
അത്ലറ്റിക്സിന്റെ ആദ്യ ദിനം പാലക്കാടിന്റെ മുന്നേറ്റം. പിന്നാലെ മലപ്പുറം
കോഴിക്കോട്: എൻ.ഐ.ടി മൈതാനത്തെ ത്രസിപ്പിച്ച് സംസ്ഥാന സ്കൂൾ കായികമേളയിലെ അത്ലറ്റിക്സ് പോരാട്ടങ്ങൾക്ക് തുടക്കമായി. ആദ്യ ദിനത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 4 സ്വർണവും 2 വെള്ളിയും 3 വെങ്കലവുമുൾപ്പെടെ 29 പോയിന്റുമായി ജില്ലകളിൽ പാലക്കാടാണ് മുന്നിൽ. 3 വീതം സ്വർണവും വെള്ളിയും 2 വെങ്കലവുമുൾപ്പെടെ 26 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം തൊട്ടുപിന്നാലെയുണ്ട്, 1 സ്വർണവും 2 വീതം വെള്ളിയും വെങ്കലവുമായി 13 പോയിന്റോടെ തിരുവനന്തപുരമാണ് മൂന്നാംസ്ഥാനത്ത്.
സ്കൂളുകളിൽ വിസ്മയ പ്രകടനം നടത്തി 1 വീതം സ്വർണവും വെള്ളിയും വെങ്കലവുമുൾപ്പെടെ 9 പോയിന്റുമായി സെന്റ് ജോസഫ്സ് ജി.എച്ച്.എസ്.എസ് ആലപ്പുഴയാണ് ഒന്നാമത്. 1 വീതം സ്വർണവും വെള്ളിയും ഉൾപ്പെടെ 8 പോയിന്റുമായി കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ (മലപ്പുറം) ആണ് രണ്ടാമത്. ഇതേ പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്താണ് (കാസർകോട്) മൂന്നാമത്. 7 പോയിന്റുള്ള പാലക്കാട് പറളി എച്ച്.എസ് നാലാമതും നിലവിലെ ചാമ്പ്യന്മാരായ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി (മലപ്പുറം) 6 പോയിന്റോടെ അഞ്ചാമതുമാണ്.
ഒരു റെക്കാഡ്
എൻ.ഐ.ടിയിലെ പുത്തൻ ട്രാക്കിൽ ഇന്നലെ പിറന്നത് ഒരു മീറ്റ് റെക്കാഡ് മാത്രമാണ്. ജൂനിയർ ആൺകുട്ടികളുടെ 400മീറ്ററിൽ തിരുവനന്തപുരം ജി.വി രാജയിലെ ശ്രീഹരി കരിക്കൻ ആണ് റെക്കാഡ് കുറിച്ചത്.
വേഗ താരത്തെ ഇന്നറിയാം
അത്ലറ്റിക്സിലെ ഗ്ലാമർ ഇനമായ 100 മീറ്റർ പോരാട്ടങ്ങൾ ഇന്ന് നടക്കും. രാത്രി 7ന് തുടങ്ങുന്ന 100 മീറ്റർ മത്സരങ്ങൾ ഉൾപ്പെടെ ഇന്ന് 19 ഫൈനലുകളാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |