SignIn
Kerala Kaumudi Online
Thursday, 22 October 2026 5.17 PM IST

ആവശ്യമുണ്ട്, ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളെ

cricket

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദാരുണമായി തോറ്റതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇതെന്തുപറ്റി എന്ന ചിന്തയിലാണ് ആരാധകർ. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര പോലും തോൽക്കാത്ത ടീമാണ് കിവീസിനോട് തുടർച്ചയായി രണ്ട് ടെസ്റ്റുകളിൽ തോറ്റമ്പിയത്.ചരിത്രത്തിലാദ്യമായി കിവികൾ ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

രണ്ടാഴ്ചമുമ്പ് ഇത്തരമൊരു പതനം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഭയപ്പെടുകയോ കിവീസ് ആരാധകർ സ്വപ്നം കാണുകയോ ചെയ്തിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സ്വന്തം മണ്ണിൽ ഓസ്ട്രേലിയയോടും ശ്രീലങ്കയിൽ ചെന്ന് അവരോടും രണ്ട് ടെസ്റ്റുകൾ തോറ്റശേഷമാണ് ന്യൂസിലാൻഡ് ടീം ഇന്ത്യയിലേക്ക് വന്നത്. അതും പരിക്കേറ്റ ഏറ്റവും പരിചയ സമ്പന്നനായ കേൻ വില്യംസണിനെക്കൂടാതെ. ശ്രീലങ്കയിലെ തോൽവിക്ക് ശേഷം നായകസ്ഥാനത്തുനിന്ന് ടിം സൗത്തീ സ്വയം ഒഴിയുകകൂടി ചെയ്തപ്പോൾ ടോം ലതാമെന്ന പുതിയ നായകനെ അവർക്ക് ആശ്രയിക്കേണ്ടിയും വന്നു.

മറുവശത്ത് സർവാധികാര പ്രതാപികളായാണ് ഇന്ത്യൻ ഈ പരമ്പരയ്ക്ക് എത്തിയത്. ട്വന്റി-20 ലോകകപ്പ് നേടിയതിന്റെ ആവേശവും പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ ഗാംഭീര്യവും ചേർന്ന് ഇന്ത്യൻ ടീമിനൊരു മേൽക്കോയ്മ നൽകി. ഇതിന് തൊട്ടുമുമ്പ് ബംഗ്ളാദേശിനെതിരായ പരമ്പരയിൽ മഴ കാരണം രണ്ട് ദിവസം നഷ്ടമായശേഷവും കളി ജയിച്ച രീതിയും ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ പ്രാപ്തരാണെന്ന ഇമേജ് നൽകി.

എന്നാൽ ഈ ഇമേജുകളെല്ലാം വെറുതെയാണെന്ന് ആദ്യം ബെംഗളുരുവിലും തുടർന്ന് പൂനെയിലും നടന്ന മത്സരങ്ങളിൽ നിന്ന് മനസിലായി. ഏത് സാഹചര്യത്തെയും നേരിടാൻ കെൽപ്പുള്ള ഇന്ത്യൻ ബാറ്റിംഗ് നിര ബെംഗളുരുവിൽ ആദ്യ ഇന്നിംഗ്സിൽ ആൾഔട്ടായത് വെറും 46 റൺസിനാണ്. രണ്ടാം ഇന്നിംഗ്സിൽ സടകുടഞ്ഞ് എണീറ്റപ്പോഴേക്കും കളി കൈവിട്ടുപോയിരുന്നു. ബെംഗളുരുവിൽ കിവീസ് പേസർമാരുടെ മുന്നിലാണ് ചിതറിവീണത്. അതുകൊണ്ട് പൂനെയിൽ സ്പിൻ ബൗളർമാർക്ക് വേണ്ടി മാത്രമുള്ള പിച്ചൊരുക്കി. പക്ഷേ കിവികൾക്ക് വേണ്ടി വിരിച്ച ആ വലയിൽ ഇന്ത്യതന്നെ വീണു. ആദ്യ ഇന്നിംഗ്സിൽ 156 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 245 റൺസിനും ആൾഔട്ടായി.

സത്യത്തിൽ ബംഗ്ളാദേശിനെതിരായ പരമ്പരയിൽതന്നെ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ന്യൂനതകൾ വെളിപ്പെട്ടിരുന്നതാണ്. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 144/6 എന്ന നിലയിൽ പതറിയപ്പോൾ അശ്വിനും (113),ജഡേജയും (86) ചെറുത്തുനിന്നില്ലായിരുന്നെങ്കിൽ ആ കളിയുടെ വിധി മാറിയേനെ. കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള ഇന്ത്യൻ ടെസ്റ്റ് ബാറ്റിംഗിന്റെ ചരിത്രം പരിശോധിക്കുമ്പോൾ മുൻനിരയ്ക്ക് പെർഫോം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ മദ്ധ്യനിര , അവർക്കും കഴിയുന്നില്ലെങ്കിൽ വാലറ്റം എന്നിങ്ങനെ വീണുപോകാതെ കാക്കുവാൻ ആളുണ്ടായിരുന്നു. അത്തരമൊരു താങ്ങ് കിവീസിനെതിരായ ഈ പരമ്പരയിൽ ദൃശ്യമായില്ല എന്നതുതന്നെയാണ് ഗംഭീറിന്റെ കാലത്തേക്ക് ടീം എത്തുമ്പോഴുള്ള വ്യത്യാസവും.

പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് ബാറ്റ് ചെയ്യാൻ തഴക്കവും വഴക്കവുമുള്ള ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളുടെ അഭാവമാണ് ഇന്ത്യയ്ക്ക് ഇപ്പോടുള്ളത്. രാഹുൽ ദ്രാവിഡും വി.വി.എസ് ലക്ഷ്മണും ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയും പോലുള്ള ടെസ്റ്റ് ബാറ്റർമാർ ആരും രോഹിനൊപ്പമില്ല. രോഹിതും വിരാടും ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ചെങ്കിലും ടെസ്റ്റിന് വേണ്ടിയുള്ള ഒരു ശൈലിയിലേക്ക് ബാറ്റിംഗിനെ മാറ്റിയിട്ടുമില്ല.ഈ സാഹചര്യത്തിലാണ് പുജാരയുടെയും രഹാനെയുടെയും വില സെലക്ടർമാർ മനസിലാക്കേണ്ടത്.സ്പിൻ ബൗളിംഗിനെ ഇത്രമാത്രം തുണയ്ക്കുന്ന ഒരു പിച്ചിൽ എങ്ങനെ പിടിച്ചുനിൽക്കുമെന്നറിയാതെ യുവ താരങ്ങൾ കുഴങ്ങുന്ന സമയത്ത് പുജാരയേയും രഹാനേയേയും രഞ്ജി കളിക്കാനാണ് സെലക്ടർമാർ നിയോഗിച്ചിരിക്കുന്നത്. അതുതന്നെയാണ് ഇത്തരം ബാറ്റിംഗ് ദുരന്തങ്ങൾക്ക് വഴിയൊരുക്കിയതും.

ഇനിയാണ് വെല്ലുവിളി

1. കിവീസിന് എതിരായ പരമ്പര ഇന്ത്യ കൈവിട്ടുകഴിഞ്ഞു. പക്ഷേ ഇനിയാണ് ശരിക്കുമുള്ള വെല്ലുവിളി ഇന്ത്യ നേരിടാനിരിക്കുന്നത്.

2. ഈ മാസം ഇന്ത്യൻ ടെസ്റ്റ് ടീം അഞ്ചു മത്സരപരമ്പരയ്ക്കായി ഓസ്ട്രേലിയയ്ക്ക് പുറപ്പെടുന്നുണ്ട്. ഈ പരമ്പര നേടാനായില്ലെങ്കിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കുക ബുദ്ധിമുട്ടാകും.

3. ഏറെക്കുറേ ഇതേ ടീമിനെത്തന്നെ നിലനിറുത്തിയാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കും പോകുന്നത്. ഇന്ത്യയിലെ ദുഷ്കരമായ സ്പിൻ പിച്ചുകളിലേക്കാൾ വലിയ വെല്ലുവിളിയാണ് ഓസ്ട്രേലിയയിലെ പേസ് പിച്ചുകളിലുള്ളത്.

4. അതിനെ നേരിടാൻ യുവതാരങ്ങൾക്കും അവർക്ക് മാതൃകയാകാൻ വിരാടും രോഹിതുമടക്കമുള്ള സീനിയർ താരങ്ങൾക്കും കഴിഞ്ഞില്ലെങ്കിൽ വലിയൊരു ദുരന്തമാകും ഇന്ത്യയെ കാത്തിരിക്കുന്നത്.

5. വിദേശപിച്ചുകളിൽ ചെറുത്തുനിന്ന് പരിചയമുള്ള പുജാരയേയും രഹാനെയേയും സെലക്ടർമാർ ഓസീസ് പര്യടനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

രഞ്ജി ട്രോഫിയിൽ ഉൾപ്പടെ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾ തയ്യാറാവാത്തതാണ് സ്പിൻ ബൗളിംഗിനെ നേരിടുന്നതിലെ പരാജയത്തിന് കാരണം.

- ദുലീപ് വെംഗ്സാർക്കർ, മുൻ ഇന്ത്യൻ ക്രിക്കറ്റർ, സെലക്ടർ

കോച്ചെന്ന നിലയിൽ ഗംഭീറിന്റെ തുടക്കകാലമാണിത്. ഇത്രയും ദുഷ്കരമായ സ്ഥിതിയിൽ നിന്ന് ടീമിനെ കരകയറ്റുക

ഗംഭീറിന് വലിയ വെല്ലുവിളിയാണ്. ഇപ്പോഴേ കുറ്റപ്പെടുത്തേണ്ടതില്ല.

- രവി ശാസ്ത്രി, മുൻ ക്രിക്കറ്റർ, മുൻ കോച്ച്,കമന്റേറ്റർ

ചേതേശ്വർ പുജാര ഇതുപോലുള്ള സാഹചര്യങ്ങളെ നേരിട്ടതുപോലെ ചെയ്യാൻ ശേഷിയുള്ള ഒരൊറ്റ കളിക്കാരൻ ഇപ്പോഴത്തെ ഇന്ത്യൻ ടീമിലില്ല. അഗ്രസീവായി കളിക്കുന്നത് നല്ലതുതന്നെ പക്ഷേ ടെസ്റ്റിൽ ക്ഷമയോടെ കളിക്കുകയാണ് വേണ്ടത്.

- സഞ്ജയ് മഞ്‌രേക്കർ, മുൻ ഇന്ത്യൻ ക്രിക്കറ്റർ, കമന്റേറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360