SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.19 AM IST

വിജയ വൈശാലി

vaisali

വനിതാ കാൻഡിഡേറ്റ്സ് ചെസ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി ആർ.വൈശാലി

ലിമാസോൾ : അടുത്ത ലോക ചെസ് ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ നിലവിലെ ലോക ചാമ്പ്യന്റെ എതിരാളിയെ കണ്ടെത്തുന്നതിനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിന്റെ വനിതാ വിഭാഗം ചാമ്പ്യനായി ഇന്ത്യയുടെ ആർ.വൈശാലി.സൈപ്രസിലെ ലിമാസോളിൽ നടന്ന വനിതാ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ 14 റൗണ്ടുകൾ നീണ്ടുനിന്ന മത്സരങ്ങളിൽ 8.5 പോയിന്റ് നേടിയാണ് വൈശാലി ഒന്നാമതെത്തിയത്. ഈ വർഷം നടക്കുന്ന ലോക വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ വൈശാലി നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ജു വെൻജുനെ നേരിടും. ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി.

ടൂർണമെന്റിലുടനീളം അസാമാന്യമായ മനക്കരുത്തും പോരാട്ടവീര്യവുമാണ് വൈശാലി പുറത്തെടുത്തത്. നിർണ്ണായകമായ അവസാന റൗണ്ടിൽ റഷ്യയുടെ ശക്തയായ കതരീന ലാഗ്നോയെ പരാജയപ്പെടുത്തിയത് വിജയത്തിൽ നിർണായകമായി. തുടക്കത്തിൽ റേറ്റിംഗിൽ ഒമ്പതാം സ്ഥാനത്തായിരുന്നിട്ടും, ലോകോത്തര താരങ്ങളെ ഒന്നിനുപുറകെ ഒന്നായി അട്ടിമറിച്ചാണ് ഈ ചെന്നൈ സ്വദേശിനി തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത്.

ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രനേട്ടം വൈശാലി ഇതോടെ സ്വന്തം പേരിലാക്കി. ഇതിഹാസ താരം വിശ്വനാഥൻ ആനന്ദിനും നിലവിലെ ലോക ചാമ്പ്യൻ ഡി. ഗുകേഷിനും ശേഷം ഈ പദവിയിലെത്തുന്ന ഏക ഇന്ത്യൻ താരമാണ് വൈശാലി. കഴിഞ്ഞ വർഷത്തെ ടൂർണമെന്റിൽ തലനാരിഴയ്ക്ക് നഷ്ടമായ കിരീടം ഇത്തവണ തിരിച്ചുപിടിച്ചതിലൂടെ വൈശാലി തന്റെ സ്ഥിരതയാർന്ന മികവ് ഒരിക്കൽ കൂടി തെളിയിച്ചു.

സഹോദരൻ ആർ. പ്രഗ്നാനന്ദയ്‌ക്കൊപ്പം അന്താരാഷ്ട്ര ചെസ്സ് ഭൂപടത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ വൈശാലിയുടെ അടുത്ത ലക്ഷ്യം ലോക കിരീടമാണ്.മത്സരത്തിന്റെ വേദിയും തീയതിയും അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ വൈകാതെ പ്രഖ്യാപിക്കും.

ഗുകേഷിന് എതിരാളി

സിന്ദാറോവ്

പുരുഷ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷിനെ നേരിടാനെത്തുന്നത് ഉസ്ബക്കിസ്ഥാൻ ഗ്രാൻഡ്മാസ്റ്ററായ ജാവോഖിർ സിന്ദാറോവാണ്. സൈപ്രസിൽ നടന്ന കാൻഡിഡേറ്റ്സിൽ അതികായരായ ഹിക്കാരു നക്കാമുറ, ഫാബിയാനോ കരുവാന,അനിഷ് ഗിരി, പ്രഗ്നാനന്ദ തുടങ്ങിയവരെ മറികടന്നാണ് 20കാരനായ സിന്ദാറോവ് കിരീടം നേടിയത്. 13 റൗണ്ടുകളിൽ ആറ് വിജയങ്ങളും ഏഴ് സമനിലകളുമായി അപരാജിതനായി കുതിച്ച താരം 9.5 പോയിന്റ് സ്വന്തമാക്കി. പന്ത്രണ്ടാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി അണിഞ്ഞ് ലോകത്തെ അമ്പരപ്പിച്ച സിന്ദാരോവ്, നിലവിൽ ലോക റാങ്കിംഗിൽ പതിനൊന്നാം സ്ഥാനത്താണ്.

ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ 138 വർഷത്തെ ചരിത്രത്തിൽ തുടർച്ചയായ രണ്ടാം തവണയാണ് രണ്ട് ഏഷ്യൻ താരങ്ങൾ ഫൈനലിൽ ഏറ്റുമുട്ടുന്നത്. നവംബറിൽ നടക്കുന്ന പോരാട്ടത്തിൽ ഗുകേഷും സിന്ദാരോവും കളത്തിലിറങ്ങുമ്പോൾ ഇരുവരും 21 വയസ്സിൽ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്.

ഇതൊരു സ്വപ്ന സാഫല്യമാണ്. എന്റെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണിത്. ലോക ചാമ്പ്യൻഷിപ്പിനായുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കും -

- ആർ. വൈശാലി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, VAISHALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360