
ഇഗയെ കീസിലാക്കി മാഡിസൺ കീസ്
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ അര്യാന സബലേങ്ക - മാഡിസൺ കീസ് പോരാട്ടം
സെമിയിൽ പൗല ബഡോസയെ വീഴ്ത്തി അര്യാന, കീസ് കീഴടക്കിയത് ഇഗയെ
മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ അരീന സബലേങ്കയും അമേരിക്കൻ മാഡിസൻ കീസും ഏറ്റുമുട്ടും. സെമിയിൽ 11–ാം സീഡായ സ്പാനിഷ് താരം പൗല ബഡോസയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് ബെലറൂസുകാരിയായ സബലേങ്കയുടെ തുടർച്ചയായ മൂന്നാം ഫൈനൽ പ്രവേശം. സ്കോർ: 6-4, 6-2. രണ്ടാം സെമി ഫൈനലിൽ പോളണ്ടിന്റെ ഇഗ ഷ്വാംടെക്കിനെ അട്ടിമറിച്ചാണ് കീസ് ഫൈനലിലേക്കെത്തിയത്. സ്കോർ 5–7, 6–1, 7–6 (10–8). നാളെയാണ് വനിതാ സിംഗിൾസിലെ കിരീടപ്പോരാട്ടം.
ഹാട്രിക് ലക്ഷ്യമിട്ട്
സബലേങ്ക
പുതിയ നൂറ്റാണ്ടിൽ തുടർച്ചയായി മൂന്ന് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ വനിതാ താരമാകാനാണ് സബലേങ്ക തയ്യാറെടുക്കുന്നത്.
1999ൽ മാർട്ടിന ഹിംഗിസാണ് അവസാനമായി ഓസ്ട്രേലിയൻ ഓപ്പണിൽ ഹാട്രിക് നേടിയത്. മാർഗരറ്റ് കോർട്ട്,ഗൂലാഗോംഗ്, സ്റ്റെഫി ഗ്രാഫ്, മോണിക്കാ സെലസ് എന്നിവർ ഓസ്ട്രേലിയൻ ഓപ്പണിൽ ഹാട്രിക് വനിതാ സിംഗിൾസ് കിരീടം നേടിയിട്ടുണ്ട്.
2024ൽ ചൈനീസ് താരം ഷെംഗ് ക്വിൻവെന്നിനെ 6–3, 6–2ന് തോൽപ്പിച്ചാണ് സബലേങ്ക ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടിയത്. 2023ൽ കസാഖിസ്ഥാന്റെ എലേന റൈബാക്കിനയെയാണ് ഫൈനലിൽ കീഴടക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |