ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്രീക്-ഇ- ഇൻസാഫ് പാർട്ടി സെപ്തംബർ 27ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന് മുന്നോടിയായി, രാജ്യതലസ്ഥാനത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പാക് സർക്കാർ. ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ടാണ് പി.ടി.ഐ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ചിനിടെയുണ്ടാകുന്ന പ്രതിഷേധത്തിൽ 'മാസ് കാഷ്വാലിറ്റി' വരാനിടയുള്ളതുകൊണ്ടാണ് ആശുപത്രികൾ സജ്ജമാകണമെന്ന് അധികൃതർ ഉത്തരവിട്ടത്.
മുൻകൂട്ടി നിശ്ചയിച്ച എല്ലാ ശസ്ത്രക്രിയകളും അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. തിങ്കളാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന രോഗികൾക്ക് നടപടികൾ വൈകുന്നതായി അധികൃതർ സന്ദേശം നൽകി. മെഡിക്കൽ, സപ്പോർട്ട് സ്റ്റാഫുകളുടെ എല്ലാ അവധികളും അടിയന്തരമായി റദ്ദാക്കി. നിലവിൽ അവധിയിലുള്ള ജീവനക്കാരോട് തിരികെ ജോലിയിൽ പ്രവേശിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ആശുപത്രിയിലെ തയ്യാറെടുപ്പുകൾ പി.ടി.ഐ പ്രക്ഷോഭത്തെ അടിച്ചമർത്താനാണെന്ന് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ലഭ്യമായ രേഖകളിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള നിർദ്ദേശങ്ങളാണുള്ളത്. അതേസമയം മാർച്ചിന് മുന്നോടിയായി ഇമ്രാൻ ഖാന്റെ കുടുംബാംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കുമെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.
ഇമ്രാൻ ഖാന്റെ സഹോദരിമാരായ അലീമ ഖാൻ, നുറീൻ നിയാസി, ഡോ. ഉസ്മ ഖാൻ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 24 മണിക്കൂറിനിടെ എട്ട് കുടുംബാംഗങ്ങളാണ് അറസ്റ്റിലായത്. കുട്ടികളെ പിന്നീട് വിട്ടയച്ചെങ്കിലും സഹോദരിമാർ കസ്റ്റഡിയിൽ തുടരുകയാണ്. പൊതുസുരക്ഷാ നിയമപ്രകാരം അലീമ ഖാനെ 30 ദിവസത്തെ കരുതൽ തടങ്കലിലാക്കിക്കൊണ്ട് ലാഹോർ ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിറക്കി. രാജ്യത്തുടനീളം പി.ടി.ഐ ഓഫീസുകൾ റെയ്ഡ് ചെയ്യുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയിലും ജയിൽ സാഹചര്യങ്ങളിലും കുടുംബവും അനുയായികളും കടുത്ത ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഡോക്ടറായ ഫൈസൽ സുൽത്താനെ കഴിഞ്ഞ ആഴ്ചകളിൽ ഇമ്രാൻ ഖാനെ കാണാൻ അനുവദിച്ചിരുന്നില്ല. 27ലെ മാർച്ച് പാക് സർക്കാരിന് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Pakistan has issued a high alert to Islamabad hospitals, preparing for potential mass casualties ahead of a Pakistan Tehreek-e-Insaf (PTI) protest on September 27 demanding former Prime Minister Imran Khan's release. Hospitals are postponing surgeries and recalling staff. Authorities have also arrested Khan's family members and raided PTI offices amidst the escalating tensions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |