
വാഷിംഗ്‌ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യൂറോപ്പിൽ നടക്കുന്ന ഒത്തുതീർപ്പ് ചർച്ചയിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പങ്കെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. ജോർജിയയിൽ നടന്ന റാലിക്കിടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ അമേരിക്കയുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചത്. പ്രഖ്യാപനം ട്രംപിന്റെ വഞ്ചനാപരമായ നീക്കമായിരിക്കാമെന്നും ഇറാൻ ഉന്നതർ ചൂണ്ടിക്കാട്ടി.
'ഇറാനുമായുള്ള യുദ്ധത്തിൽ വലിയ ഒത്തുതീർപ്പിലെത്തി. ഒപ്പിട്ടാലുടൻ ഹോർമുസ് തുറക്കും. ഒപ്പിടുന്നത് ഈ ആഴ്‌ചതന്നെ യൂറോപ്പിൽ നടക്കും. കരാർ ഒപ്പിടുന്നതിൽ ജെ ഡി വാൻസ് പങ്കെടുക്കും. ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള മൊജ്‌താബ ഖമനേയിയുടെ ഉത്തരവും 'അതേ' എന്നാണെന്ന് പ്രതീക്ഷിക്കുന്നു'- എന്നാണ് മാദ്ധ്യമങ്ങളോട് ട്രംപ് വ്യക്തമാക്കിയത്.
അതേസമയം, കരാറിന്റെ ഭൂരിഭാഗവും അന്തിമമാക്കിയെങ്കിലും ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേൽ ബഗായ് പറഞ്ഞതായി ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'വിഷയത്തിൽ ഞങ്ങൾ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ബന്ധപ്പെട്ടവർ അവലോകനം ചെയ്യുകയാണ്'- എന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോർട്ടിലുണ്ട്.
ഇന്ന് പുലർച്ചെ ഇറാനിൽ നടത്താനിരുന്ന ആക്രമണം ട്രംപ് റദ്ദാക്കിയിരുന്നു. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും വെനസ്വേലയ്ക്ക് സമാനമായി ഇറാന്റെ എണ്ണയുടെ പൂർണ നിയന്ത്രണം കൈയടക്കുമെന്നും ഭീഷണി മുഴക്കി പിന്നാലെയായിരുന്നു നിലപാട് മാറ്റം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |