
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നുമുതൽ പൂനെയിൽ
പൂനെ : ബംഗളുരുവിൽ നടന്ന ആദ്യ ടെസ്റ്റിലെ തോൽവിയുടെ മുറിവുണക്കാൻ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെതിരെ രണ്ടാം ടെസ്റ്റ് മത്സരത്തിനിറങ്ങുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുവാൻ ഇനിയുള്ള ഓരോ മത്സരത്തിലും വിജയിക്കേണ്ടത് അനിവാര്യമായതിനാൽ ഗൗരവത്തോടെയാണ് ഗൗതം ഗംഭീറും രോഹിത് ശർമ്മയും ഈ മത്സരത്തെകാണുന്നത്. തോറ്റതിലുപരി ബംഗളുരുവിൽ ആദ്യ ഇന്നിംഗ്സിൽ 46 റൺസിന് ആൾഔട്ടാകേണ്ടിവന്നതിലെ വ്യഥയാണ് ഇന്ത്യയ്ക്കുള്ളത്. അതേസമയം 36 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര നേടിയ കിവീസ് ടീം അപ്രതീക്ഷിതമായി കൈവന്ന ആത്മവിശ്വാസം കൈവിടാതിരിക്കാനുള്ള ശ്രമത്തിലാണ്.
ബംഗളുരുവിൽ സ്പിൻ പിച്ച് പ്രതീക്ഷിച്ച് മൂന്ന് സ്പിന്നർമാരുമായി കളിക്കാനിറങ്ങിയപ്പോൾ മഴയാണ് ഇന്ത്യയ്ക്ക് വിനാശമൊരുക്കിയത്. മഴയിൽ കുതിർന്ന പിച്ചിൽ രണ്ടാം ദിവസം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തെന്നിവീണു. കിവീസ് പേസർമാർ പോലും കരുതും മുന്നേ ഇന്ത്യ ആൾഔട്ടായി. പിന്നീട് രണ്ടാം ഇന്നിംഗ്സിൽ പരിശ്രമിച്ചെങ്കിലും തോൽവിയിൽ നിന്ന് കരകയറാൻ കഴിഞ്ഞില്ല.
ഹോം ഗ്രൗണ്ടുകളിലെ ശക്തികേന്ദ്രമായ സ്പിൻ ബൗളിംഗിൽ ഉറച്ചുനിൽക്കാൻ തന്നെയാണ് പൂനെയിലും ഇന്ത്യയുടെ തീരുമാനം. കറുത്തമണ്ണുകൊണ്ട് സ്പിൻ പിച്ചുതന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പിച്ചിലെ പുല്ലുകൾ നീക്കം ചെയ്ത് പേസർമാർക്ക് എന്തെങ്കിലും സഹായം ലഭിക്കുമെങ്കിൽ അതും ഇല്ലാതാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.അതേസമയം സ്പിന്നിൽ കിവീസും മോശമല്ല.അജാസ് പട്ടേൽ.മിച്ചൽ സാന്റ്നർ എന്നീ സ്പെഷ്യലിസ്റ്റ് സ്പിന്നർമാർക്കൊപ്പം രചിൻ രവീന്ദ്രയും ഗ്ളെൻ ഫിലിപ്പ്സും മികച്ച പാർട്ട്ടൈം സ്പിന്നർമാരാണ്.
1-0
മൂന്ന് മത്സര പരമ്പരയിൽ കിവീസ് 1-0ത്തിന് മുന്നിലാണ്. 2017ൽ ഓസ്ട്രേലിയയ്ക്ക് എതിരെയും 2021ലും ഈ വർഷമാദ്യം നടന്ന പരമ്പരയിലും ഇംഗ്ളണ്ടിനെതിരെയും ഇന്ത്യ ആദ്യ ടെസ്റ്റിൽ തോറ്റിരുന്നു. പിന്നീട് ഈ പരമ്പരകൾ തിരിച്ചു പിടിച്ചിരുന്നു. അത്തരത്തിലൊരു തിരിച്ചുവരവാണ് ഈ പരമ്പരയിലും ആഗ്രഹിക്കുന്നത്.
ഇന്ത്യൻ നിരയിൽ ആരൊക്കെയിറങ്ങും?
കഴിഞ്ഞ ടെസ്റ്റിൽ പരിക്ക് മൂലം ശുഭ്മാൻ ഗിൽ കളിച്ചിരുന്നില്ല. ഗിൽ പരിക്ക് മാറി കളിക്കാൻ തയ്യാറാണ്. എന്നാൽ ആരെ മാറ്റി ഗില്ലിനെ കൊണ്ടുവരും എന്നതിലാണ് ആശയക്കുഴപ്പം.
കഴിഞ്ഞ കളിയിൽ ഗില്ലിന് പകരം ടീമിലെത്തിയ സർഫറാസ് ഖാൻ രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയിരുന്നു.സർഫറാസിനെ ഈ മത്സരത്തിൽ ഒഴിവാക്കുന്നതിന് സാദ്ധ്യതയില്ല.
കെ.എൽ രാഹുലിന് എത്രതവണ നിരാശപ്പെടുത്തിയിട്ടും അവസരങ്ങൾ നൽകുന്നതിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. രാഹുലിനെ മാറ്റി സർഫറാസിനെയും ഗില്ലിനെയും കളിപ്പിക്കാനാണ് സാദ്ധ്യത.
അശ്വിൻ, ജഡേജ,കുൽദീപ് എന്നിവരാണ് സ്പിന്നർമാരായി ബംഗളുരുവിൽ ഉണ്ടായിരുന്നത്. ഇവിടെ കുൽദീപിനെ മാറ്റി വാഷിംഗ്ടൺ സുന്ദറിനെ കളിപ്പിക്കണോ എന്നും ആലോചനയുണ്ട്. സുന്ദറിന് ബാറ്റിംഗിൽ കൂടുതൽ കരുത്തുകാട്ടാനാകും. രഞ്ജി ട്രോഫിയിൽ സെഞ്ച്വറി നേടിയിരുന്നു.
ഇന്ത്യൻ പിച്ചുകളിൽ കുറച്ചുനാളായി ഫോമില്ലാത്ത മുഹമ്മദ് സിറാജിന് പകരം ആകാശ്ദീപിനെ കളിപ്പിക്കാനും സാദ്ധ്യതയുണ്ട്.
സാദ്ധ്യതാ ഇലവനുകൾ
ഇന്ത്യ : രോഹിത് ശർമ്മ(ക്യാപ്ടൻ),യശസ്വി ജയ്സ്വാൾ,ശുഭ്മാൻ ഗിൽ,വിരാട് കൊഹ്‌ലി,റിഷഭ് പന്ത്,കെ.എൽ രാഹുൽ / സർഫറാസ് ഖാൻ,രവീന്ദ്ര ജഡേജ,അശ്വിൻ,കുൽദീപ്/ വാഷിംഗ്ടൺ സുന്ദർ,ബുംറ,സിറാജ് /ആകാശ്ദീപ്.
ന്യൂസിലാൻഡ് : ടോം ലതാം (ക്യാപ്ടൻ), ഡെവോൺ കോൺവേയ്,വിൽ യംഗ്,രചിൻ രവീന്ദ്ര,ഡാരിൽ മിച്ചൽ,ടോം ബ്ളൻഡേൽ,ഗ്ളെൻ ഫിലിപ്പ്സ്,മിച്ചൽ സാന്റ്നർ,ടിം സൗത്തീ/ ഒ റൂർക്കേ,മാറ്റ് ഹെൻറി,അജാസ് പട്ടേൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |