SignIn
Kerala Kaumudi Online
Sunday, 07 June 2026 11.37 AM IST

രണ്ട് ഐപിഎൽ കിരീടങ്ങൾ ഉയർത്തിയിട്ടും അവഗണന; രജത് പടിദാറിന് ഇത്തവണയും ദേശീയ ടീമിൽ ഇടമില്ല

-rajat-patidar-

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ അർഹരായവർ പോലും പലപ്പോഴും തഴയപ്പെടുന്നത് പതിവായിരിക്കുന്നു. അതിൽ ആരാധകരിൽ നിന്നും ഏറ്റവും കൂടുതലായി ഉയർന്നു കേൾക്കുന്ന പേരാണ് മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, സർഫറാസ് ഖാൻ എന്നീ താരങ്ങൾ.

ഇപ്പോഴിതാ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തുടർച്ചയായ രണ്ട് ഐപിഎൽ കിരീടങ്ങളിലേക്ക് (2025, 2026) നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് രജത് പടിദാർ. എന്നാൽ അദ്ദേഹത്തെ വീണ്ടും ഇന്ത്യൻ ട്വന്റി-20 ടീമിലേക്ക് പരിഗണിച്ചില്ല. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചപ്പോൾ പടിദാറിന്റെ പേര് എവിടെയും ഉണ്ടായിരുന്നില്ല.

സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ പുതിയ ക്യാപ്ടനായും, യുവതാരം വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തി വൻ മാറ്റങ്ങളോടെയാണ് സെലക്ഷൻ കമ്മിറ്റി ഇന്നലെ 15അംഗ ടീമിനെ പ്രഖ്യാപിച്ചത്. എന്നാൽ, ആർസിബിക്കായി മിന്നും പ്രകടനം പുറത്തെടുത്ത് കപ്പ് നേടി കൊടുത്തിട്ടും ഇത്തവണയും പടിദാറിനെ സെലക്‌ടർമാർ പരിഗണിച്ചതേയില്ല. 15 അംഗ ടീമിൽ എല്ലാ മികച്ച കളിക്കാരെയും ഉൾപ്പെടുത്തുക അസാദ്ധ്യമാണെന്നായിരുന്നു ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ മറുപടി.

'ഞങ്ങൾ ഒരുപാട് കളിക്കാരെക്കുറിച്ച് ചർച്ച ചെയ്തു. നിലവിൽ തിരഞ്ഞെടുത്ത 15 പേരും ടീമിൽ ഇടം നേടാൻ അർഹതയുള്ളവരാണ്. ഇന്ത്യയിൽ മികച്ച പ്രതിഭകൾക്ക് ഒട്ടും ക്ഷാമമില്ല. ടീമിലേക്ക് നേരിട്ട് നടന്നു കയറാൻ ശേഷിയുള്ള ഒരുപാട് കളിക്കാർ പുറത്തുണ്ട്. എന്നാൽ ഇപ്പോൾ ടീമിലുള്ളവരും മികച്ച പ്രകടനമാണ് നടത്തുന്നത്. ഒരു നല്ല ടീമിനെയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ചില കളിക്കാർക്ക് അവസരം നഷ്ടമാകുക സ്വാഭാവികമാണ്. ഇപ്പോഴുള്ള ടീമിൽ ഞങ്ങൾ പൂർണമായും സംതൃപ്തരാണ്.'-അഗാർക്കർ കൂട്ടിച്ചേർത്തു.


മികച്ച റെക്കാഡുകൾ ഉണ്ടായിരുന്നിട്ടും മദ്ധ്യനിരയിലെ നാലും അഞ്ചും സ്ഥാനങ്ങളിലേക്ക് പടിദാറിന് പകരം തിലക് വർമ്മ, ശിവം ദുബെ എന്നിവരിൽ തന്നെ വിശ്വാസമർപ്പിക്കാനാണ് സെലക്ടർമാർ തീരുമാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SPORTS, RAJAT PATIDAR, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360