വാഷിംഗ്‌ടൺ: വെടിനിർത്തൽ ചർച്ചകൾ താളം തെറ്റിക്കാൻ ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാൻ ഇസ്രയേൽ ശ്രമം നടത്തുന്നതായി അമേരിക്ക. ഇക്കാര്യത്തിൽ ഇറാന് മുന്നറിയിപ്പ് നൽകാൻ മിഡിൽ ഈസ്റ്റിനോടാവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്ക. ഏപ്രിലിലാണ് ഇറാൻ - യുഎസ് യുദ്ധത്തിൽ വെടിനിർത്തൽ ചർച്ചകളാരംഭിച്ചത്.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ച്ചി, പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഘലീബാഫ് എന്നിവരെയാണ് ഇസ്രയേൽ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇവരെ വധിക്കാനുള്ള നീക്കം വെടിനിർത്തൽ ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് അമേരിക്ക ചൂണ്ടിക്കാട്ടുന്നത്.
ഫെബ്രുവരി 28ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ വധത്തോടെയാണ് ഇറാൻ-ഇസ്രയേൽ യുദ്ധം ആരംഭിച്ചത്. അമേരിക്ക ഇറാൻ നാവിക-മിസൈൽ കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിടുമ്പോൾ ഇസ്രയേൽ ഇറാന്റെ ഉന്നത നേതാക്കളെയാണ് ലക്ഷ്യമിടുന്നത്. ഇതിൽ വെടിനിർത്തൽ ചർച്ചയിൽ മുൻപന്തിയിൽ നിന്ന ഇറാന്റെ ദേശീയ സുരക്ഷാ ഉന്നത ഉദ്യോഗസ്ഥനായ അലി ലാരിജാനി, മുൻ വിദേശകാര്യ മന്ത്രി കമൽ ഖരാസി എന്നിവരും ഉൾപ്പെടുന്നു.
2025 മുതൽ രണ്ടുതവണ ഘലീബാഫ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞവർഷം നടന്ന 12 ദിന യുദ്ധത്തിനിടെയായിരുന്നു ഇതിലാദ്യം. ഇക്കൊല്ലം യുദ്ധം ആരംഭിച്ചതിനുശേഷമായിരുന്നു രണ്ടാമത്തേത്.ആക്രമണത്തിനിടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇറാനിയൻ വ്യോമാതിർത്തിയിൽ വച്ച് ഘലീബാഫ് യാത്ര ചെയ്തിരുന്ന വിമാനത്തെ ഇസ്രയേൽ ലക്ഷ്യം വച്ചതായി ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് വിമാനം പാക് അതിർത്തിക്ക് സമീപമുള്ള മഷദിൽ അടിയന്തരമായി ഇറക്കുകയും ഘലീബാഫ് റോഡുമാർഗം ഇറാനിലേയ്ക്ക് പോവുകയുമാണ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |