മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നായക മാറ്റവുമായി ബന്ധപ്പെട്ട് പുതിയ ചർച്ചയ്ക്ക് വഴിതുറന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. രോഹിത് ശർമ്മയെ ഏകദിന ടീമിന്റെയും മുംബയ് ഇന്ത്യൻസിന്റെയും നായകനായി തുടരാൻ അനുവദിക്കണമായിരുന്നുവെന്നാണ് ജാഫറിന്റെ അഭിപ്രായം. ഫിറ്റ്നസും ഭാവിയെയും സംബന്ധിച്ച പലവിധ ചർച്ചകൾ ഉയർന്നിട്ടും ബാറ്റിംഗിൽ മികച്ച പ്രകടനം തുടരുകയാണ് രോഹിത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ ടീമിലും ഐ.പി.എൽ ഫ്രാഞ്ചൈസിയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്.
കഴിഞ്ഞ വർഷം ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് ശുഭ്മാൻ ഗിൽ ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. അതേസമയം, 2024 ഐ.പി.എൽ സീസണിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യ മുംബയ് ഇന്ത്യൻസിന്റെ ക്യാപ്ടനായി. ഈ രണ്ടു തീരുമാനങ്ങളിലാണ് വസീം ജാഫർ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. 2027 ഏകദിന ലോകകപ്പ് വരെ രോഹിത്തിനെ നായകനായി തുടരാൻ അനുവദിക്കണമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
'രോഹിത്തിനെ ഏകദിന ക്യാപ്ടനായി നിലനിറുത്തണമായിരുന്നു. മുംബയ് ഇന്ത്യൻസിന്റെയും നായകനായി അദ്ദേഹം തുടരേണ്ടതായിരുന്നു. ലോകകപ്പിന് ശേഷം ശുഭ്മാൻ ഗില്ലിന് നായകസ്ഥാനം കൈമാറാമായിരുന്നു,' ജാഫർ പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രോഹിത്തിന്റെ മികച്ച പ്രകടനത്തിന് പിന്നാലെയായിരുന്നു ജാഫറിന്റെ പ്രതികരണം. മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് 225 റൺസാണ് രോഹിത് നേടിയത്. ഒരു സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയും നേടിയ രോഹിത് 101 ആയിരുന്നു ഉയർന്ന സ്‌കോർ . പരമ്പരയിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺ നേടിയവരിൽ രണ്ടാം സ്ഥാനവും അദ്ദേഹം നേടി.
നായകസ്ഥാനത്ത് നിന്ന് മാറിയെങ്കിലും ബാറ്റിംഗിലെ മികവിന് കുറവൊന്നുമില്ലെന്ന് രോഹിത് വീണ്ടും തെളിയിക്കുകയാണ്. താരം ഇതേ മികവ് തുടർന്നാൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രോഹിത്തിന്റെ സ്ഥാനം ഉറപ്പാകുമെന്നാണ് വിലയിരുത്തൽ.
Former Indian cricketer Wasim Jaffer criticized the premature removal of Rohit Sharma from captaincy roles for both the Indian ODI team and Mumbai Indians. Jaffer argued Sharma should have continued leading until the 2027 ODI World Cup and for Mumbai Indians, citing Sharma's consistent strong batting performance despite leadership changes and fitness discussions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |