
ഡെറാഡൂൺ : ഇന്നലെ വനിതകളുടെ വെയ്‌റ്റ് ലിഫ്ടിംഗിൽ 45 കിലോ വിഭാഗത്തിൽ മലയാളി താരം സുഫ്ന ജാസ്മിൻ സ്വർണം നേടിയത് സ്വന്തം മുടിവരെ വെട്ടിക്കളഞ്ഞ് ഭാരം കുറച്ചാണ്. പാരീസ് ഒളിമ്പിക്സിൽ റെസ്‌ലിംഗ് താരം വിനേഷ് ഫോഗാട്ടിന് 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരിൽ സ്വർണം നഷ്ടമായതിന് സമാനമായ ഒരവസ്ഥയിൽ നിന്നാണ് തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിയായ ഈ 24കാരി രക്ഷപെട്ടത്.
പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്താണ് സുഫ്‌ന മത്സരത്തിൽ പങ്കെടുത്തത്. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നതിനായി ശരീരഭാരം രണ്ട് കിലോ കുറിച്ചിരുന്നു. പക്ഷെ അത് രം നിലനിറുത്താൻ ഉത്തരാഖണ്ഡിലെ തണുത്ത കാലാവസ്ഥ അനുവദിച്ചില്ല. മത്സര തലേന്ന് മുതൽ ഭക്ഷണവും വെള്ളവും പൂർണമായും ഒഴിവാക്കിയിട്ടും ഭാരം 45 കിലോയിലേക്ക് എത്തിക്കാനായില്ല. മത്സരത്തിന് ഭാരം അളക്കുന്നതിന് മുമ്പ് നോക്കിയപ്പോൾ 150 ഗ്രാം അധികം. ഇനിയെന്തുചെയ്യുമെന്നറിയാത്ത ടെൻഷൻ. ഒടുവിൽ നീണ്ടുവളർന്നു കിടന്നിരുന്ന മുടി 20 സെന്റീമീറ്ററോളം വെട്ടിക്കളഞ്ഞാണ് 45 കിലോയിലെത്തിച്ചത്.
ഭക്ഷണവും വെള്ളവും ഒഴിവാക്കിയതിന്റെ ക്ഷീണം ശരീരത്തെ വല്ലാതെ ബാധിച്ചിരുന്നു. അതിനാൽ പ്രതീക്ഷ പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്ന് സഫ്ന പറഞ്ഞു. ഒക്ടോബറിൽ നടന്ന ദേശീയ സീനിയർ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 169 കിലോ ഉയർത്തിയതാണ് സുഫ്‌നയുടെ മികച്ച പ്രകടനം. ദേശീയ റെക്കാർഡ് തിരുത്തിയ പ്രകടനമായിരുന്നു അത്. രാജ്യത്തെ മികച്ച വെയ്റ്റ്‌ലിഫ്റ്റർ എന്ന അംഗീകാരവും സുഫ്‌നയെ തേടിയെത്തി.
രണ്ട് വർഷമായി സ്‌പോർട്‌സ് കൗൺസിലിന്റെ കോച്ച് ചിത്ര ചന്ദ്രമോഹന്റെ ശിക്ഷണത്തിലാണ് പരിശീലനം. ദേശീയ ഗെയിംസിൽ ലഭിച്ച സ്വർണം കോച്ചിന് സമർപ്പിക്കുന്നതായും സുഫ്‌ന പറഞ്ഞു. ഇരിഞ്ഞാലക്കുട സ്വദേശികളായ സലീം-ഖദീജ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് സുഫ്ന. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ സുഫ്‌ന റെയിൽവേയിൽ ജോലിയിൽ പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |