
ചാമ്പ്യൻസ് ലീഗിൽ ഫെയനൂർദിനോട് 3-3ന് സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി
ഈ സീസണിൽ സിറ്റിക്ക് ജയിക്കാൻ കഴിയാത്ത തുടർച്ചയായ ആറാം മത്സരം
ലണ്ടൻ : വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് കുതിച്ചുകൊണ്ടിരുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് എന്തുപറ്റിയെന്ന് സങ്കടത്തിലാണ് ആരാധകർ. കഴിഞ്ഞ ആറുമത്സരങ്ങളിൽ സിറ്റിക്ക് വിജയം നേടാൻ കഴിഞ്ഞിട്ടില്ല. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രാഥമിക റൗണ്ടിൽ ഡച്ച് ക്ളബ് ഫെയർനൂർദിനോട് 3-3ന് സമനിലയിൽ പിരിഞ്ഞതാണ് ഒടുവിലത്തെ ആഘാതം.73-ാംമിനിട്ടുവരെ 3-0ത്തിന് മുന്നിട്ടുനിന്ന ശേഷമാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റി സമനിലച്ചങ്ങലയിലായത്.
സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 44-ാം മിനിട്ടിലെ എർലിംഗ് ഹാലാൻഡ് പെനാൽറ്റിയിലൂടെ നേടിയ ഗോളിലാണ് സിറ്റി ആദ്യം മുന്നിലെത്തിയത്. 50-ാം മിനിട്ടിൽ ഇക്കേയ് ഗുണ്ടോഗൻ ലീഡുയർത്തി. 53-ാം മിനിട്ടിൽ ഹാലാൻഡ് തന്റെ രണ്ടാം ഗോളിലൂടെ സ്കോർ 3-0ആയി ഉയർത്തി. ഇതിൽ ആശ്വാസം കൊണ്ടിരുന്ന സിറ്റി ആരാധകരെ ഞെട്ടിച്ച് 74-ാം മിനിട്ടിൽ അനിസ് ഹാജ് മൂസ,82-ാം മിനിട്ടിൽ സാന്റിയാഗോ ജിമിനേസ്, 89-ാം മിനിട്ടിൽ ഡേവിഡ് ഹാങ്കോ എന്നിവർ നേടിയ ഗോളുകൾക്കാണ് ഫെയനൂർദ് വിജയം കണ്ടത്. ചാമ്പ്യൻസ് ലീഗിലെ അഞ്ചുമത്സരങ്ങളിൽ രണ്ടുവീതം ജയവും തോൽവിയും ഒരു സമനിലയുമായി എട്ടു പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി 15-ാംസ്ഥാനത്താണ്.
സിറ്റിയുടെ അഞ്ച് തോൽവികൾ
ഒക്ടോബറിൽ ടോട്ടൻഹാമിനോട് ഇംഗ്ളീഷ് ലീഗ് കപ്പിൽ 1-2ന് തോറ്റതോടെയാണ് സിറ്റിയുടെ സമയം മോശമാകാൻ തുടങ്ങിയത്.
തുടർന്ന് നവംബർ രണ്ടിന് നടന്ന പ്രിമിയർ ലീഗ് മത്സരത്തിൽ ഇതേസ്കോറിന് ബേൺമൗത്തിനോടും തോൽവി ഏറ്റുവാങ്ങി.
നവംബർ ആറിന് നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്പോർട്ടിംഗ് സി.പിയോട് തോറ്റത് 1-4ന്.
നവംബർ ഒൻപതിന് പ്രിമിയർ ലീഗിൽ 2-1ന് ബ്രൈറ്റൻ പെപ്പിന്റെ കുട്ടികളെ പറപ്പിച്ചുവിട്ടു.
പിന്നാലെ 23ന് മറുപടിയില്ലാത്ത നാലുഗോളുകൾക്ക് ടോട്ടൻഹാം പ്രിമിയർ ലീഗിലും കാറ്റൂരിവിട്ടു.
അതിന് ശേഷമാണ് ഫെയനൂർദിനോട് സമനില വഴങ്ങിയത്. ഇതോടെ നവംബറിൽ ജയിക്കാനാവാത്ത ടീമായി സിറ്റി മാറി.
ഡിസംബർ ഒന്നിന് പ്രിമിയർ ലീഗിൽ ലിവർപൂളിനോടാണ് സിറ്റിയുടെ അടുത്ത മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |