SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.10 AM IST

ട്വന്റി-20 സെഞ്ച്വറികളിൽ റെക്കാഡ്; കൊഹ്‌ലിയെ മറികടന്ന് അഭിഷേക്

abhishek-vaibhav
അഭിഷേക് ശർമ്മ,​ വൈഭവ് സുര്യവംശി

വെല്ലിംഗ്ടൺ: ട്വന്റി-20 ക്രിക്കറ്റിൽ സെഞ്ച്വറികളുടെ എണ്ണത്തിൽ വിരാട് കൊഹ്‌ലിയെ മറികടന്ന് ഇന്ത്യൻ താരം അഭിഷേക് ശർമ്മ. ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി-20യിൽ വെറും 38 പന്തിൽ 113 റൺസ് അടിച്ചുകൂട്ടിയാണ് അഭിഷേക് ഈ നേട്ടം സ്വന്തമാക്കിയത്. ഒൻപത് ഫോറും 11 സിക്സും ഉൾപ്പെട്ട ഇന്നിംഗ്സിൽ 297.37 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇതോടെ അഭിഷേകിന്റെ ആകെ ട്വന്റി-20 സെഞ്ച്വറികളുടെ എണ്ണം 11 ആയി. കൊഹ്‌ലിയുടെ പേരിലുള്ള 10 സെഞ്ച്വറികളുടെ റെക്കാഡാണ് താരം മറികടന്നത്. ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ (22), പാകിസ്ഥാന്റെ ബാബർ അസം (13) എന്നിവർക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് അഭിഷേക്.


ട്വന്റി-20 രാജ്യാന്തര മത്സരങ്ങളിൽ അഭിഷേകിന്റെ സെഞ്ച്വറികളുടെ എണ്ണം നാലായി. ഈ നേട്ടത്തോടെ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് എന്നിവർക്കൊപ്പമെത്തി. ട്വന്റി-20 രാജ്യാന്തരത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ റെക്കാഡ് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിന്റെ പേരിലാണ്. അഞ്ച് സെഞ്ച്വറികളാണ് മാക്സ്‌വെല്ലിനുള്ളത്.

70 ട്വന്റി-20 രാജ്യാന്തര മത്സരങ്ങളിൽനിന്ന് 69 ഇന്നിംഗ്സുകളിലായി 2,240 റൺസാണ് അഭിഷേക് നേടിയിട്ടുള്ളത്. 33.43 ആണ് ബാറ്റിംഗ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് 196.83. നാലു സെഞ്ച്വറികൾക്കൊപ്പം 14 അർദ്ധസെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. 135 റൺസാണ് ഉയർന്ന സ്‌കോർ.


ഈ വർഷം മാത്രം 37 ട്വന്റി-20 രാജ്യാന്തര മത്സരങ്ങളിൽനിന്ന് അഭിഷേക് 1,125 റൺസ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും എട്ട് അർദ്ധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ട്വന്റി-20 രാജ്യാന്തര റൺസ് നേടിയ ഇന്ത്യൻ താരമെന്ന സൂര്യകുമാർ യാദവിന്റെ റെക്കാഡ് മറികടക്കാൻ അഭിഷേകിന് ഇനി 40 റൺസ് കൂടി മതി. 2022ൽ സൂര്യകുമാർ നേടിയ 1,164 റൺസാണ് നിലവിലെ റെക്കാഡ്.


ട്വന്റി-20യിൽ പത്ത് സിക്‌സോ അതിലധികമോ നേടുന്നത് അഭിഷേകിന്റെ കരിയറിൽ ഇത് ഏഴാം തവണയാണ്. 18 തവണ ഈ നേട്ടം കൈവരിച്ച ക്രിസ് ഗെയ്ൽ മാത്രമാണ് ഇക്കാര്യത്തിൽ അഭിഷേകിന് മുന്നിലുള്ളത്. ഈ നേട്ടം അഭിഷേക് മൂന്ന് തവണ സ്വന്തമാക്കിയപ്പോൾ ഗെയ്‌ലിന് രണ്ട് തവണ മാത്രമാണുള്ളത്. ഓസ്ട്രിയയുടെ കരൺബീർ സിംഗ് അഞ്ച് തവണ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ട്വന്റി-20യിൽ 150 സിക്സുകൾ പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യൻ താരവുമായി അഭിഷേക്. താരത്തിന്റെ ആകെ സിക്സുകളുടെ എണ്ണം 158 ആയി. സൂര്യകുമാർ യാദവ് (179), രോഹിത് ശർമ്മ (205) എന്നിവരാണ് അഭിഷേകിന് മുന്നിലുള്ളത്.

English Summary

In the 3rd T20 against New Zealand in Wellington, Indian star Abhishek Sharma smashed 113 off just 38 balls (9 fours, 11 sixes) at a strike rate of 297.37.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHISHEK SHARMA, LATESTNEWS, SPORTS, VIRAT KOHLI, T20 CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360