
ബെഗളുരു: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആദ്യ പ്ലേ ഓഫിൽ മുംബയ് സിറ്റി എഫ്.സിയെ ഗോൾ മഴയിൽ മുക്കിയ ബെംഗളുരു എഫ്.സി സെമി ഫൈനലിലെത്തി. ബെംളുരുവിന്റെ തട്ടകത്തിൽ നടന്ന പ്ലേ ഓഫിൽ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ആതിഥേയർ മുംബയ്‌യുടെ കഥ കഴിച്ചത്. സെമിയിൽ ഗോവ എഫ്.സിയാണ് ബെംഗളുരുവിന്റെ എതിരാളികൾ. ഏപ്രിൽ 2ന് ബെംഗളുരുവിന്റെ മൈതാനമായ ശ്രീകണ്ഠീരവയിൽ തന്നെയാണ് ഒന്നാം പാദ സെമി.
ഇന്നലെ ബോൾ പൊസഷനിൽ മുംബയ്ക്കായിരുന്നു ആധിപത്യമെങ്കിലും ഗോൾ കണ്ടെത്താൻ അവർക്കായില്ല. മറുവശത്ത് കിട്ടിയ അവസരങ്ങളിലെല്ലാം മുംബയ് ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയ ബെംഗളുരു ഐ.എസ്.എൽ പ്ലേഓഫിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കുകയായിരുന്നു. 9-ാം മിനിട്ടിൽ സുരേഷ് വാംഗ്‌ചം ബോക്സിനകത്ത് നിന്ന് വലങ്കാലൻ ഷോട്ടിലൂടെ നേടിയ ഗോളിൽ ബെംഗളുരു മുന്നിലെത്തി. 42-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി എഡ്‌ഗാർ മെൻഡസ് ബെഗളുരുവിന്റെ ലീഡുയർത്തി. രണ്ടാം പകുതിയിൽ 62-ാം മിനിട്ടിൽ റയാൻ വില്യംസും പിന്നാലെ 76-ാം മിനിട്ടിൽ സുനിൽ ഛെത്രിയും സ്കോർ ചെയ്തു. 89-ാം മിനിട്ടിൽ ജോർഗെ പെരേര ഡിയാസാണ് ബെംഗളുരുവിന്റെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.
ഗംഭീരം ഗുജറാത്ത്
അഹമ്മദാബാദ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് മുംബയ് ഇന്ത്യൻസിനെ 36റൺസിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 196 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബയ്ക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 160 റൺസേ നേടാനായുള്ളൂ.
സൂര്യകുമാർ യാദവിനും (28 പന്തിൽ 48), തിലക് വർമ്മയ്ക്കും (39), മിച്ചൽ സാന്റ്നർ (9 പന്തിൽ 18) മാത്രമേ മുംബയ് ബാറ്റർമാരിൽ പിടിച്ചു നിൽക്കാനായുള്ളൂ. രോഹിത് ശർമ്മ (8), റിക്കെൽറ്റൺ (6),ക്യാപ്‌ടൻ ഹാർദിക് പാണ്ഡ്യ (11), ഇംപാക്‌ട് പ്ലെയർ റോബിൻ മിൻസ് (3) എന്നിവരെല്ലാം നിരാശപ്പെടുത്തി.ഗുജറാത്തിനായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ എന്നിവർ രണ്ടും സായി കിഷോർ 1 വിക്കറ്റും വീഴ്‌ത്തി.
41പന്തിൽ 4 ഫോറും 2 സിക്സും ഉൾപ്പടെ63 റൺസ് നേടിയ ഓപ്പണർ സായി സുദർശനാണ് ഗുജറാത്ത് ഇന്നിംഗ്സലെ ടോപ് സ്കോററായത്.
ക്യാപ്‌ടൻ ശുഭ് മാൻ ഗിൽ (38), ജോസ് ബട്ട്ലർ (39) എന്നിവരും തിളങ്ങി. റുതർഫോർഡും (11 പന്തിൽ 18) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മുംബയ്ക്കായി ക്യാപ്‌ടൻ ഹാർദിക് പാണ്ഡ്യ 2 വിക്കറ്റ് വീഴ്‌ത്തി.
ദീപക് ചഹർ,ബോൾട്ട്, മുജീബ്,സത്യനാരായണ എന്നിവർ ഓരോ വിക്കറ്റുമായി തിളങ്ങി. വിലക്ക് മൂലം മുംബയ്‌യുടെ ആദ്യ മത്സരത്തിൽ ഹാർദികിന് കളിക്കാനായിരുന്നില്ല.
മുംബയ്‌യുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഗുജറാത്തിന്റെ സീസണിലെ ആദ്യ ജയവും.
വിഘ്നേഷില്ല
മുംബയ്ക്കായി ചെന്നൈക്കെതിരായ ആദ്യമത്സരത്തിൽ 3 വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവച്ച മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിന് ഇന്നലെ അവസരം ലഭിച്ചില്ല. ഇംപാക്‌ട് പ്ലെയറുടെ ലിസ്റ്റിലും വിഘ്നേഷില്ല.
ഡബിൾ
ധമാക്ക
ന്യൂഡൽഹി: ഐ.പി.എല്ലിൽ ഇന്ന് ഇരട്ട പോരാട്ടം. ഇന്ന് വൈകിട്ട് 3.30ന് തുടങ്ങുന്ന പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസും സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലും രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലും ഏറ്റുമുട്ടും. ഡൽഹിയുടെ രണ്ടാമത്തേയും മറ്റ് ടീമുകളുടെ മൂന്നാമത്തേയും മത്സരമാണിത്. ഡൽഹി സ്വന്തം തട്ടകത്തിലാണ് ഹൈദരാബാദിനെ നേരിടുന്നത്. സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഡൽഹി ലക്നൗ സൂപ്പർ ജയ്ന്റസിനെ തോൽപ്പിച്ചിരുന്നു. ഹൈദരാബാദ് ആദ്യ മത്സരത്തിൽ രാജസ്ഥാനെ കീഴടക്കിയപ്പോൾ രണ്ടാം മത്സരത്തിൽ ലക്നൗവിനോട് തോറ്റു.
കളിച്ച രണ്ട് മത്സരങ്ങളും തോറ്റ രാജസ്ഥാൻ സീസണിലെ ആദ്യ ജയം തേടിയാണ് ഹോം ഗ്രൗണ്ടിൽ ചെന്നൈയിയെ നേരിടുന്നത്. മത്സരത്തിന് മഴഭീഷണിയുണ്ട്. സി.എസ്.കെ ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ തോൽപ്പിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ആർ.സി.ബിയോട് തോറ്റിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |