് രൂക്ഷവിമർശനം. ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ്മയുടെ വിക്കറ്റ് നേടിയതിനുപിന്നാലെ താരത്തിനോട് പുറത്തുപോകാനായി ആംഗ്യം കാണിക്കുന്ന തരത്തിലുള്ള പാക്‌ താരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പാക്‌ താരത്തിനെതിരെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയത്.

ഇന്ത്യയുടെ ചേസിംഗിനിടെ കിടിലൻ തുടക്കമാണ് ഷഫാലി നേടിയതെങ്കിലും ആറ് പന്തിൽ 12 റൺസെടുത്ത താരത്തിന് അധികനേരം ക്രീസിൽ തുടരാനായില്ല. ലെഗ് സൈഡിലേക്ക് കളിക്കാനുള്ള ശ്രമത്തിനിടെ ഷഫാലിയുടെ ബാറ്റിൽ തട്ടിയ പന്തുയർന്ന് നേരെ ഫാത്തിമ സനയുടെ കൈകളിലെത്തി. വിക്കറ്റ് നേടിയെന്നുറപ്പിച്ചതിനുപിന്നാലെ ഫാത്തിമ ഷഫാലിക്ക് പുറത്തേക്കുള്ള വഴി കാണിക്കുന്ന തരത്തിൽ ആംഗ്യം കാണിക്കുകയായിരുന്നു. മത്സരത്തിൽ വളരെ പെട്ടെന്ന് പരാജയപ്പെട്ടിട്ടും എങ്ങനെയാണ് പാക് താരത്തിന് ഇത്തരത്തിലൊരു പ്രകടനം നടത്താനാകുന്നതെന്നാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്.

അതേസമയം, മത്സരത്തിൽ പാകിസ്ഥാന്റെ ബാറ്റിംഗ് തകർച്ചയാണ് ഇന്ത്യൻ ആരാധകരെ ആവേശത്തിലെത്തിച്ചത്. വിക്കറ്റ് നഷ്‌ടമില്ലാതെ 27 റൺസ് എന്ന നിലയിലായിരുന്ന പാകിസ്ഥാന് പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്‌ടമായി. മുനീബ അലി 13 റൺസും ഷവാൽ സുൽഫിക്കർ 14 റൺസും നേടിയെങ്കിലും ഇന്ത്യൻ സ്‌പിന്നർമാർ പാകിസ്ഥാൻ ബാറ്റിംഗ് നിരയെ തകർക്കുന്നതാണ് ആരാധകർ കണ്ടത്.

ശ്രീ ചരണിയും പ്രേമ റാവത്തും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ദീപ്‌തി ശർമ്മ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഇതോടെ പാകിസ്ഥാൻ 55 റൺസിന് ഓൾഔട്ടായി. വനിതാ ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റിലെ പാകിസ്ഥാന്റെ ഏറ്റവും കുറഞ്ഞ ടീം സ്‌കോറിംഗാണിത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് 56 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. ഫാത്തിമ സന മൂന്ന് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും ഇന്ത്യ 8.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ ഇന്ത്യ ഏഴ് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി.

English Summary

Fatima Sana’s celebration after dismissing Shafali Verma drew criticism from fans as India secured a seven-wicket win over Pakistan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FATIMA SANA, WICKET CELEBRATION AGAINST SHAFALI VERMA, CRITICISM AGAINST FATIMA SANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360