കാഠ്‌മണ്ഡു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കാൻ പോകുന്നവർക്ക് ഒട്ടും ആശാവഹമായ വാർത്തയല്ല പുറത്തുവരുന്നത്. ഏറെ ഉയരമുള്ള പർവതങ്ങൾ നിറഞ്ഞ നേപ്പാളിൽ ഇപ്പോൾ അത്തരം പ്രദേശങ്ങളിൽ വിഷപാമ്പുകളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നു എന്നാണ് വാർത്തകൾ. ഇക്കാരണത്താൽ പ്രദേശത്തെ ആശുപത്രികളിൽ ഇവയെ പ്രതിരോധിക്കാൻ ആന്റി വെനം സൂക്ഷിക്കാനൊരുങ്ങുകയാണ്. കൃത്യമായി ആന്റിവെനം കിട്ടാൻ ആശുപത്രികൾ പലതും കഷ്‌ടപ്പെടുകയാണ്. നേപ്പാളിലെ പർവതമേഖലയിലെ ആശുപത്രികൾ മുൻപൊരിക്കലും ഉണ്ടാകാത്ത തരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാൻ തയ്യാറാകുകയാണ്.
മഞ്ഞുമൂടിക്കിടന്ന നേപ്പാളിലെ പർവതനിരകളിൽ കാലാവസ്ഥാ മാറ്റംകൊണ്ടുള്ള ചൂടേറിയ അന്തരീക്ഷം പാമ്പുകളെ ആകർഷിച്ചു. രാജവെമ്പാലയടക്കം വിഷപാമ്പുകളുടെ സാന്നിദ്ധ്യം ഇവിടെ ഇപ്പോഴുണ്ട്. ഇത് രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളെയും പർവതാരോഹകരെയും ഒരുപോലെ വിഷമിപ്പിക്കുന്നു. എവറസ്റ്റ് പർവ്വതം നിലകൊള്ളുന്ന സോലുകുംഫു ജില്ലയിലെ സോടാംഗ് പ്രൈമറി ആശുപത്രിയിൽ നിന്നും കൂടുതൽ ആന്റിവെനത്തിന് സർക്കാരിനോട് അപേക്ഷവന്നുകഴിഞ്ഞു. ഏപ്രിൽ 14ന് ശേഷം മുപ്പത് കേസുകൾ പാമ്പുകടിയേറ്റ് എത്തിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. 6562 അടി ഉയരത്തിലുള്ള ആശുപത്രിയാണ് ഇത് എന്നതാണ് പ്രധാനകാര്യം.
ആഗോളതാപനം കാരണമാണ് ഇത്തരത്തിൽ പാമ്പുകൾ ഉയർന്ന പ്രദേശങ്ങളിൽ വ്യാപകമാകുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. രാജവെമ്പാലയ്‌ക്ക് പുറമേ പെട്ടെന്ന് തിരിച്ചറിയാനാകാത്ത അണലിവർഗത്തിൽ പെട്ട കുഴിമണ്ഡലികൾ പോലുള്ളവയും ഇവിടെയെത്തി. രാജ്യത്ത് 80 ശതമാനത്തിലധികം പേരും പാമ്പുകടിയേറ്റ് മരിക്കുന്നത് ആരോഗ്യകേന്ദ്രങ്ങളിൽ എത്തുന്നതിന് മുൻപാണ് എന്നതും ഗൗരവകരമായ കാര്യമാണെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. 2030 ആകുമ്പോഴേക്കും പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം നേർപകുതിയാക്കുക എന്നതാണ് നേപ്പാൾ സർക്കാരിന്റെ ലക്ഷ്യം, ഇത് ഐക്യരാഷ്‌ട്ര സംഘടന പുറത്തുവിടുന്ന പാമ്പുകടിയേറ്റുള്ള മരണനിരക്ക് കണക്കുകൂട്ടിയുള്ള ലക്ഷ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |