SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.01 AM IST

എലിമിനേറ്റര്‍ ജയിച്ച് രാജസ്ഥാന്‍, കൂറ്റന്‍ ലക്ഷ്യത്തില്‍ പതറി ഹൈദരാബാദ് പുറത്ത്

READ ENGLISH VERSION
rr-won

ന്യൂ ചണ്ഡീഗഡ്: ഐപിഎല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാനോട് തോറ്റ് ഹൈദരാബാദ് പുറത്ത്. 244 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന്റെ മറുപടി 19.2 ഓവറില്‍ 196 എന്ന സ്‌കോറില്‍ അവസാനിച്ചു. 47 റണ്‍സ് ജയവുമായി രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയര്‍ രണ്ടിലേക്ക് മുന്നേറി. ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സിന്റെ എതിരാളികള്‍. മികച്ച റണ്‍റേറ്റില്‍ ബാറ്റ് ചെയ്തുവെങ്കിലും ആര്‍ക്കും വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിയാത്തതാണ് ഹൈദരാബാദിന് വിനയായത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് രണ്ടാം പന്തില്‍ തന്നെ അഭിഷേക് ശര്‍മ്മയുടെ വിക്കറ്റ് 0(2) നഷ്ടമായി. മൂന്നാമനായി വന്ന ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചതോടെ മൂന്നാം ഓവറില്‍ സണ്‍റൈസേഴ്‌സ് 50 പിന്നിട്ടു. എന്നാല്‍ പത്ത് പന്തില്‍ 33 റണ്‍സെടുത്ത കിഷന്‍ പുറത്തായതോടെ ഹൈദരാബാദ് പതറി. ട്രാവിസ് ഹെഡ് 17(8), സ്മരണ്‍ രവിചന്ദ്രന്‍ 1(4), ഹെയ്ന്റിച്ച് ക്ലാസന്‍ 18(10) എന്നിവരുടെ വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ഹൈദരാബാദ് തോല്‍വി മണത്തു.

പിന്നീട് സലില്‍ അറോറ 35(21) - നിധീഷ് കുമാര്‍ റെഡ്ഡി 38(20) സഖ്യം ക്രീസിലുണ്ടായിരുന്നപ്പോള്‍ ഹൈദരാബാദിന് വീണ്ടും പ്രതീക്ഷകളുയര്‍ന്നു. രവീന്ദ്ര ജഡേജയുടെ ഓവറില്‍ നിധീഷ് കുമാര്‍ റെഡ്ഡി പുറത്തായതോടെ ഹൈദരാബാദ് കൂടുതല്‍ പ്രതിസന്ധിയിലായി. പാറ്റ് കമ്മിന്‍സ് 1(2), ഇഷാന്‍ മലിംഗ 5(8), ശിവാംഗ് 27(24) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.


ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് നേടിയത്. കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം (29 പന്തില്‍ 97 റണ്‍സ്) ആണ് റോയല്‍സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വൈഭവിന് പുറമേ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരേലും രാജസ്ഥാന് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി.

ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ 29(29) വൈഭവ് സൂര്യവംശി സഖ്യം ഒന്നാം വിക്കറ്റില്‍ 48 പന്തുകളില്‍ നിന്ന് 125 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 12 സിക്സറുകും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. താരം പുറത്തായപ്പോള്‍ പകരമെത്തിയ ജുരേലും മികച്ച ഫോമിലായിരുന്നു. 21 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സറും സഹിതമായിരുന്നു അര്‍ദ്ധ സെഞ്ച്വറി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 26(12) റണ്‍സ് നേടി പുറത്തായി.

ഒരു ഘട്ടത്തില്‍ 280ല്‍ അധികം സ്‌കോര്‍ ചെയ്യുമെന്ന നിലയിലായിരുന്നുവെങ്കിലും അവസാന ആറ് ഓവറുകളില്‍ വിക്കറ്റുകള്‍ കൂട്ടത്തോടെ നഷ്ടമായത് രാജസ്ഥാന് തിരിച്ചടിയായി. ഡൊണോവാന്‍ ഫെറെയ്റ 12(9), ദസൂണ്‍ ഷനക 5(3), ജോഫ്ര ആര്‍ച്ചര്‍ 4(5), നാന്ദ്രെ ബര്‍ഗര്‍ 1(1) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. രവീന്ദ്ര ജഡേജ 12*(9), സുഷാന്ത് മിശ്ര 1*(3) എന്നിവര്‍ പുറത്താകാതെ നിന്നു. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇഷാന്‍ മലിംഗ, സിവാംഗ് കുമാര്‍, നിധീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ