
ഈ ഏഷ്യൻ ഗെയിംസിൽ ഒരു മലയാളി സ്വർണം നേടുന്നത് കാണണമെന്നുള്ള കാത്തിരിപ്പിന് ഇന്നലെയാണ് വിരാമമായത്. ഫൈനലിൽ 19 റൺസിന് പാകിസ്ഥാനെ തോൽപ്പിച്ച് സ്വർണമണിഞ്ഞ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൽ നമ്മുടെ സഞ്ജു സാംസണുമുണ്ടായിരുന്നു. സഞ്ജു ഇന്നലെ പോഡിയത്തിൽ സ്വർണമണിഞ്ഞുനിന്നപ്പോൾ മറ്റൊരു മോഹം മനസിലേക്ക് കടന്നുവന്നു; ഒളിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ മലയാളിയായി സഞ്ജു മാറുന്നത്. മത്സരശേഷം സഞ്ജുവിനോട് അത് സൂചിപ്പിച്ചപ്പോൾ ദൈവം അനുഗ്രഹിച്ചാൽ നടക്കുമെന്ന ശുഭപ്രതീക്ഷയിലാണ് നമ്മുടെ മുത്ത്.
2028ലെ ലോസാഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റും മത്സരഇനമാണ്. 126 വർഷങ്ങൾക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്സിൽ മത്സര ഇനമാകുന്നത്. നിലവിലെ റാങ്കിംഗിൽ തുടരുകയാണെങ്കിൽ ഇന്ത്യയ്ക്ക് മത്സരിക്കാൻ കഴിയും. ആ ടീമിൽ സഞ്ജുവുണ്ടെങ്കിൽ കേരളത്തിലേക്ക് ഒരു ഒളിമ്പിക്സ് സ്വർണം എത്താൻ വഴിയുണ്ട്. ആ നിമിഷത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം. സഞ്ജുവിന്റെ അസാധാരണമികവാണല്ലോ നമുക്ക് കഴിഞ്ഞ ട്വന്റി-20 ലോകകപ്പ് നേടിത്തന്നത്.എന്നിട്ടും അടുത്തപരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരിൽ സഞ്ജുവിനെ തഴഞ്ഞ സെലക്ടർമാർ അത്തരം പണികൾ ആവർത്തിക്കാതിരുന്നാൽ മതിയായിരുന്നു.
ഇന്നലെ ഇന്ത്യയുടെ രണ്ട് സ്വർണനേട്ടങ്ങൾക്ക് സാക്ഷിയാകാൻ കഴിഞ്ഞു. ക്രിക്കറ്റ് വേദിയിൽ നിന്ന് ഓടിപ്പിടിച്ച് മലേഷ്യയുമായുള്ള പുരുഷ ഹോക്കി ഫൈനലിന് എത്തിയത് വെറുതേയായില്ല. ഇത്തവണ ഹോക്കിയിലും ക്രിക്കറ്റിലും കബഡിയിലും പുരുഷ-വനിതാ സ്വർണങ്ങൾ ഇന്ത്യയ്ക്കായിരുന്നു.തുടക്കത്തിൽ സ്വർണങ്ങളിൽ പിന്നാക്കംപോയെങ്കിലും ഇന്ത്യയുടെ ഇപ്പോഴത്തെ നില അഭിമാനം പകരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |