
ഐ.പി.എൽ : ആർ.സി.ബി-ഗുജറാത്ത് ഒന്നാം ക്വാളിഫയർ ഇന്ന്
ധരംശാല: ഐ.പി.എൽ 19-ാംസീസണിലെ പ്ലേ ഓഫ് പോരാട്ടത്തിന് ഇന്ന് തുടക്കം. രാത്രി 7.30 മുതൽ ധരംശാലയിൽ നടക്കുന്ന ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ ആർ.സി.ബിയും ഗുജറാത്ത് ടൈറ്രൻസും തമ്മിൽ ഏറ്റുമുട്ടും. ജയിക്കുന്ന ടീം ഫൈനലിലെത്തും. തോൽക്കുന്ന ടീം എലിമനേറ്ററിൽ ജയിച്ചെത്തുന്ന ടീമുമായി ക്വാളിഫയർ 2ൽ ഫൈനൽ ബർത്തിനായി മത്സരിക്കാൻ അവസരമുണ്ട്.
ലീഗ് ഘട്ടത്തിൽ 14 മത്സരങ്ങളിൽ ഒമ്പതിലും ജയിച്ച് 18 പോയിന്റുമായാണ് ആർ.സി.ബിയും ഗുജറാത്തും പോയിന്റ് ടേബിളിൽ 18 പോയിന്റ് വീതം നേടിയ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയത്. മികച്ച നെറ്റ് റൺറേറ്റിന്റെ പിൻബലത്തിലാണ് ആർ.സി.ബി ഒന്നാമൻമാരായത്.
ഏപ്രിൽ 24ന് ആർ.സി.ബിക്കെതിരെ തോൽവി വഴങ്ങിക്കഴിഞ്ഞ ശേഷമാണ് തകർപ്പൻ പ്രകടനം പുറത്തെടുത്ത് ജി.ടി പോയിന്റ് ടേബിളിൽ ആദ്യ സ്ഥാനങ്ങളിലേക്ക് കുതിച്ചെത്തിയത് എന്നാണ് യാഥാർത്ഥ്യം. തുടന്ന് കളിച്ച 7 മത്സരങ്ങളിൽ 6ലും ജയിക്കാൻ ജി.ടിക്ക് കഴിഞ്ഞു. മൂന്ന് മത്സരങ്ങളിൽ 200ന് മുകളിൽ സ്കോർ കണ്ടെത്താനും അവർക്കായി. റൺറേറ്റും ഉയർത്താൻ കഴിഞ്ഞു.
മറുവശത്ത് ആർ.സി.ബി ലീഗ് ഘട്ടത്തിൽ ഉടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടർച്ചയായ രണ്ട് സീസണുകളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താനായി എന്നത് ആർ.സി.ബിയുടെ സ്ഥിരതയുടെ ഉദാഹരണമാണ്. ഈ സീസണിൽ ലീഗ് ഘട്ടത്തിന്റെ ആദ്യപകുതിയിൽ അഞ്ചും രണ്ടാം പകുതിയിൽ നാലും വിജയങ്ങൾ നേടാൻ അവർക്കായി. ജി.ടിയെകീഴടക്കി അഹമ്മദാബാദ് വേദിയാകുന്ന ഫൈനലുറപ്പിക്കാൻ വലിയ തയ്യാറെടുപ്പാണ് ആർസി.ബി നടത്തുന്നത്. ഹോം ഗ്രൗണ്ടായ അഹമ്മദാബാദിൽ ജി.ടിയെ നേരിടാൻ അവർ ആഗ്രഹിക്കുന്നില്ല. ഗുജറാത്ത് അഹമ്മദാബാദിൽ അവസാനം കളിച്ച 4 മത്സരങ്ങളിലും ജയിച്ചുരുന്നു.
ടീം ന്യൂസ്
ആർ.സി.ബി- ഈ സീസണിൽ വളരെ കുറച്ച് മാറ്റങ്ങളെ ആർ.സി.ബി ഇലവനിൽ നടത്തിയിട്ടുള്ളൂ. പരിക്കിന്റെ പിടിയിലായ ഫിൽ സാൾട്ട തിരിച്ചെത്തിയതിനാൽ കൊഹാലിക്കൊപ്പം അദ്ദേഹം ഓപ്പണറായി വന്നേക്കും. അതേസമയം കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി ഇറങ്ങി അടിച്ചു തകർത്ത വെങ്കിടേഷ് അയ്യരെ ഒഴിവാക്കുക എന്നത് തലവേദനയാണ്. ധർംശാലയിലെ സാഹചര്യം കണക്കിലെടുത്ത് സ്പിന്നർ സുയാൻഷിന് പകരം ജേക്കബ് പേസർ ജേക്കബ് ഡുഫി കളിച്ചേക്കും.
സാധ്യതാ ടീം- കൊഹ്‌ലി, സാൾട്ട്/വെങ്കിടേഷ്,ദേവ്‌ദത്ത്,പാട്ടിദാർ,ജിതേഷ്,ഷെപ്പേർഡ്,ഡേവിഡ്,ക്രുനാൽ,ഭുവനേശ്വർ,ഡുഫി/സുയാൻഷ്, ഹാസൽവുഡ്, ഇംപാക്ട് പ്ലെയർ- റാസിക് സലാം.
ഗുജറാത്ത്-
ജി.ടിയും സീസണിൽ ഇലവനിൽ അധികം മാറ്റങ്ങൾ വരുത്തിയിട്ടില്ല. അധിക ബാറ്രറായി നിഷാന്ത് സിന്ധു തുടർന്നേക്കും. ഇംപാക്ട് പ്ലെയർ ലിസ്റ്റിലുള്ള പേസർ പ്രസിദ്ധ് കൃഷ്ണ, സ്പിന്നർമാരായ സായ് കിഷോർ, മാനവ് സുതർ എന്നിവരിൽ ആരെ കളിപ്പിക്കണമെന്ന തലവേദനമാത്രമേയുള്ളൂ.
സാധ്യതാ ടീം- ഗിൽ,സായ്,ബട്ട്‌ലർ,സുന്ദർ,ഹോൾഡർ,തെവാതിയ,നിഷാന്ത്,റാഷിദ്,അർഷദ്,റബാഡ, സിറാജ്, ഇംപാക്ട് പ്ലെയർ- പ്രസിദ്ധ്/മാനവ്/സായ് കിഷോർ.
നോട്ട് ദ പോയിന്റ്
ഗുജറാത്ത് ടൈറ്രൻസ് ഇതുവരെ ധരംശാലയിലെ എച്ച്,പി.സി.എ സ്റ്റേഡിയത്തിൽ കളിച്ചിട്ടില്ല.
ക്വാളിഫയർ 1ൽ തോൽക്കുന്ന ടീമിന് വലിയ യാത്രയാണ് ചെയ്യേണ്ടി വരുന്നത്. ധരംശാലയിൽ നിന്ന് ന്യൂചണ്ഡിഗഡിൽ എത്തി മൂന്ന് ദിവത്തിനുള്ള ക്വാളിഫയർ 2 മത്സരം കളിക്കണം. ആ മത്സരത്തിൽ ജയിച്ചാൽ ഒരു ദിവസത്തിന്റെ ഗാപ്പിൽ അഹമ്മദാബാദിൽ എത്തി ഫൈനൽ കളിക്കണം.
പവർപ്ലേയിലെ മികച്ച ബൗളിംഗ് യൂണിറ്റുകളുള്ള ടീമുകളാണ് ഗുജറാത്തും ആർ.സി.ബിയും. ഈസീസണിൽ ഗുജറാത്ത് പവർപ്ലേയിൽ 30ഉം ആർ.സി.ബി 28 വിക്കറ്റും നേടിയിട്ടുണ്ട്.
മുഖാമുഖം വന്ന മത്സരങ്ങളിൽ നാല് എണ്ണത്തിൽ ഇരുടീമും ജയിച്ചിട്ടുണ്ട്.
പിച്ച് റിപ്പോർട്ട്
പേസ് ബൗളിംഗിനേയും ബാറ്റിംഗിനെയും തുണയ്ക്കുന്ന പിച്ചാണ് ധരംശാലയിലേത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |