
കേരളത്തിനെതിരായ രഞ്ജി ഫൈനലിൽ വിദർഭ ആദ്യദിനം 254/4
മലേവാറിന് സെഞ്ച്വറി(138*) കരുൺ നായർക്ക് അർദ്ധസെഞ്ച്വറി(86)
വിദർഭ കരകയറിയത് 24/3 എന്ന സ്ഥിതിയിൽ നിന്നും
നാഗ്പൂർ : ചരിത്രത്തിലാദ്യമായി ഇറങ്ങിയ രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാം പന്തിൽതന്നെ എതിരാളിയുടെ ആദ്യ വിക്കറ്റ്, അവർ 24 റൺസിലെത്തുമ്പോഴേക്കും വീഴ്ത്തിയത് മൂന്നുവിക്കറ്റുകൾ... സ്വപ്നതുല്യമായിരുന്നു ഇന്നലെ നാഗ്പൂർ ജാംതയിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വിദർഭയ്ക്ക് എതിരെ കേരളത്തിന്റെ തുടക്കം. എന്നാൽ അവിടെനിന്ന് കളിയുടെ കഴിഞ്ഞാൺ ഏറ്റെടുത്ത മറുനാടൻ മലയാളിയായ കരുൺ നായരും (86 റൺസ്) ഡാനിഷ് മലേവാറും (138 നോട്ടൗട്ട്) ചേർന്ന് ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ വിദർഭയെ 254/4 എന്ന സ്കോറിലെത്തിച്ചു. അവസാന സെഷന്റെ അവസാന ഘട്ടത്തിലാണ് കരുൺ റൺഔട്ടായത്. 13-ാം ഓവർ മുതൽ 82-ാം ഓവർ വരെ ക്രീസിൽ നിന്ന ഡാനിഷും കരുണും കൂട്ടിച്ചേർത്തത് 215 റൺസാണ്.
മിന്നൽ വിക്കറ്റ്
മത്സരത്തിൽ ടോസ് നേടിയ കേരള ടീം ക്യാപ്‌ടൻ സച്ചിൻ ബേബി വിദർഭയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.രാവിലെ പിച്ചിൽ നിന്നുള്ള ആനുകൂല്യം ശരിക്കും മുതലാക്കിയ എം.ഡി നിതീഷാണ് ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ വിദർഭ ഓപ്പണർ പാർത്ഥ് രഖാദേയെ(0) എൽ.ബിയിൽ കുരുക്കി മടക്കി അയച്ചത്.അമ്പയർ മദനഗോപാൽ വിരലുയർത്തിയില്ലെങ്കിലും കേരള താരങ്ങൾ ഡി.ആർ.എസിലൂടെയാണ് ഈ വിക്കറ്റ് നേടിയെടുത്തത്.സ്കോർ ബോർഡ് തുറക്കും മുന്നേയായിരുന്നു വിക്കറ്റ് വീഴ്ച. പകരമിറങ്ങിയ ദർശൻ നൽകണ്ഡേയേയും(1) അധികം വാഴാൻ നിധീഷ് അനുവദിച്ചില്ല.ഏഴാം ഓവറിൽ ദർശനെ നിതീഷ് ബേസിലിന്റെ കയ്യിലെത്തിച്ചപ്പോൾ ടീം സ്കോർ 11/2.
തുടർന്ന് ഏദൻ ആപ്പിൾ ടോമിന്റെ ഉൗഴം. സെമിയിൽ കളിച്ച വരുൺ നായനാർക്ക് പകരം ഇന്നലെ പ്ളേയിംഗ് ഇലവനിലെത്തിയ ഏദൻ 13-ാം ഓവറിൽ അപകടകാരിയായ ധ്രുവ് ഷോറെയെ (16) കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈയിലെത്തിച്ചു. ഇതോടെയാണ് വിദർഭ 24/3 എന്ന നിലയിലായത്.
കളി മാറ്റിയ കരുൺ
തുടർന്ന് ക്രീസിലേക്കെത്തിയ കരുൺ നായരാണ് കൃത്യതയാർന്ന പ്രതിരോധവും സമയോചിതമായ ആക്രമണവും സമന്വയിപ്പിച്ച് ഡാനിഷ് മലേവാറിനൊപ്പം വിദർഭയെ വലിയ തകർച്ചയിൽ നിന്ന് രക്ഷപെടുത്തിയ കൂട്ടുകെട്ടിന് ചുക്കാൻ പിടിച്ചത്. കേരളത്തിന്റെ ബൗളർമാരെ കൃത്യമായി മനസിലാക്കിയായിരുന്നു ഇരുവരുടെയും ബാറ്റിംഗ്. ലഞ്ചിന് പിരിയുമ്പോൾ 81/3 എന്ന നിലയിലായിരുന്നു ആതിഥേയർ. ലഞ്ചിന് ശേഷം അർദ്ധസെഞ്ച്വറി തികച്ച ഡാനിഷ് പിന്നീട് സ്കോർ ഉയർത്താൻ തുടങ്ങി. ചായയ്ക്ക് മുന്നേ ഡാനിഷ് സെഞ്ച്വറിയിലെത്തി. 104 പന്തുകളിൽ നിന്ന് അൻപത് തികച്ച ഡാനിഷ് 168 പന്തുകളിൽ നിന്നാണ് തന്റെ രഞ്ജിയിലെ രണ്ടാം സെഞ്ച്വറി പൂർത്തിയാക്കിയത്. എന്നാൽ കരുൺ അപ്പോഴും പ്രകോപനങ്ങൾക്ക് വശംവദനാകാതെ ക്ഷമയോടെ ഷോട്ടുകൾ കളിച്ചു. ചായയ്ക്ക് പിരിയുമ്പോൾ 170/3 എന്ന നിലയിലായിരുന്നു വിദർഭ.
ചായയ്ക്ക് ശേഷമാണ് കരുൺ അർദ്ധസെഞ്ച്വറിയിലെത്തിയത്. 82-ാം ഓവറിൽ ന്യൂ ബോളെടുത്തതും കരുൺ റൺഔട്ടായി. കരുണിന്റെ ബാറ്റിൽ തട്ടിയ പന്ത് കീപ്പർ അസറുദ്ദീന്റെ കയ്യിൽ നിന്ന് വഴുതിയതോടെ റണ്ണിനായി ഓടിയ കരുണിനെ മികച്ചൊരു ഡയറക്ട് ത്രോയിലൂടെ രോഹൻ കുന്നുമ്മലാണ് പുറത്താക്കിയത്. 188 പന്തുകൾ നേരിട്ട കരുൺ എട്ട് ഫോറും ഒരു സിക്സുമടക്കം 86 റൺസാണ് നേടിയത്. തുടർന്നെത്തിയ യഷ് താക്കൂറാണ് (5*) ഡാനിഷിനൊപ്പം കളി നിറുത്തുമ്പോൾ ക്രീസിൽ. 259 പന്തുകൾ നേരിട്ട ഡാനിഷ് 14 ബൗണ്ടറികളും രണ്ട് സിക്സുകളും പായിച്ചിരുന്നു.
ലക്ഷ്യം ലീഡ്
ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടായി മികച്ച സ്കോർ ഉയർത്തുകയാണ് വിദർഭയുടെ ലക്ഷ്യം. ഡാനിഷും യഷ് താക്കൂറും ക്രീസിലുള്ളതും യഷ് റാഥോഡും നായകൻ അക്ഷയ് വാദ്കറും ഇറങ്ങാനുള്ളതുമാണ് ആതിഥേയരുടെ പ്രതീക്ഷ. അതേസമയം ഇന്ന് രാവിലത്തെ സെഷനിൽ പരമാവധി വിക്കറ്റുകൾ വീഴ്ത്തി വിദർഭയെ 350ൽ താഴെ ഒതുക്കാനാകും കേരളത്തിന്റെ ശ്രമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |