ന്യൂഡൽഹി: ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനത്ത് മുൻ താരം പ്രഗ്യാൻ ഓജയ്ക്ക് സ്ഥിരനിയമനം നൽകിയിരിക്കുകയാണ് ബി.സി.സി.ഐ. അജിത് അഗാർക്കർ കാലാവധി പൂർത്തിയാക്കിയപ്പോൾ ഓജയെ താത്കാലിക ചീഫ് സെലക്ടറായി നിയമിച്ചിരുന്നു.കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന നിലയിലാണ് ഓജയെ ചീഫ് സെലക്ടറായി നിശ്ചയിച്ചത്. ഇപ്പോഴിതാ ഓജയെ സെലക്ടറായി നിയമിച്ചതിന് പിന്നിൽ സീനിയർ താരങ്ങളും ടീം മാനേജ്മെന്റും തമ്മിലുള്ള അകലം കുറയ്ക്കാനും ബി.സി.സി.ഐ ലക്ഷ്യമിടുന്നുണ്ടെന്നാണ് ദേശീയമാദ്ധ്യമത്തിലെ റിപ്പോർട്ടിൽ പറയുന്നത്.
ഇതിൽ പരിശീലകൻ ഗൗതം ഗംഭീറും വിരാട് കൊഹ്ലിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുമുണ്ട്. ഇന്ത്യൻ ടീമിൽ രോഹിത് ശർമയ്ക്കും വിരാട് കൊഹ്ലിക്കുമൊപ്പം കളിച്ചിട്ടുള്ള താരമാണ് ഓജ. ഇരുവരുമായി ഓജയ്ക്കുള്ള അടുത്ത ബന്ധം പ്രയോജനപ്പെടുത്താനാണ് ബി.സി.സി.ഐ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ട് പര്യടനത്തിനിടെ രോഹിത് ശർമയുടെ ഏകദിന ഭാവിയുമായി ബന്ധപ്പെട്ട ചർച്ചകൾ സങ്കീർണമായപ്പോൾ സന്ദേശവാഹകനായി ഓജയെ നിയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, രോഹിത്തും ഓജയും തമ്മിൽ നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ഗംഭീറും കൊഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങൾ നേരത്തേയും ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരും തമ്മിലുള്ള അകലം കുറയ്ക്കാൻ ഓജയെ ചുമതലപ്പെടുത്തിയെന്നാണ് വിവരം. കൊഹ്ലിയുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ഓജ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. താരങ്ങളുമായി വ്യക്തിപരമായ ബന്ധം പുലർത്തുന്ന ഒരാൾക്ക് ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ കഴിയുമെന്ന വിലയിരുത്തലിലാണ് ബി.സി.സി.ഐ ഈ നീക്കം നടത്തിയതെന്നാണ് സൂചന.
മുഖ്യ സെലക്ടറെന്ന നിലയിൽ ഓജയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ സജ്ജമാക്കുകയെന്നതാണ്. പ്രത്യേകിച്ച് ബൗളിംഗ് വിഭാഗത്തിലെ പ്രകടനവും പരിചയസമ്പന്നരായ താരങ്ങളുടെ ലഭ്യതയും സെലക്ഷൻ കമ്മിറ്റിക്ക് നിർണായകമാകും. ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ബൗളിംഗ് നിരയിലെ പരിചയക്കുറവ് പരിഹരിക്കേണ്ടതും പ്രധാന കടമയാണ്.
മികച്ച താരങ്ങളെ കണ്ടെത്തുക, ടീം ബാലൻസ് ഉറപ്പാക്കുക, നിർണായക മത്സരങ്ങൾക്ക് അനുയോജ്യമായ ബൗളിംഗ് നിരയെ ഒരുക്കുക എന്നിവയിൽ ഓജയുടെ തീരുമാനങ്ങൾ നിർണായകമാകും. താരങ്ങൾക്കിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിൽ ഓജയുടെ പങ്ക് ശ്രദ്ധേയമാണെങ്കിലും മുഖ്യ സെലക്ടറെന്ന നിലയിൽ അദ്ദേഹത്തിന്റെ യഥാർത്ഥ പരീക്ഷണം ടീമിന്റെ തിരഞ്ഞെടുപ്പിലും പ്രകടനത്തിലും തന്നെയായിരിക്കും.
BCCI has permanently appointed Pragyan Ojha as the Indian senior cricket team's Chief Selector. The appointment aims to bridge communication gaps between senior players and team management, specifically to resolve differences involving Gautam Gambhir and Virat Kohli. Ojha's rapport with players is considered vital for team cohesion and preparing the squad for the 2027 ODI World Cup.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |