
ടെൽഅവീവ്: ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് കടുത്ത പ്രതികരണവുമായി ഇറാൻ. വടക്കൻ ഇസ്രയേലിൽ 10 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തത്. ഞായറാഴ്‌ച ലെബനനിലെ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ ഇറാൻ ആക്രമണത്തിൽ കടുത്ത തിരിച്ചടി ഇസ്രയേൽ നൽകി.
മദ്ധ്യ, പടിഞ്ഞാറൻ ഇറാനിൽ ശക്തമായ ആക്രമണം നടത്തിയെന്ന് ഇസ്രയേലി പ്രതിരോധ സേന അറിയിച്ചു. ഇറാൻ ദേശീയ മാദ്ധ്യമമായ മെഹ്ർ ന്യൂസ് നൽകുന്ന വിവരമനുസരിച്ച് രാജ്യതലസ്ഥാനമായ ടെഹ്‌റാനിലും മറ്റ് നഗരങ്ങളായ തബ്രിസിലും ഇസ്‌ഫഹാനിലും വൻ സ്‌ഫോടനശബ്‌ദങ്ങൾ കേട്ടു. എത്രത്തോളം നാശനഷ്‌ടമുണ്ടായി എന്നതിൽ വ്യക്തതയില്ല.
ഏപ്രിൽ മാസത്തിൽ വെടിനിർത്തൽ ഏർപ്പെടുത്തിയശേഷം ഇതാദ്യമായാണ് ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്നത്. ഇറാഖിന് നേരെയും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. അതേസമയം തങ്ങൾ ഭീകരതാവളങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വാദം. വടക്കൻ ഇറാഖിലാണ് മിസൈൽ ആക്രമണം നടന്നത്. ഇറാഖിലെ കുർദ്ദിഷ് മേഖലയായ സുലൈമാനിയയിൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് ആക്രമണം നടത്തിയെന്നാണ് ഇറാൻ അറിയിക്കുന്നത്.
ഇറാൻ ചെയ്‌തത് വലിയ തെറ്റാണെന്ന് ഇസ്രയേൽ പ്രതികരിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ തിരിച്ചടിക്കരുതെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ശക്തമായ ആക്രമണം ഉണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |