SignIn
Kerala Kaumudi Online
Wednesday, 21 October 2026 1.57 PM IST

ഹാർദിക്കിന് തിരിച്ചടി; 2027വരെ കാത്തിരിക്കേണ്ടിവരും, തിരിച്ചുവരവ് അടുത്ത ഐപിഎൽ സീസണിൽ?

hardik-pandya
ഹാർദിക് പാണ്ഡ്യ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് മാസങ്ങളോളം മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. പരിക്കിനെത്തുടർന്നാണ് ഹാർദിക്കിന് തുടർച്ചയായി മത്സരങ്ങൾ നഷ്ടമാകുന്നത്. നിലവിലെ സാഹചര്യത്തിൽ അടുത്ത വർഷത്തെ ഐപിഎൽ സീസണിൽ മാത്രമേ താരം തിരിച്ചെത്താൻ സാദ്ധ്യയുള്ളൂവെന്നാണ് സൂചന.

കാലിനേറ്റ പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാൻ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലാണ് നിലവിൽ താരം ഉള്ളത്. പരിക്കിൽ നിന്ന് പൂർണമായി മുക്തനായി മത്സരങ്ങൾക്ക് അനുയോജ്യമായ ശാരീരികക്ഷമത വീണ്ടെടുക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് സൂചന. മൂന്നാഴ്ചയ്ക്കുശേഷം ജോഗിംഗ് ആരംഭിക്കാൻ താരത്തിന് അനുമതി ലഭിച്ചേക്കും.

തുടർന്ന് അടുത്ത എട്ടാഴ്ചയ്ക്കിടെ ഓട്ടത്തിന്റെ ദൈർഘ്യവും തീവ്രതയും ഘട്ടംഘട്ടമായി വർദ്ധിപ്പിക്കാനാണ് പദ്ധതി. ജനുവരി ആദ്യവാരം വരെ പരിശീലനത്തിന്റെ തോത് ക്രമേണ ഉയർത്തേണ്ടിവരുമെന്നാണ് റിപ്പോർട്ട്. എന്നാൽ പൂർണ കായികക്ഷമത വീണ്ടെടുക്കുന്നതിനുള്ള കൃത്യമായ സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതിനാൽ ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഹാർദിക്കിനെ ഉൾപ്പെടുത്തിയിട്ടില്ല. ഡിസംബർ 13ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിലും ജനുവരി മൂന്നിന് തുടങ്ങുന്ന സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലും താരത്തിന് കളിക്കാനായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

ഹാർദിക്കിന്റെ തുടർച്ചയായ പരിക്കുകൾ ഇന്ത്യൻ ടീമിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. 2027ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി ടീമിലേക്ക് ബാറ്റിംഗും പേസ് ബൗളിംഗിലും ഒരുപോലെ മികവ് പുലർത്തുന്ന ഹാർദിക്കിന്റെ സാന്നിദ്ധ്യം നിർണായകമാണ്. താരത്തിന്റെ അഭാവത്തിൽ നിതീഷ് കുമാർ റെഡ്ഡി ഉൾപ്പെടെയുള്ള ഓൾറൗണ്ടർമാർക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും.

English Summary

Star Indian all-rounder Hardik Pandya is reportedly sidelined for several months due to a leg injury. Currently rehabilitating at the BCCI Centre of Excellence in Bengaluru, he is expected to return only by next year's IPL season. Pandya will miss upcoming international series as he focuses on regaining full match fitness, with no exact timeline set for his complete recovery.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARDIK PANDYA, HARDIK PANDYA INJURY, HARDIK PANDYA COMEBACK, IPL 2027
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360