
ചെന്നൈ സൂപ്പർ കിംഗ്സിനെ 18 റൺസിന് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്
പഞ്ചാബ് 219/6,പ്രിയാംശ് ആര്യ 103
മുള്ളൻപുർ : സെഞ്ച്വറി നേടിയ ഓപ്പണർ പ്രിയാംശ് ആര്യയുടെ (42 പന്തുകളിൽ ഏഴു ഫോറുകളും ഒൻപത് സിക്സുകളുമടക്കം 103 റൺസ്) മികവിൽ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ ഐ.പി.എൽ മത്സരത്തിൽ വിജയം നേടി പഞ്ചാബ് കിംഗ്സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 219/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ചെന്നൈയുടെ മറുപടി 201/5ലൊതുങ്ങി.
പഞ്ചാബിന്റെ ഒരറ്റത്ത് വിക്കറ്റുകൾ പൊഴിഞ്ഞപ്പോൾ ഒറ്റയാനെപ്പോലെ പൊരുതിയാണ് പ്രിയാംശ് സെഞ്ച്വറി നേടിയത്.
പ്രഭ്സിമ്രാൻ സിംഗ് (0),ശ്രേയസ് അയ്യർ(9),മാർക്കസ് സ്റ്റോയ്നിസ് (4), നെഹാൽ വധേര(9), ഗ്ളെൻ മാക്സ്‌വെൽ(1) എന്നിവരുടെ വിക്കറ്റുകൾ ആദ്യ എട്ടോവറിനുള്ളിൽ നഷ്ടമായിരുന്നു. 83/6 എന്നനിലയിൽ ക്രീസിൽ ഒരുമിച്ച പ്രിയാംശും ശശാങ്കും ചേർന്ന് 154ലെത്തിച്ചു. ഏഴാമനായിറങ്ങിയ ശശാങ്ക് സിംഗ് 52 റൺസും എട്ടാമനായി ഇറങ്ങിയ മാർക്കോ യാൻസൻ പുറത്താകാതെ 38 റൺസും നേടിയാണ് 200 കടത്തിയത്.
മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി രചിൻ രവീന്ദ്ര(36),ഡെവോൺ കോൺവോയ്(69) എന്നിവർ നന്നായി തുടങ്ങിയിരുന്നു. എന്നാൽ ഏഴാം ഓവറിൽ രചിനും എട്ടാം ഓവറിൽ റുതുരാജ് ഗെയ്കക്ക്‌വാദും പുറത്തായി. തുടർന്ന് കോൺവേയും ശിവം ദുബെയും (42)ചേർന്ന് പോരാട്ടം തുടർന്നു.16-ാം ഓവറിൽ ശിവം ദുബെ പുറത്തായതും 18-ാം ഓവറിൽ ഡെവോൺ കോൺവേ പരിക്കറ്റ് മടങ്ങിയതും ചെന്നൈയ്ക്ക് തിരിച്ചടിയായി. തുടർന്ന് ധോണിയും (12 പന്തുകളിൽ 27 റൺസ് ) ക്രീസിലൊരുമിച്ചെങ്കിലും അവസാന ഓവറിന്റെ ആദ്യപന്തിൽ ധോണി പുറത്തായതോടെ ചെന്നൈയുടെ കാര്യത്തിൽ തീരുമാനമായി.
ഈ സീസണിലെ അഞ്ചുമത്സരങ്ങളിൽ ചെന്നൈയുടെ നാലാം തോൽവി.
നാലുകളികളിൽ മൂന്ന് വിജയവുമായി പഞ്ചാബ് നാലാം സ്ഥാനത്ത്.
ഹോംഗ്രൗണ്ടായ മുള്ളൻപുരിലെ പഞ്ചാബിന്റെ ആദ്യ ജയം.
ഈ സീസണിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് പ്രിയാംശ് ആര്യ
150
ഐ.പി.എല്ലിൽ 150 ക്യാച്ചുകൾ എടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പറായി ധോണി റെക്കാഡ് സൃഷ്ടിച്ചു. നെഹാൽ വധേരയായിരുന്നു ധോണിയുടെ 150-ാമത് ഇര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |