
ഉദ്ഘാടനമത്സരത്തിൽ ഗോളുകളേക്കാൾ കൂടുതൽ ചുവപ്പുകാർഡുകൾ
മെക്സിക്കോ സിറ്റി : കഴിഞ്ഞ രാത്രി മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന
ഉദ്ഘാടനമത്സരത്തിൽ പിറന്ന ഗോളുകളുടെ എണ്ണം രണ്ട്, ചുവപ്പുകാർഡുകൾ മൂന്ന്.ചരിത്രത്തിലാദ്യമായാണ് ഒരു ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ഇത്രയും ചുവപ്പുകാർഡുകൾ റഫറിക്ക് പുറത്തെടുക്കേണ്ടിവരുന്നത്. ഗോളുരണ്ടും മെക്സിക്കോക്കാരാണടിച്ചത്. ചുവപ്പിൽ രണ്ടെണ്ണം വാങ്ങിയത് ദക്ഷിണാഫ്രിക്കക്കാർ. കളിതീരുന്നതിന് മുമ്പ് മെക്സിക്കോ നായകൻ തന്നെ തങ്ങളുടെ പങ്ക് ഏറ്റുവാങ്ങി. ബ്രസീലുകാരനായ വിൽട്ടൺ സാംപയോ ആയിരുന്നു റഫറി.
കാർഡെണ്ണം കൂടുതലായിരുന്നെങ്കിലും മത്സരം മൊത്തത്തിൽ അത്ര പരുക്കനായിരുന്നില്ല. ഫൗളുകൾ നിയന്ത്രിക്കാൻ കളിനിയമങ്ങളിൽ ഫിഫ വരുത്തിയ പരിഷ്കാരങ്ങളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഫൗളുകൾ കൃത്യമായി കണ്ടെത്താൻ കഴിയുന്നതും ഈ ലോകകപ്പിൽ ഡിഫൻഡർമാർക്ക് പണിയാകും എന്ന സൂചനയാണ് ആദ്യ മത്സരം നൽകിയത്.
49-ാം മിനിട്ടിൽ ഗുട്ടിറേസിനെ ബോക്സിന് തൊട്ടുപുറത്തുവച്ച് ഫൗൾ ചെയ്തതിന് ദക്ഷിണാഫ്രിക്കയുടെ ഫെഫെല്ലോ സിത്തോളെയാണ് ആദ്യ ചുവപ്പുവാങ്ങിയത്.
82-ാം മിനിട്ടിൽ മെക്സിക്കോയുടെ അൽവരാഡോയെ അനാവശ്യമായി തലയിൽ തട്ടിയതിന് തെംബ സ്വാനെയ്ക്ക് ചുവപ്പു നൽകിയത് വാർ പരിശോധിച്ച്.
90+2-ാം മിനിട്ടിൽ മെക്സിക്കോ നായകൻ സെസാർ മോണ്ടസ് ചുവപ്പുകണ്ടത് ഖുലീസോ മുദാവുവിനെ വലിച്ചിട്ടതിന്.
1994 മുതൽ 2022 വരെ നടന്ന ലോകകപ്പുകളുടെ ഉദ്ഘാടനമത്സരങ്ങളിൽ ഒന്നിൽപ്പോലും റഫറിക്ക് ചുവപ്പുകാർഡ് പുറത്തെടുക്കേണ്ടിയേ വന്നിട്ടില്ല.
2022 ലോകകപ്പിൽ ആകെ കാണിച്ചത് നാലുചുവപ്പ് മാത്രം. ഇത്തവണ ആദ്യ കളിയിൽതന്നെ മൂന്നെണ്ണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |