
ആളും അർത്ഥവും ആവശ്യത്തിലധികമുണ്ടെങ്കിലും ഒരു പ്രയോജനവുമില്ലാത്ത സ്ഥിതിയിലാണ് ഇക്കുറി മുംബയ് ഇന്ത്യൻസിന്റെ പോക്ക്. എല്ലാ സീസണിലും തോറ്റു തുടങ്ങുന്നതാണ് ശീലമെങ്കിലും പിന്നീട് വിജയത്തിലേക്ക് തിരിച്ചുവരാറുണ്ട്. ഇത്തവണ പക്ഷേ ഹാർദിക് പാണ്ഡ്യയുടെ ടീമിന് അത് വലിയ ബുദ്ധിമുട്ടായിരിക്കുമെന്ന് ആരാധകർ തന്നെ വിലയിരുത്തുന്നു. കളിച്ച അഞ്ചുമത്സരങ്ങളിൽ നാലിലും തോൽക്കാനായിരുന്നു മുംബയ്‌യുടെ വിധി. കഴിഞ്ഞ ദിവസം സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ ആർ.സി.ബിക്ക് എതിരെയായിരുന്നു നാലാം തോൽവി.
രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ,ജസ്പ്രീത് ബുംറ എന്നിങ്ങനെ വിവിധ ഫോർമാറ്റുകളിലായി ഇന്ത്യയെ നയിച്ച് പരിചയമുള്ള നാലുപേർ ടീമിലുണ്ടായിട്ടും നല്ലൊരു നായകന്റെ അഭാവമാണ് മുംബയ് നിരയിൽ നിഴലിക്കുന്നതെന്ന് ഇതുവരെയുള്ള മത്സരങ്ങൾ വിലയിരുത്തുമ്പോൾ മനസിലാകും. നായകനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ തീരുമാനങ്ങൾ ടീമിന് ഗുണപ്രദമാകുന്നില്ലെന്ന വിമർശനം ആർ.സി.ബിക്കെതിരായ മത്സരത്തോടെ ശക്തമായിട്ടുണ്ട്.
മറ്റേതൊരു ടീമിനെക്കാളും വിഭവങ്ങൾ മുംബയ്‌ക്കുണ്ട്. രോഹിത്,സൂര്യ,റിക്കിൾട്ടൺ,തിലക് വർമ്മ,വിൽ ജാക്സ്, നമാൻ ധിർ , പാണ്ഡ്യ തുടങ്ങിയ ബാറ്റർമാർ, കഴിഞ്ഞ കളിയിലൂടെ തിരിച്ചെത്തിയ ബുംറയേയേും ബൗൾട്ടിനെയും പോലെ പരിചയസമ്പന്നരായ പേസർമാർ, മിച്ചൽ സാന്റ്നറെന്ന മികച്ച സ്പിന്നർ, വിഘ്നേഷ് പുത്തൂരിനെയും അശ്വനികുമാറിനേയും പോലുള്ള പുതുമുഖങ്ങൾ...ഇങ്ങനെ ആയുധങ്ങൾ ഒരുപാട് ആവനാഴിയിൽ വച്ചിട്ടാണ് മുംബയ് നിരനിരയായി തോൽവികൾ ഏറ്റുവാങ്ങുന്നത്. തങ്ങളുടെ കളിക്കാരെ കൃത്യമായി ഉപയോഗിച്ചാൽ മാത്രം മതി മുംബയ്‌ക്ക് വിജയിക്കാൻ.
നാളെ സൺറൈസേഴ്സ് ഹൈദരാബാദുമായാണ് മുംബയ്‌യുടെ അടുത്ത മത്സരം. സൺറൈസേഴ്സും നാലു തോൽവികൾ നേരിട്ടവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |