SignIn
Kerala Kaumudi Online
Thursday, 22 October 2026 5.18 PM IST

നാലടി മേലേ ലക്നൗ

ipl

ലക്നൗ സൂപ്പർ ജയന്റ്സ് 4 റൺസിന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ തോൽപ്പിച്ചു

ലക്നൗ 238/3 , കൊൽക്കത്ത 234/7

മിച്ചൽ മാർഷിനും(81) നിക്കോളാസ് പുരാനും (87* )അർദ്ധസെഞ്ച്വറി

കൊൽക്കത്ത : ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ നാലുറൺസിന് കീഴടക്കി ലക്നൗ സൂപ്പർ ജയന്റ്സ്. ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് ഉയർത്തിയപ്പോൾ കൊൽക്കത്തയ്ക്ക് 234/7ലേ എത്താനായുള്ളൂ.

അർദ്ധസെഞ്ച്വറികൾ നേടിയ ഓപ്പണർ ഷോൺ മാർഷും (48 പന്തുകളിൽ 81 റൺസ്) ഫസ്റ്റ്ഡൗൺ നിക്കോളാസ് പുരാനും ( 36 പന്തുകളിൽ 87 നോട്ടൗട്ട് ), 28 പന്തുകളിൽ 47 റൺസ് നേടിയ ഓപ്പണർ എയ്ഡൻ മാർക്രമും ചേർന്നാണ് ലക്നൗവിനെ മികച്ച സ്കോറിൽ എത്തിച്ചത്. മറുപടക്കിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ക്യാപ്ടൻ അജിങ്ക്യ രഹാനെ (61), വെങ്കടേഷ് അയ്യർ (45).സുനിൽ നരെയ്ൻ(30), റിങ്കു സിംഗ് (38*)എന്നിവർ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.

മാർഷും മാർക്രമും ചേർന്ന് തുടക്കം മുതലേ അടിച്ചുതകർക്കുകയായിരുന്നു. 10.2 ഓവറിൽ 99 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് മാർക്രം ഹർഷിത് റാണയുടെ പന്തിൽ ബൗൾഡായത്. 28 പന്തുകൾ നേരിട്ട മാർക്രം നാലുഫോറുകളും രണ്ട് സിക്സുകളും പായിച്ചു. തുടർന്നിറങ്ങിയ നിക്കോളാസ് പുരാൻ തകർത്താടിയതോടെ ലക്നൗ സ്കോർ വീണ്ടുമുയർന്നു. 30 പന്തുകൾ മാത്രം ക്രീസിലുണ്ടായിരുന്ന മാർഷ്-പുരാൻ സഖ്യം കൂട്ടിച്ചേർത്തത് 69 റൺസാണ്. തലങ്ങും വിലങ്ങും ഫോറും സിക്സും പായിച്ച സഖ്യം ടീം സ്കോർ 170ലെത്തിച്ചശേഷമാണ് പിരിഞ്ഞത്. ആറുഫോറുകളും അഞ്ചുസിക്സും പായിച്ച മാർഷിനെ റസലാണ് മടക്കി അയച്ചത്. പകരമറങ്ങിയ അബ്ദുൽ സമദ് (6) ഹർഷിതിന് ഇരയായെങ്കിലും ഏഴുഫോറും എട്ടുസിക്സും പറത്തിയ പുരാന്റെ വെടിക്കെട്ട് ടീമിനെ 238ലെത്തിച്ചു.

മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് ഓപ്പണർ ഡികോക്കിനെ (15) മൂന്നാം ഓവറിൽ നഷ്ടമായി. തുടർന്ന് നരെയ്നും രഹാനെയും ചേർന്ന് ഏഴാം ഓവറിൽ 91ലെത്തിച്ചു. നരെയ്നെ ദിഗ്‌വേഷ് പുറത്താക്കിയശേഷം ക്രീസിലെത്തിയ വെങ്കടേഷും രഹാനെയും ചേർന്ന് 11.5 ഓവറിൽ 162ലെത്തിച്ചപ്പോൾ കൊൽക്കത്തയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ തുടർന്ന് വിക്കറ്റുകൾ പൊഴിഞ്ഞത് വിനയായി. രഹാനയെ പുരാന്റെ കയ്യിലെത്തിച്ച് ശാർദൂലാണ് കൊൽക്കത്തയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്.പിന്നാലെ രമൺദീപിനെ(1) രവി ബിഷ്ണോയ്‌യും രഘുവംശിയെ(5)ആവേശ് ഖാനും തിരിച്ചയച്ചു.16-ാം ഓവറിൽ ആകാശ്ദീപാണ് വെങ്കടേഷിനെ പുറത്താക്കിയത്. അടുത്ത ഓവറിൽ താക്കൂർ റസലിനെയും പുറത്താക്കി. തുടർന്ന് റിങ്കുവും ഹർഷിതും (10*) പൊരുതിയെങ്കിലും വിജയത്തിലെത്താനായില്ല.

3

ലക്നൗവിന്റെ ഈ സീസണിലെ മൂന്നാം ജയം. കൊൽക്കത്തയുടെ മൂന്നാം തോൽവി.

4

മിച്ചൽ മാർഷിന്റെ ഈ സീസണിലെ അഞ്ചുമത്സരങ്ങളിൽ നാലാം അർദ്ധസെഞ്ച്വറി.

288

റൺസുമായി നിക്കോളാസ് പുരാൻ സീസൺ റൺവേട്ടയിൽ ഒന്നാമത്. മൂന്ന് അർദ്ധസെഞ്ച്വറികൾ പുരാൻ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360