
ഇന്ത്യൻ കാൽപ്പന്തുചരിത്രത്തിൽ ബ്രസീലിയൻ മുദ്ര പതിഞ്ഞത് നാലുഗോളുകളുടെ രൂപത്തിൽ. കൊൽക്കത്തയിൽ ഇന്നലെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് ബ്രസീൽ ജയിച്ചുകയറിയെങ്കിലും ഇന്ത്യൻ ആരാധകർക്ക് നിരാശയില്ല. അഞ്ചു ലോകകപ്പുകൾ നേടിയ, ലോകറാങ്കിംഗിലെ ആറാം സ്ഥാനക്കാർക്കെതിരെ 138-ാം പടവിൽ നിൽക്കുന്ന ഇന്ത്യ നാലല്ലേ വഴങ്ങിയുള്ളൂ എന്ന ആശ്വാസം. ബ്രസീലിനായി ആദ്യപകുതിയിൽ എസ്റ്റേവോയും പെഡ്രോയും വലകുലുക്കിയപ്പോൾ രണ്ടാം പകുതിയിൽ രണ്ടുഗോളുകളും നേടിയത് ലിനോയാണ്.
28-ാം മിനിട്ടിൽ എസ്റ്റേവോയുടേയും 42-ാം മിനിട്ടിൽ പെഡ്രോയുടേയും ഷോട്ടുകൾ ഇന്ത്യൻ ക്യാപ്ടൻ കൂടിയായ ഗോളി ഗുർപ്രീതിന്റെ കൈയിലൂടെയാണ് വലയിലേക്ക് കയറിയത്. രണ്ടാം പകുതിയിൽ ഗോളിയെ മാറ്റിയിട്ടും കഥ മാറിയില്ല. 58-ാം മിനിട്ടിലും 90+5-ാം മിനിട്ടിലുമായി ലിനോ നിറയൊഴിച്ചു. സ്ട്രൈക്കർമാരായ മൻപ്രീതും റയാൻ വില്യംസും ഇടയ്ക്കിടെ ബ്രസീലിയൻ പ്രതിരോധത്തിൽ വിള്ളലുകൾ വീഴ്ത്തിനടത്തിയ മിന്നൊലൊളികൾ ഗാലറിയെ ആവേശം കൊള്ളിച്ചു.
മലയാളികളായ സഹൽ, ആഷിഖ് കുരുണിയൻ, ബിജോയ് എന്നിവർ ആദ്യ ഇലവനിലും മുഹമ്മദ് സനാൻ പകരക്കാരനായും കളത്തിലെത്തി. ചൊവ്വാഴ്ച ഇതേവേദിയിൽ ഇന്ത്യ മറ്റൊരു മുൻ ലോകകപ്പ് ജേതാക്കളായ ഉറുഗ്വേയെ നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |