SignIn
Kerala Kaumudi Online
Monday, 06 July 2026 9.37 PM IST

'ഗാസയിൽ ഭരണം അവസാനിപ്പിക്കുന്നു'; പുതിയ പ്രഖ്യാപനവുമായി ഹമാസ്, നിരായുധീകരണത്തിൽ വ്യക്തതയില്ല

READ ENGLISH VERSION
hamas
ഹമാസ്

ഗാസ സിറ്റി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗാസയിൽ തുടരുന്ന ഭരണം അവസാനിപ്പിച്ച് ഹമാസ്. ഗാസയിലെ സർക്കാരിനെ പിരിച്ചുവിടാനും ഭരണം സ്വതന്ത്ര സമിതിക്ക് കൈമാറാനും തയ്യാറാണെന്ന് ഹമാസ് പ്രഖ്യാപിച്ചു. അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായാണ് ഹമാസിന്റെ പുതിയ നീക്കം.

ഹമാസിന്റെ ഗവൺമെന്റ് മീഡിയ ഓഫീസ് മേധാവി ഇസ്‌മായിൽ അൽ-ത്വാബ്‌തയാണ് പ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗാസയുടെ ഭരണം ഏറ്റെടുക്കാൻ രൂപീകരിച്ചിട്ടുള്ള നാഷണൽ കമ്മിറ്രി ഫോർ ദി അഡ്‌മിനിസ്‌ട്രേഷൻ ഒഫ് ഗാസ എന്ന സാങ്കേതിക വിദഗ്‌ദ്ധരുടെ സമിതിക്ക് ഭരണച്ചുമതല കൈമാറാൻ ഹമാസ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. 2025 ഒക്‌ടോബറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മദ്ധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും തമ്മിൽ ഒപ്പിട്ട വെടിനിർത്തൽ കരാറിന്റെയും സമാധാന ഉടമ്പടിയുടെ ഭാഗമായാണ് ഈ സമിതി രൂപീകരിച്ചത്.

2006-ലെ തിരഞ്ഞെടുപ്പിന് ശേഷം ഏതാണ്ട് 20 വർഷമായി ഗാസയുടെ ഭരണം ഹമാസിന്റെ കൈകളിലായിരുന്നു. പുതിയ ഭരണമാറ്റത്തോടെ ഗാസയിലെ ഭരണപരമായ ചുമതലകളിൽനിന്ന് ഹമാസ് ഔദ്യോഗികമായി പിന്മാറും.

അതേസമയം, വെ‌ടിനിർത്തൽ കരാറിന്റെ പ്രധാന വ്യവസ്ഥയായ നിരായുധീകരണത്തെക്കുറിച്ച് ഹമാസ് പ്രതികരിക്കുകയോ ആയുധങ്ങൾ കൈമാറണമെന്ന ആവശ്യം അംഗീകരിക്കുകയോ ചെയ്‌തിട്ടില്ല. ഇക്കാരണത്താൽ അധികാര കൈമാറ്റം എപ്പോഴുണ്ടാകും എന്നതിനെക്കുറിച്ചും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAMAS, GAZA, WAR, CEASEFIRE, ISRAEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360