
കോഴിക്കോട്: പിറന്നാൾ മധുരത്തിന് പൊന്നിൻ തിളക്കവുമായി കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിലെ പ്ലസ്വൺ വിദ്യാർത്ഥിനി നമിത. പിറന്നാൾ ആശംസിക്കാൻ പരിശീലകൻ ഓടിയെത്തുമ്പോൾ നമിതയുടെ കഴുത്തിൽ തിളങ്ങിയത് ജാവലിനിലെ സ്വർണമെഡൽ. വയനാട് കൽപ്പറ്റക്കാരിയുടെ പിറന്നാൾ ആഘോഷത്തിന് സംസ്ഥാന സ്കൂൾ കായികമേളയിൽ ഇതിലും മികച്ചൊരു സമ്മാനം എന്തുണ്ടാകാൻ!.
പിറന്നാൾ ആഘോഷങ്ങൾ മാറ്റിവച്ച് ജൂനിയർ വിഭാഗത്തിൽ മത്സരത്തിനിറങ്ങിയ നമിതയുടെ ലക്ഷ്യം സ്വർണം മാത്രമായിരുന്നു. 32.47 മീറ്റർ എറിഞ്ഞ് എതിരാളികളെ പിന്നിലാക്കി സ്വർണം സ്വന്തമാക്കി.
കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ ഈ ഇനത്തിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന നമിത ഇത്തവണ സ്വർണം ലക്ഷ്യമിട്ടാണ് പരിശീലനം നടത്തിയത്. പരിശീലകൻ താലിബ്.ടിയുടെ നേതൃത്വത്തിൽ വയനാട് ജില്ലാ സ്പോർട്സ് അക്കാഡമിയിൽ നടത്തിയ കഠിനപരിശീലനമാണ് സുവർണനേട്ടത്തിന് പിന്നിലെന്ന് നമിത പറയുന്നു.
സ്വർണം കഴുത്തിലണിഞ്ഞതിന്റെ സന്തോഷത്തിനൊപ്പം കൂട്ടുകാർക്കൊപ്പം പിറന്നാൾ ലളിതമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നമിത. കോഴിക്കോട് തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ വിസ്മയ കെ.എസിനാണ് വെള്ളി. കൊല്ലം അഞ്ചാലുമൂട് ഹയർ സെക്കൻഡറി സ്കൂളിലെ അഭിഷയ്ക്കാണ് വെങ്കലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |