SignIn
Kerala Kaumudi Online
Saturday, 13 June 2026 3.23 AM IST

ആ ചെക്ക് കൊറിയ മടക്കി

world-cup

ചെക്ക് റിപ്പബ്ളിക്കിനെ 2-1ന് തോൽപ്പിച്ച് ദക്ഷിണകൊറിയ

വഡലഹാര : കളി തുടങ്ങിയപ്പോൾ മുതൽ പന്തടക്കത്തിലും ആക്രമണത്തിലും മുന്നിൽ നിന്നത് ദക്ഷിണകൊറിയ. പക്ഷേ ആദ്യ ഗോളടിച്ചത് ചെക്ക് റിപ്പബ്ളിക്ക്. ഒരടി കിട്ടിയപ്പോൾ കൊറിയക്കാർ ഉണർന്നു. കൊടുത്തുരണ്ടെണ്ണം തിരിച്ച്. ഇന്നലെ രാവിലെ ദക്ഷിണ കൊറിയയും ചെക്ക് റിപ്പബ്ളിക്കും തമ്മിലുള്ള എ ഗ്രൂപ്പ് മത്സരത്തിൽ ചെക്കിന്റെ വകയായി ഒരിക്കൽക്കൂടി പന്ത് വലവര കടന്നെങ്കിലും ഓഫ്സൈഡിന്റെ കൊടി ഉയർന്നുനിന്നു.

59-ാം മിനിട്ടിൽ ലാദിസ്ളാവ് ക്രേസിയിലൂടെയാണ് ചെക്ക് റിപ്പബ്ളിക്ക് ലീഡെടുത്തത്.67-ാം മിനിട്ടിൽ വാംഗ് ഇൻബോയമും 80-ാം മിനിട്ടിൽ ഓ ഹയേംഗ്യൂവും കൊറിയയ്ക്ക് വേണ്ടി സ്കോർ ചെയ്ത് വിധി അനുകൂലമാക്കി.

മെക്സിക്കോയിലെ വഡലഹാര സ്റ്റേഡിയത്തിൽ കൊറിയക്കാരുടെ കസറത്തുകൾ കണ്ടാണ് കളിതുടങ്ങിയത്. ആയകാലത്ത് ഇംഗ്ളീഷ് പ്രിമിയർലീഗ് ക്ളബ് ടോട്ടൻഹാമിനുവേണ്ടി ഗോളുകൾ അടിച്ചുകൂട്ടിയിരുന്ന അവരുടെ നായകൻ സൺ ഹ്യൂം മിന്നിന് പലതവണ അവസരങ്ങൾ ലഭിച്ചെങ്കിലും വലയിലേക്കുള്ള വഴി കണ്ടെത്താനായില്ല.പാളിപ്പോയ അവസരങ്ങളുടെ കണക്കെടുത്ത് ആദ്യ പകുതിക്ക് വിസിൽമുഴങ്ങി. രണ്ടാം പകുതിയിലും കുതറിത്തുടങ്ങിയ കൊറിയയെ ഞെട്ടിച്ചുകൊണ്ടാണ് ക്രേസിയുടെ ഗോൾ വീണത്. നീണ്ടുപറന്നുവന്ന ഒരു ത്രോ ഇന്നിന് തലവച്ചാണ് ചെക്ക് ക്യാപ്ടൻ കൊറിയയ്ക്ക് ആദ്യ ചെക്ക് വച്ചത്.

ഗോൾ വീണതോടെ പകരക്കാരെ ഇറക്കി ആക്രമണത്തിന് മൂർച്ചകൂട്ടിയ കൊറിയയുടെ തന്ത്രം ലക്ഷ്യംകണ്ടു. പ്രതിരോധത്തെ പിളർത്തി ലീ കാംഗ് ഇൻ നൽകിയ പന്ത് വാംഗ് ഇൻബോയം കാവലില്ലാത്ത വലയിലേക്ക് ചിപ്പ് ചെയ്തിടുകയായിരുന്നു.മൂന്നുവർഷത്തിന് ശേഷമാണ് വാംഗ് രാജ്യത്തിനായി ഒരു ഗോൾ നേടിയത്.അധികം വൈകാതെ ഹയേംഗ്യൂവിന് വിജയഗോളടിക്കാൻ പാസ് നൽകിയതും ഇൻബോയമാണ്.ഇതിന് തൊട്ടുമുമ്പാണ് ഒരു ഫ്രീകിക്കിൽ നിന്ന് തോമസ് സുസേക്ക് വലകുലുക്കിയപ്പോൾ ഓഫ്സൈഡ് വിളിച്ചത്.

വ്യാഴാഴ്ച രാത്രി ദക്ഷിണാഫ്രിക്കയുമായാണ് ചെക്കിന്റെ അടുത്ത കളി.കൊറിയ വെള്ളിയാഴ്ച മെക്സിക്കോയെ നേരിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SOUTHKOREA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360