
ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യർ തന്നെ, കെ.സി ലേഖ ഔദ്യോഗിക പ്രതിനിധിയാവില്ല
തിരുവനന്തപുരം : ജനുവരി 28 മുതൽ ഫെബ്രുവരി 14വരെ ഉത്തരാഖണ്ഡിലെ 11 വേദികളിലായി നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലെ മാർച്ച്പാസ്റ്റിൽ കേരള സംഘത്തെ അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ താരം പി.എസ് ജീന പതാകയേന്തി നയിക്കും. ഇന്നലെ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറും സെക്രട്ടറി എസ്.രാജീവും നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മുൻ അന്താരാഷ്ട്ര നീന്തൽ താരവും ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ സെബാസ്റ്റ്യൻ സേവ്യറാണ് ദേശീയ ഗെയിംസിനുളള കേരള ടീമിന്റെ ചെഫ് ഡി മിഷനെന്നും സുഭാഷ് ജോർജ്, വിജു വർമ്മ, ആർ. പ്രസന്നകുമാർ എന്നിവർ ഡെപ്യൂട്ടി ചെഫ് ഡി മിഷൻസാണെന്നും ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. ദേശീയ ഗെയിംസിനുള്ള കേരള താരങ്ങളെയും ഒഫിഷ്യൽസിനെയും പ്രഖ്യാപിക്കാനുള്ള ചുമതല ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കേരള ഒളിമ്പിക് അസോസിയേഷനാണ് നൽകിയിരിക്കുന്നതെന്നും വി. സുനിൽ കുമാർ അറിയിച്ചു. കേരളത്തിന്റെ ചെഫ് ഡി മിഷനായി കഴിഞ്ഞ ദിവസം ബോക്സിംഗ് താരം കെ.സി ലേഖയെ പ്രഖ്യാപിച്ചതിനെക്കുറിച്ച് തങ്ങൾക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കായികതാരമെന്ന നിലയിൽ ലേഖയ്ക്ക് ദേശീയ ഗെയിംസിൽ പങ്കെടുക്കാമെന്നും എന്നാൽ കേരള ഒളിമ്പിക് അസോസിയേഷൻ ഔദ്യോഗികമായി ഒരു സ്ഥാനവും നൽകിയിട്ടില്ലെന്നും സുനിൽ കുമാർ അറിയിച്ചു.
550 അംഗ സംഘം
ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് 550 അംഗ സംഘം പങ്കെടുക്കും. ഇതിൽ 437 കായിക താരങ്ങളും 113 ഒഫിഷ്യൽസുമാണുള്ളത്. 29 കായിക ഇനങ്ങളിലാണ് കേരള താരങ്ങൾ മാറ്റുരയ്ക്കുന്നത്.52 കായിക താരങ്ങളും13 ഒഫിഷ്യൽസുമടങ്ങുന്ന അത്‌ലറ്റിക്സാണ് ഏറ്റവും വലിയ കായിക സംഘം. അക്വാട്ടിക്സിൽ 43 താരങ്ങളും 8 ഒഫിഷ്യൽസും അണിനിരക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |