SignIn
Kerala Kaumudi Online
Thursday, 22 October 2026 5.16 PM IST

വിലക്ക് നീക്കിയേക്കും

school

കായികമേളയിൽ കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം : സ്കൂൾ ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങ് അലങ്കോലമാക്കിയതിന്റെ പേരിൽ സംസ്ഥാന കായികമേളയിൽ നിന്നും രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കാൻ സർക്കാർ. മാർ ബേസിലിന്റെയും നാവാമുകുന്ദ സ്‌കൂളിന്റെയും അപ്പീൽ പരിഗണിക്കുമെന്നും കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി ഇന്നലെ അറിയിച്ചു. എന്നാൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ വിലക്ക് നീക്കുന്ന തീരുമാനമുണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി.

കായിക മേളയിൽ നിന്നും സ്‌കൂളിനെ വിലക്കിയ നടപടി പിൻവലിക്കണമെന്ന് കഴിഞ്ഞ ദിവസം ദേശീയ സ്‌കൂൾ മീറ്റിൽ ആദ്യ സ്വർണം നേടിയ തിരുനാവായ നാവമുകുന്ദ സ്‌കൂളിലെ ആദിത്യ അജി അഭ്യർത്ഥിച്ചിരുന്നു. അടുത്ത വർഷം പ്ലസ് ടു ആയതിനാൽ അവസാന സ്‌കൂൾ മീറ്റാകും. കേരളത്തിന് മെഡൽ സമ്മാനിച്ച് സ്‌കൂൾ വിടണമെന്നാണ് ആഗ്രഹം. അതിനാൽ സ്‌കൂളിന്റെ വിലക്ക് പിൻവലിക്കണമെന്നായിരുന്നു ആദിത്യ അജിയുടെ അഭ്യർത്ഥന.

തിരുവനന്തപുരം ജിവി രാജ സ്‌പോർട്സ് സ്‌കൂളിന് രണ്ടാം സ്ഥാനം നൽകിയതിനെതിരെയായിരുന്നു എറണാകുളത്ത് നടന്ന കായിക മേളയിൽ രണ്ട് സ്‌കൂളുകളും പ്രതിഷേധിച്ചത്. മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചായിരുന്നു നടപടി.

അതേസമയം കായികമേളയിൽ പങ്കെടുക്കുന്നതിൽനിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ടു തേടിയിരുന്നു. സ്‌കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്. സ്‌കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു.

വിലക്ക് നിരുപാധികം മാറ്റിയേക്കില്ല

അതേസമയം കടുത്ത അച്ചടക്കലംഘനമാണ് രണ്ട് സ്കൂളുകളിലെയും അദ്ധ്യാപകരുടേയും പരിശീലകരുടേയും നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ ഒളിമ്പിക്സ് സമാപനച്ചടങ്ങിൽ കാട്ടിയതെന്നാണ് അന്വേഷണ സമിതി നൽകിയ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് പ്രഖ്യാപിച്ചത്. ഈ വിലക്ക് നിരുപാധികം പിൻവലിച്ചാൽ അച്ചടക്കലംഘനത്തിന് ഒത്താശചെയ്യുന്നതിന് തുല്യമാകുമെന്ന് കായിക രംഗത്തുനിന്നുതന്നെ വിമർശനം ഉയരുന്നുണ്ട്. അതിനാൽ ഈ സ്കൂളുകളിലെ കുട്ടികൾക്ക് അടുത്ത മേളയിൽ പ്രത്യേക അവസരം നൽകുന്നതോ, ഈ സ്കൂളുകളെ അ‌ടുത്ത മേളയിൽ ബെസ്റ്റ് സ്കൂൾ പട്ടത്തിനായി പരിഗണിക്കാതിരിക്കുന്നതോ ആലോചനയിലുണ്ട്. സ്കൂൾ കലാമേളയിൽ അച്ചടക്കലംഘനം കാട്ടുന്നവർക്കുള്ള മുന്നറിയിപ്പായാണ് കലോത്സവം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വിലക്ക് പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SCHOOLMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360