SignIn
Kerala Kaumudi Online
Thursday, 22 October 2026 5.16 PM IST

അഞ്ചടിച്ച് കരകയറി റയൽ

real-madrid

ചാമ്പ്യൻസ് ട്രോഫിയിൽ 5-1ന് സാൽസ് ബർഗിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ്

ബയേൺ മ്യൂണിക്കിനും മാഞ്ചസ്റ്റർ സിറ്റിക്കും തോൽവി

മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിലെ ഏഴാം മത്സരത്തിൽ ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് ആർ.ബി സാൽസ്ബർഗിനെ തോൽപ്പിച്ച നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിലെ 16-ാം സ്ഥാനത്തേക്കുയർന്നു. സീസണിൽ റയലിന്റെ നാലാമത്തെ മാത്രം വിജയമാണിത്. ഇരട്ട ഗോളുകൾ നേടിയ റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ,ഒരു ഗോൾ നേടിയ കിലിയൻ എംബാപ്പെ എന്നിവരാണ് റയലിന്റെ വിജയമൊരുക്കിയത്.23,34 മിനിട്ടുകളിലായിരുന്നു റോഡ്രിഗോയുടെ ഗോളുകൾ. എംബാപ്പെ 48-ാം മിനിട്ടിലും വിനീഷ്യസ് 55,77 മിനിട്ടുകളിലും സ്കോർ ചെയ്തു. 85-ാം മിനിട്ടിൽ ബേഡ്സ്ട്രൂപ്പാണ് സാൽസ് ബർഗിന്റെ ആശ്വാസ ഗോൾ നേടിയത്.

മാഞ്ചസ്റ്റർ സിറ്റിയെ രണ്ടിനെതിരെ നാലുഗോളുകൾക്ക് പാരീസ് സെന്റ് ജെർമ്മെൻ തോൽപ്പിച്ചു. പി.എസ്.ജിയുടെ തട്ടകത്തിൽ ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷമാണ് ആറുഗോളുകളും പിറന്നത്. 50-ാം മിനിട്ടിൽ ജാക്ക് ഗ്രീലിഷും 53-ാം മിനിട്ടിൽ ഹാലാൻഡും ചേർന്ന് സിറ്റിയെ 2-0ത്തിന് മുന്നിലെത്തിച്ചെങ്കിലും 56-ാം മിനിട്ടിൽ ഒസ്മാനേ ഡെംബലേയിലൂടെ പി.എസ്.ജി തിരിച്ചടി തുടങ്ങി. 60-ാം മിനിട്ടിൽ ബ്രാഡ്‌ലി ബാർക്കോള,78-ാം മിനിട്ടിൽ യാവോ നെവസ്, 90+3-ാം മിനിട്ടിൽ ഗോൺസാലോ റാമോസ് എന്നിവർ ചേർന്ന് പി.എസ്.ജിക്ക് വിജയമൊരുക്കി. 10 പോയിന്റുള്ള പി.എസ്.ജി 22-ാം സ്ഥാനത്തും 8 പോയിന്റുള്ള സിറ്റി 25-ാം സ്ഥാനത്തുമാണ്. ഡച്ച് ക്ളബ് ഫെയനൂദിനോട് മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് തോറ്റ ബയേൺ മ്യൂണിക്ക് 12 പോയിന്റുമായി 15-ാം സ്ഥാനത്താണ്.

ഇംഗ്ളീഷ് ക്ളബ് ആഴ്സനൽ 3-0ത്തിന് ക്രൊയേഷ്യൻ ക്ളബ് ഡൈനമോ സാഗ്രബിനെ കീഴടക്കി 16 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.

മത്സരഫലങ്ങൾ

റയൽ മാഡ്രിഡ് 5- സാൽസ്ബർഗ് 1

ആഴ്സനൽ 3-ഡൈനമോ സാഗ്രെബ് 0

ഷാക്തർ ഡൊണെസ്ക് 2- ബ്രെസ്റ്റ് 0

ഇന്റർ മിലാൻ 1-സ്പാർട്ട പ്രാഹ 0

ഫെയനൂർദ് 3- ബയേൺ 0

പി.എസ്.ജി 4- മാഞ്ചസ്റ്റർ സിറ്റി 2

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, REAL MADRID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360