
ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷും നിലവിലെ ലോക ചാമ്പ്യൻ ഡിംഗ് ലിറെനും തമ്മിലുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പ് പോരാട്ടം ഈമാസം 25 മുതൽ സിംഗപ്പൂരിൽ
സിംഗപ്പൂർ സിറ്റി : ലോകം കാത്തിരിക്കുന്ന കരുനീക്കങ്ങൾക്ക് സാക്ഷിയാകാൻ ഒരുങ്ങുകയാണ് സിംഗപ്പൂർ. ലോക ചെസ് ചാമ്പ്യൻ പദവിക്ക് വേണ്ടി നിലവിലെ ലോകചാമ്പ്യൻ ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ഡിംഗ് ലിറെനും കൗമാരം കടക്കാത്ത ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി.ഗുകേഷും തമ്മിലുള്ള ഈ വർഷത്തെ ലോക ചെസ് ചാമ്പ്യൻഷിപ്പ് പോരാട്ടം ഈ മാസം 25 മുതൽ ഡിസംബർ 13വരെയാണ് സിംഗപ്പൂരിൽ അരങ്ങേറുക. ആരാകും ഇനിയുള്ള ഒരു കൊല്ലം ചെസ് ലോകം ഭരിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകർ.
നിലവിലെ ലോകചാമ്പ്യൻ എന്ന നിലയിലാണ് 32 കാരനായ ഡിംഗ് ലിറെൻ തന്റെ കിരീടം കാക്കാനെത്തുന്നത്. കഴിഞ്ഞ വർഷം നടന്ന ചാമ്പ്യൻഷിപ്പിൽ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഇയാൻ നിപ്പോംനിയാഷിയെ തോൽപ്പിച്ചാണ് ലിറെൻ ലോകചാമ്പ്യനായത്. മറ്റ് മുൻനിര താരങ്ങളെ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ തോൽപ്പിച്ചാണ് ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ കാൻഡിഡേറ്റായി ലിറെനെ നേരിടാൻ എത്തുന്നത്. ഈ ചാമ്പ്യൻഷിപ്പിൽ ജയിക്കുകയാണെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനായി ഗുകേഷ് മാറും.
ആനന്ദിന്റേ വഴിയേ
പ്രിയ ശിഷ്യൻ
ഇന്ത്യയിൽ നിന്ന് ലോക ചെസ് ചാമ്പ്യനായ ഒരേയൊരു താരം വിശ്വനാഥൻ ആനന്ദാണ്. അഞ്ചുതവണയാണ് ആനന്ദ് ലോക ചാമ്പ്യനായത്. തന്റെ പിന്മുറക്കാരെ കണ്ടെത്താനായി ആനന്ദ് ചെന്നൈയിൽ സ്ഥാപിച്ച വെസ്റ്റ് ബ്രിജ് ആനന്ദ് ചെസ് അക്കാഡമിയിലൂടെ വളർന്ന പ്രതിഭയാണ് ഗുകേഷ്. ആന്ധ്രപ്രദേശിൽ നിന്ന് ചെന്നൈയിലെത്തിയതാണ് ഗുകേഷിന്റെ കുടുംബം. അച്ഛൻ ഡോ.രജനികാന്ത് ഇ.എൻ.ടി സർജനാണ്. അമ്മ ഡോ.പത്മ മൈക്രോബയോളജിസ്റ്റും.2013ലാണ് ഗുകേഷ് ചെസ് പഠിച്ചുതുടങ്ങിയത്.2019ൽ 12-ാം വയസിൽ ഗ്രാൻഡ്മാസ്റ്ററായി.
14
ക്ളാസിക് ഫോർമാറ്റിൽ 14 റൗണ്ടുകളാണ് ലോക ചെസ് ചാമ്പ്യൻഷിപ്പിലുള്ളത്. ഓരോ റൗണ്ടിലും ജയത്തിന് ഒരുപോയിന്റ്. സമനിലയ്ക്ക് അര പോയിന്റ്. ആദ്യം ഏഴര പോയിന്റ് നേടുന്ന കളിക്കാരൻ ജേതാവാകും. 14 റൗണ്ടുകളും പൂർത്തിയാകുമ്പോൾ ഒരേ പോയിന്റ് നിലയാണെങ്കിൽ ടൈബ്രേക്കർ നടത്തും. ആദ്യം റാപ്പിഡ് ഫോർമാറ്റിൽ നാലുറൗണ്ട് മത്സരങ്ങൾ .ഇതിലും തുല്യതയാണെങ്കിൽ രണ്ട് റാപ്പിഡ് റൗണ്ടുകൾ കൂടി. എന്നിട്ടും ഫലമില്ലെങ്കിൽ രണ്ട് ബ്ളിറ്റ്സ് ഗെയിമുകൾ. ഇതിലും ഫലമില്ലെങ്കിൽ ഒരാൾ ജയിക്കുന്നതുവരെ ബ്ളിറ്റ്സ് ഗെയിമുകൾ.
3
തവണയാണ് ഗുകേഷും ലിറെനും ഇതിനുമുമ്പ് ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷത്തേയും ഈ വർഷത്തേയും ടാറ്റ സ്റ്റീൽ ചെസിൽ ലിറെൻ ജയിച്ചു. ഈ വർഷം ആഗസ്റ്റിൽ നടന്ന സിൻക്യുഫീൽഡ് ടൂർണമെന്റിൽ സമനിലയിൽ പിരിഞ്ഞു. കറുത്ത കരുക്കൾകൊണ്ടാണ് ലിറെൻ രണ്ട് ജയങ്ങളും നേടിയത്.
ഡിംഗ് ലിറെൻ
ചൈനീസ് ഗ്രാൻഡ് മാസ്റ്റർ
32 വയസ്
ലോക റാങ്ക് : 23
റേറ്റിംഗ് പോയിന്റ് : 2728
ഡി.ഗുകേഷ്
ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ
18 വയസ്
ലോക റാങ്ക് : 5
റേറ്റിംഗ് പോയിന്റ് : 2783
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |