SignIn
Kerala Kaumudi Online
Thursday, 22 October 2026 5.17 PM IST

ഓപ്പണാകട്ടെ...

tennis

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിന് ഇന്ന് മെൽബണിൽ തുടക്കം

മെൽബൺ : സീസണിലെ ആദ്യ ഗ്രാൻസ്ളാം ടെന്നിസ് ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിന് ഇന്ന് മെൽബണിൽ തുടക്കമാകും. ഇന്ത്യൻ സമയം ഇന്ന് രാവിലെ 5.30ന് നടക്കുന്ന പുരുഷ വിഭാഗത്തിലെ ആദ്യ മത്സരത്തിൽ ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റൺ മൂന്നാം നമ്പർ കോർട്ടിൽ ഓസ്ട്രേലിയൻ താരം ഒമർ ജസീക്കയെ നേരിടും. വനിതാ വിഭാഗത്തിലെ ആദ്യ മത്സരത്തിൽ യുക്രേനിയൻ താരം യൂലിയ ഷോ കോർട്ട് അരീനയിൽ കനേഡിയൻ താരം ലെയ്ല ഫെർണാണ്ടസിനെ നേരിടും.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് റോഡ് ലേവർ അരീനയിൽ ന‌ടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പരുമായ അര്യാന സബലേങ്ക അമേരിക്കയുടെ സൊളാനേ സ്റ്റീഫൻസിനെ നേരിടും. 2017ലെ യു.എസ് ഓപ്പൺ ജേതാവാണ് സൊളാനേ സ്റ്റീഫൻസ്.

സുമിത്

ഇന്നിറങ്ങുന്നു

ഇന്ത്യൻ താരം സുമിത് നാഗൽ ഇന്ന് രാവിലെ 7.50ന് തുടങ്ങുന്ന ആദ്യ റൗണ്ട് മത്സരത്തിൽ ചെക് റിപ്പബ്ളിക്കിന്റെ തോമസ് മചാക്കിനെ നേരിടും.കഴിഞ്ഞവർഷം ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ട് വരെയെത്തിയ താരമാണ് സുമിത്. അന്ന് 137-ാം റാങ്കുകാരനായിരുന്ന സുമിത് കസാഖിസ്ഥാന്റെ ബുബ‌്ളിക്കിനെയാണ് ആദ്യ റൗണ്ടിൽ തോൽപ്പിച്ചത്. രണ്ടാം റൗണ്ടിൽ ചെെനീസ് താരം യൂൺചെംഗിനോട് തോൽക്കുകയും ചെയ്തു. ഇത്തവണ 96-ാം റാങ്കിലാണ് സുമിത്.

നൊവാക് നാളെ

ബസവറെഡ്ഡിക്ക് എതിരെ

പുരുഷ വിഭാഗത്തിൽ മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചിനെ ആദ്യ റൗണ്ടിൽ നേരിടുന്നത് ഇന്ത്യൻ വംശജനായ അമേരിക്കൻ താരം നിഷേഷ് ബസവറെഡ്ഡിയാണ്. നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. 19കാരനും എ.ടി.പി റാങ്കിംഗിലെ 138-ാം സ്ഥാനക്കാരനുമായ ബസവറെഡ്ഡി വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ആദ്യ ഗ്രാൻസ്ളാം ടൂർണമെന്റിൽ ക ളിക്കാനെത്തുന്നത്. ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശികളാണ് ബസവറെഡ്ഡിയുടെ മാതാപിതാക്കൾ. കാലിഫോർണിയയിൽ ജനിച്ച താരത്തിന്റെ വിദ്യാഭ്യാസവും ഇവിടെയാണ്.

വനിതാ വിഭാഗത്തിൽ അമേരിക്കൻ താരം കോക്കോ ഗൗഫ് ആദ്യ റൗണ്ടിൽ സ്വന്തം നാട്ടുകാരി സോഫിയ കെനിനെയും മുൻ ലോക ഒന്നാം നമ്പർ താരം നവോമി ഒസാക്ക കരോളിൻ ഗാർഷ്യയേയും നേരിടും. ഇഗ ഷ്വാംടെക്കിന് ആദ്യ റൗണ്ടിൽ സിനിയാക്കോവയാണ് എതിരാളി.

ചരിത്രം കുറിക്കാൻ ഹാദി

ഗ്രാൻസ്ളാം ടൂർണമെന്റിൽ കളിക്കുന്ന ആദ്യ ലെബനീസ് താരമായി ഹാദി ഹബീബ് ഈ ടൂർണമെന്റിൽ ചരിത്രം കുറിക്കു കുറിക്കും. ക്വാളിഫയിംഗ് റൗണ്ട് വിജയിച്ചാണ് ഹാദി മെയിൻ ഡ്രോയിൽ ഇടം പിടിച്ചത്.

5

ഇന്ത്യൻ താരങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. പുരുഷ സിംഗിൾസിൽ സുമിത് നാഗൽ മാത്രമാണുള്ളത്. ഡബിൾസിൽ രോഹൻ ബൊപ്പണ്ണ,യുകി ബാംബ്രി,ശ്രീരാം ബാലാജി,റിത്വിക് ബൊല്ലിപ്പള്ളി എന്നിവർ വ്യത്യസ്ത പങ്കാളികൾക്കൊപ്പം ഡബിൾസിൽ മാറ്റുരയ്ക്കും. 2024ലെ പുരുഷ ഡബിൾസ് കിരീടം നേടിയത് രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം എബ്ഡനും ചേർന്നാണ്.

നിലവിലെ വനിതാ സിംഗിൾസ് ചാമ്പ്യൻ : അര്യാന സബലേങ്ക

നിലവിലെ പുരുഷ സിംഗിൾസ് ചാമ്പ്യൻ : യാന്നിക്ക് സിന്നർ

ടി വി ലൈവ് : 5.30 am മുതൽ സോണി സ്പോർട്സ് ടെൻ ചാനൽ ശൃംഖലയിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, TENNIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360