SignIn
Kerala Kaumudi Online
Saturday, 15 August 2026 1.45 AM IST

ജ്വലിക്കട്ടെ ഇന്ത്യ; ആദ്യ ടെസ്റ്റ് ഇന്ന് ഗാളിൽ തുടങ്ങുന്നു

cricket

ഇന്ത്യ - ശ്രീലങ്ക ആദ്യ ടെസ്റ്റ് ഇന്ന് ഗാളിൽ തുടങ്ങുന്നു

ഗാൾ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പുതിയ സീസണിലെ ആദ്യ പരമ്പരയിൽ വിജയം നേടുകയെന്ന ലക്ഷ്യവുമായാണ് ശുഭ്മാൻ ഗില്ലും കൂട്ടരും ലങ്കയിൽ എത്തിയിരിക്കുന്നത്. മുൻനിര പേസർ ജസ്പ്രീത് ബുറംയ്ക്കും ബാറ്റർ സായ് സുദർശനും പരിക്ക് തടയിട്ടെങ്കിലും പകരം ജമ്മുകാശ്മീർ താരം ആക്വിബ് നബിയേയും സായ്‌യ്ക്ക് പകരം സർഫറാസ് ഖാനേയും ടീമുൾപ്പെടുത്തി ശക്തമായ നിരയുമായാണ് കോച്ച് ഗംഭീർ ലങ്കയിലെത്തിയിരിക്കുന്നത്.

കെ.എൽ രാഹുൽ, യശസ്വി ജയ്സ്വാൾ, മറുനാടൻ മലയാളിയായ ദേവ്‌ദത്ത് പടിക്കൽ,വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്ത്, ധ്രുവ് ജുറേൽ തുടങ്ങിയവർ ബാറ്റർമാരായി ടീമിലുണ്ട്. രാഹുലാണ് ഉപനായകൻ.പരിക്കുമാറിയ വെറ്ററൻ ആൾറൗണ്ടർ രവീന്ദ്ര ജഡേജ ഈ പരമ്പരയിലൂടെ തിരിച്ചെത്തുന്നു. കുൽദീപ് യാദവും മാനവ് സുതറുമാണ് മറ്റ് രണ്ട് മുൻനിര സ്പിന്നർമാർ. അഫ്ഗാനെതിരായ അരങ്ങേറ്റ ടെസ്റ്റിൽ മാനവ് ഏഴ് വിക്കറ്റ് നേടിയിരുന്നു.

33കാരനായ സ്പിൻ ബൗളിംഗ് ആൾറൗണ്ടർ സാരാംശ് ജെയ്നാണ് ടീമിലെ പുതുമുഖം.ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരമാണ് സാരാംശ് ടീമിലെത്തിയത്. മദ്ധ്യപ്രദേശിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന സരാംശ് 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 181 വിക്കറ്റുകളും 2,223 റൺസും നേടിയിട്ടുണ്ട്. അടുത്തിടെ ശ്രീലങ്ക എ ടീമിനെതിരായ പരമ്പരയിൽ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

സിറാജാണ് ബുംറയ്ക്ക് പകരം പേസ് ബൗളിംഗിന്റെ ചുമതലക്കാരൻ. പ്രസിദ്ധ് കൃഷ്ണയും ഗുർനൂർ ബ്രാറും ആക്വിബ് നബിയും പേസർമാരായി സംഘത്തിലുണ്ട്.

ധനഞ്ജയ ഡിസിൽവയുടെ നേതൃത്വത്തിലാണ് ലങ്ക ഇറങ്ങുന്നത്. വിക്കറ്റ് കീപ്പർമാരായ ദിനേശ് ചാന്ദിമൽ, നിരോഷൻ ഡിക്ക്‌വെല്ല, വൈസ് ക്യാപ്ടൻ കാമിന്ദു മെൻഡിസ്,ഇടംകയ്യൻ സ്പിന്നർ പ്രഭാത് ജയസൂര്യ,അസിത ഫെർണാണ്ടോ തുടങ്ങിയവർ ലങ്കൻ നിരയിലുണ്ട്.മുൻ ഇന്ത്യൻ കോച്ച് ഗാരി കേഴ്സ്റ്റണാണ് ലങ്കൻ കോച്ച്.

സ്പിന്നർമാരുടെ കളിത്തട്ട്

ഗാളിലെ പിച്ച് ആദ്യ രണ്ട് ദിവസം കഴിഞ്ഞാൽ സ്പിന്നർമാർക്ക് അനുകൂലമായി മാറുമെന്നാണ് കണക്കുകൂട്ടലുകൾ. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ മൂന്ന് ഇടംകയ്യൻ സ്പിന്നർമാരെ നിയോഗിച്ചേക്കും. ജഡേജയ്ക്കൊപ്പം കുൽദീപ് യാദവിനും മാനവ് സുതറിനുമാകും നറുക്കുവീഴുക. വലംകയ്യൻ സ്പിന്നർ സാരാംശ് ജെയിനെ കളിപ്പിക്കുന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് ആലോചനകളിലാണ്. ലങ്കൻ നിരയിൽ ഇടംകയ്യൻ സ്പിന്നർ പ്രഭാത് ജയസൂര്യയാണ് കുന്തമുന.

സാദ്ധ്യതാ ഇലവനുകൾ

ഇന്ത്യ : കെ.എൽ. രാഹുൽ , യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ (ക്യാപ്ടൻ), ഋഷഭ് പന്ത്, സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ശ്രീലങ്ക: ലാഹിരു ഇഗലഗമാഗേ,നിഷാൻ ഫെർണാണ്ടോ,ദിനേശ് ചാന്ദിമൽ, കാമിന്ദു മെൻഡിസ്, ധനഞ്ജയ ഡിസിൽവ, നിരോഷൻ ഡിക്ക്‌വെല്ല, സൊനാൽ ദിനുഷ, പ്രഭാത് ജയസൂര്യ,രമേഷ് മെൻഡിസ്,അസിത ഫെർണാണ്ടോ,ലാഹിരു കുമാര.

600

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അറുനൂറാമത് ടെസ്റ്റ് മത്സരത്തിനാണ് ഇന്ന് ഗാളിൽ വേദിയൊരുങ്ങുന്നത്. ഓസ്ട്രേലിയയ്ക്കും ഇംഗ്ളണ്ടിനും ശേഷം ഈ നാഴികക്കല്ല് താണ്ടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.

അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുകയാണ് ഇന്ത്യയുടെ മുന്നിലുള്ള ആദ്യ ലക്ഷ്യം. അതിന് ഓരോ പരമ്പരയും നിർണായകമാണ്.അതിനുള്ള തയ്യാറെ‌ടുപ്പുകൾ നടത്തിയാണ് കളത്തിലിറങ്ങുക. - ശുഭ്മാൻ ഗിൽ, ഇന്ത്യൻ ക്യാപ്ടൻ.

രാവിലെ പത്തുമണി മുതൽ സോണി സ്പോർട്‌സ് ചാനലിലും സോണി ലിവിലും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, SPORTS, TESTCRICKET, INDIA VS SRI LANKA TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360