
ആദ്യ മത്സരത്തിൽ ന്യൂസിലാൻഡുമായി 2-2ന് സമനിലയിൽ പിരിഞ്ഞ് ഇറാൻ
ലോസാഞ്ചലസ് : അമേരിക്കയുമായുള്ള യുദ്ധസാഹചര്യങ്ങളിൽ ഇളവ് വന്നതിന്റെ ആശ്വാസത്തിൽ കളിക്കളത്തിലിറങ്ങിയ ഇറാൻ രണ്ടുവട്ടം പിന്നിലായിട്ടും ന്യൂസിലാൻഡിനോട് സമനില പിടിച്ചു. ലോസാഞ്ചലസിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ ഇരുടീമുകളും 1-1നും രണ്ടാം പകുതിയിൽ 2-2നുമാണ് സമനില സമ്മതിച്ചത്. കിവീസിന് വേണ്ടി ഏലിയ ജസ്റ്റ് രണ്ടുഗോളുകളും നേടിയപ്പോൾ ഇറാനുവേണ്ടി റമിൻ റെസിയാനും മുഹമ്മദ് മൊഹെബ്ബിയുമാണ് സ്കോർ ചെയ്തത്.
ഏഴാം മിനിട്ടിൽ ബോക്സിനുള്ളിൽ ഇറാനിയൻ പ്രതിരോധക്കാർക്കിടയിൽ നിന്ന് ക്യാപ്ടൻ ക്രിസ് വുഡ് നെഞ്ചുകൊണ്ട് തട്ടിയിട്ട പന്താണ് ഏലിയ വലയിലേക്ക് കയറ്റിവിട്ടത്. പിന്നാലെ ഇറാന്റെ തരേമിയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ചുപോയി. 32-ാംമിനിട്ടിലാണ് പരിചയസമ്പന്നനായ ഡിഫൻഡർ റമിൻ സമനില നേടിയത്. ആദ്യ പകുതി ഈ സ്കോറിൽ അവസാനിച്ചപ്പോൾ 54-ാം മിനിട്ടിൽ വുഡിന്റെ മറ്റൊരുഗ്രൻ പാസിൽ നിന്ന് ഏലിയ അടുത്ത ഗോളും നേടി. 64-ാം മിനിട്ടിലാണ് ഒരു ലോംഗ് ക്രോസിന് തലവച്ച് മൊഹെബ്ബി കളിയുടെ തലവിധി മാറ്റിയെഴുതിയത്.
ഗ്രൂപ്പ് ജിയിൽ നാലുടീമുകൾക്കും ഓരോപോയിന്റ് വീതം. ന്യൂസിലാൻഡ് ഒന്നാമതും ഇറാൻ രണ്ടാമതും ബെൽജിയം മൂന്നാമതും ഈജിപ്ത് നാലാമതുമാണ്. ഞായറാഴ്ച രാത്രി ബെൽജിയവുമായാണ് ഇറാന്റെ അടുത്ത മത്സരം.ന്യൂസിലാൻഡ് തിളങ്കളാഴ്ച രാവിലെ ഈജിപ്തിനെ നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |