
രഞ്ജി ട്രോഫിയിൽ ബാക്കിയുള്ള മത്സരങ്ങൾ ഇന്ന് തുടങ്ങും
കേരളം ഇന്ന് ഗ്രീൻഫീൽഡിൽ മദ്ധ്യപ്രദേശിന് എതിരെ
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രൂപ്പ് റൗണ്ടിലെ അവശേഷിക്കുന്ന മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച രഞ്ജി സീസൺ ഓരോ ടീമും അഞ്ചുമത്സരങ്ങൾ പൂർത്തിയാക്കിയശേഷം നവംബറിൽ താത്കാലികമായി നിറുത്തിവച്ച് സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റും വിജയ് ഹസാരേ ഏകദിന ടൂർണമെന്റും നടത്തുകയായിരുന്നു.ഇനി ഓരോ ടീമിനും ഗ്രൂപ്പ് റൗണ്ടിൽ രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. തുടർന്ന് നാലുഗ്രൂപ്പുകളിൽ നിന്ന് രണ്ടുടീമുകൾ വീതം ക്വാർട്ടറിലേക്ക് കടക്കും.
ഗ്രൂപ്പ് സിയിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള കേരളം ഇന്ന് മദ്ധ്യപ്രദേശിനെയാണ് നേരിടുന്നത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. സച്ചിൻ ബേബിയാണ് കേരളത്തെ നയിക്കുന്നത്. ആദ്യ ഘട്ടത്തിൽ പങ്കെടുത്ത 15 അംഗ ടീമിൽ രണ്ട് മാറ്റങ്ങൾ കേരളം വരുത്തിയിട്ടുണ്ട്. കെ.എം ആസിഫ്,ഫാസിൽ ഫാനൂസ് എന്നിവർക്ക് പകരം ഷറഫുദീന്‍ എൻ.എം, ശ്രീഹരി എസ്.നായർ എന്നിവരെ ഉൾപ്പെടുത്തി.
ശുഭം ശർമ്മ നയിക്കുന്ന മദ്ധ്യപ്രദേശ് ടീമിൽ ഇന്ത്യൻ താരങ്ങളായ ബാറ്റർ വെങ്കടേഷ് അയ്യർ, രജത് പാട്ടീദാർ, ആവേശ് ഖാൻ എന്നിവർക്കൊപ്പം കുമാർ കാർത്തികേയ, ഹർപ്രീത് സിംഗ്,ഹിമാംശു മന്ത്രി തുടങ്ങിയ മികച്ച താരങ്ങളും അണിനിരക്കും.
കേരള ടീം : സച്ചിൻ ബേബി ( ക്യാപ്ടൻ), റോഹൻ. എസ് കുന്നുമ്മൽ, വിഷ്ണു വിനോദ്,ബാബ അപരാജിത്, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസറുദീൻ, സൽമാൻ നിസാർ, ആദിത്യ സർവതെ, ഷോൺ റോജർ, ജലജ് സക്സേന, ബേസിൽ തമ്പി, നിധീഷ് എം.ടി, ബേസിൽ എൻ.പി, ഷറഫുദീൻ എൻ.എം, ശ്രീഹരി എസ്.നായർ.
2017-18 സീസണിലാണ് കേരളം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അവസാനമായി രഞ്ജി ട്രോഫിക്ക് ഇറങ്ങിയത്. അന്ന് സച്ചിൻ ബേബി നയിച്ച കേരളം ഒൻപത് വിക്കറ്റിന് ജയിച്ചിരുന്നു.
ക്വാർട്ടറിലേക്ക് കണ്ണും നട്ട്
20 പോയിന്റുള്ള ഹരിയാനയാണ് കേരളമടങ്ങുന്ന ഗ്രൂപ്പ് സിയിൽ ഒന്നാമത്. 18 പോയിന്റുള്ള കേരളം രണ്ടാം സ്ഥാനത്ത്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ തോൽക്കാതിരുന്നാൽ കേരളത്തിന് ക്വാർട്ടറിലേക്ക് കടക്കാനാകും. ജനുവരി 30 മുതൽ ഗ്രീൻഫീൽഡിൽ ബിഹാറിന് എതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.
വിരാടും രോഹിതും
രഞ്ജിയിലേക്ക് വീണ്ടും
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ഇന്നുമുതൽ വീണ്ടും രഞ്ജി ട്രോഫിയിൽ കളിക്കും മുൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി 30ന് തുടങ്ങുന്ന മത്സരത്തിൽ കളിക്കാനുണ്ടാകും .
ഓസ്ട്രേലിയൻ പര്യടനത്തിൽ ഫോംഔട്ടായിരുന്ന ഇരുവരും ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ളണ്ടിന് എതിരായ ഏകദിന പരമ്പരയ്ക്കും മുന്നേ ഫോം വീണ്ടെടുക്കുകയാണ് ലക്ഷ്യമിടുന്നത്.
ഇന്ന് ജമ്മു കാഷ്മീരിനെതിരെ നടക്കുന്ന രഞ്ജി മത്സരത്തിലാണ് രോഹിത് മുംബയ്‌ക്ക് വേണ്ടി കളിക്കാനിറങ്ങുന്നത്. 2015ലാണ് അവസാനമായി രോഹിത് രഞ്ജിയിലിറങ്ങിയത്. അന്ന് യു.പിക്കെതിരെ സെഞ്ച്വറി നേടിയിരുന്നു.
അജിങ്ക്യ രഹാനെയാണ് മുംബയ് ക്യാപ്ടൻ. ശ്രേയസ് അയ്യർ,പൃഥ്വി ഷാ തുടങ്ങിയവർ രോഹിതിനൊപ്പം കളിക്കും.
30ന് റെയിൽവേയ്സിന് എതിരെ ഡൽഹിക്ക് വേണ്ടിയാണ് വിരാട് കളത്തിലിറങ്ങുന്നത്.2012/13 സീസണിലാണ് വിരാട് അവസാനമായി രഞ്ജി കളിച്ചത്.
9.30 am മുതൽ ജിയോ സിനിമയിൽ ലൈവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |